Connect with us

International

കീവില്‍ ഇന്നും സഫോടനം; മേയറെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയി; ഉപരോധം ശക്തമാക്കി യുഎസ്

റഷ്യയിലേക്കും ബെലാറസിലേക്കും യുഎസ് ആഡംബര വസ്തുക്കളുടെ കയറ്റുമതിയില്‍ വാണിജ്യ വകുപ്പ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Published

|

Last Updated

കീവ് | റഷ്യയുടെ യുക്രൈന്‍ അധിനിവേശം മൂന്നാഴ്ച പിന്നിടുമ്പോഴും ആക്രമണം ശക്തമായി തുടരുന്നു. യുക്രൈന്‍ തലസ്ഥാന നഗരിയായ കീവില്‍ ഇന്നും സ്‌ഫോടന ശബ്ദം കേട്ടതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനത്തിന് തൊട്ടടുത്ത് നിലയുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

യുക്രേനിയന്‍ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് പോരാട്ടം തുടരുകയാണ്. വടക്കുഭാഗത്തുള്ള പ്രദേശമാണ് ഏറ്റവും അപകടകാരിയായി കണക്കാക്കുന്നതെന്ന് സിറ്റി ഭരണകൂടം പറയുന്നു. നഗരത്തിന്റെ കിഴക്ക്, ഡൈനിപ്പര്‍ നദിക്ക് കുറുകെ, ബ്രോവ്രിയിലും പോരാട്ടം ശക്തമായി.

അതിനിടെ, റഷ്യന്‍ സൈന്യം മേയറെ തട്ടിക്കൊണ്ടുപോയതായി യുക്രൈന്‍ ആരോപിച്ചു. മെലിറ്റോപോളിന്റെ മേയര്‍ ഇവാന്‍ ഫെഡോറോവിനെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകി ഒരു വീഡിയോ സന്ദേശത്തില്‍, സെലന്‍സ്‌കി തട്ടിക്കൊണ്ടുപോകല്‍ സ്ഥിരീകരിച്ചു. ഫെഡോറോവ് നഗരം പിടിച്ചടക്കിയതായി അദ്ദേഹം പറഞ്ഞു.

റഷ്യക്കെതിരെ അമേരിക്ക നിരന്തരം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. റഷ്യയിലേക്കും ബെലാറസിലേക്കും യുഎസ് ആഡംബര വസ്തുക്കളുടെ കയറ്റുമതിയില്‍ വാണിജ്യ വകുപ്പ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിദേശകാര്യ വക്താവ് നെഡ് പറഞ്ഞു. യുക്രൈനുമായി പ്രതിബദ്ധതയോടെയും ഐക്യത്തോടെയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പുടിന്‍ തന്റെ ഗതി മാറ്റുകയും ക്രൂരമായ ആക്രമണം മയപ്പെടുത്തുകയും ചെയ്യുന്നതുവരെ ഉപരോധങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി.

റഷ്യയ്ക്ക് നല്‍കിയിരുന്ന ‘മോസ്റ്റ് ഫേവേര്‍ഡ് കണ്‍ട്രി’ (എംഎഫ്എന്‍) പദവി പിന്‍വലിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ജി-7 ഗ്രൂപ്പ് രാജ്യങ്ങളും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. മോസ്റ്റ് ഫേവേര്‍ഡ് കണ്‍ട്രി പദവി പിന്‍വലിച്ചാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് കനത്ത തീരുവ ചുമത്താന്‍ യുഎസിനും സഖ്യകക്ഷികള്‍ക്കും കഴിയും. ഈ പുതിയ തീരുമാനത്തിലൂടെ, റഷ്യയുടെ സമ്പദ്വ്യവസ്ഥയില്‍ കനത്ത പ്രഹരം ഏല്‍പ്പിക്കുകയാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ലക്ഷ്യം.

 

Latest