National
ഇമെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി; മംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി പോലീസ്
ബുധനാഴ്ച രാവിലെ സന്ദേശം ശ്രദ്ധയില്‍പെട്ട വിമാനത്താവളത്തിലെ അധികൃതര്‍ ബജ്പെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മംഗളൂരു | മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് ബോംബ് ഭീഷണിയുമായി ഇമെയില്‍ സന്ദേശം. സ്‌ഫോടകവസ്തുക്കള്‍ വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പോലീസ് പരിശോധന നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ഫണിംഗ്’ എന്ന തീവ്രവാദ ഗ്രൂപ്പാണെന്ന് പറഞ്ഞാണ് വിമാനത്താവള അധികൃതര്‍ക്ക് xonocikonoci10@beeble.com എന്ന ഇമെയിലില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 11.59ന് സന്ദേശം ലഭിച്ചത്. ബുധനാഴ്ച രാവിലെ സന്ദേശം ശ്രദ്ധയില്‍പെട്ട വിമാനത്താവള അധികൃതര്‍ ബജ്പെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
‘നിങ്ങളുടെ ഒരു വിമാനത്തിലും വിമാനത്താവളത്തിനകത്തുമായി സ്ഫോടകവസ്തു ഒളിപ്പിച്ചുവച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ അത് പൊട്ടിത്തെറിക്കും. നിങ്ങളെയെല്ലാം കൊലപ്പെടുത്തും. ഞങ്ങള്‍ ഫണിംഗ് എന്ന ഭീകര സംഘത്തില്‍ പെട്ടവരാണ്.’-എന്നിങ്ങനെയായിരുന്നു ഇമെയില്‍ സന്ദേശം.
്ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്ത് സുരക്ഷ ശക്തമാക്കിയതായി സിറ്റി പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. ബജ്പെ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



