Connect with us

National

മധ്യപ്രദേശിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; എട്ട് മരണം; അമ്പതിലധികം പേർക്ക് പരുക്ക്

ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ സംഭവിച്ചതായി ദൃക്സാക്ഷികൾ

Published

|

Last Updated

ഹർദ | മധ്യപ്രദേശിലെ ഹർദ ജില്ലയിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. എട്ട് പേർ വെന്തുമരിച്ചു. അമ്പതിലധികം പേർക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.  ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. സ്ഫോടന ശബ്ദം കേട്ട് ഒരു വേള ഭൂചലനം സംഭവിച്ചോ എന്ന് പോലും സംശയിച്ചതായും ആളുകൾ പറയുന്നു.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം സഹായധനവും പ്രഖ്യാപിച്ചു. പരിക്കേറ്റർക്ക് 50,000 രൂപ വീതവും നൽകും.

Latest