National
ത്രിപുരയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കുനേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം
ആക്രമണം നടത്തിയവരില്‍ ചില ബിജെപി കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നുണ്ട്.

അഗര്‍ത്തല| ത്രിപുര വനിതാ കമ്മീഷന്‍ അധ്യക്ഷ ബര്‍ണാലി ഗോസ്വാമിയ്ക്ക് നേരെ ആക്രമണം. ധാംനഗറില്‍ വെച്ച് ഭാരതീയ ജനതാ പാര്‍ട്ടി പ്രവര്‍ത്തകരാണ് അവരെ മര്‍ദിച്ചത്. ആക്രമണം നടത്തിയവരില്‍ ചില ബിജെപി കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നുണ്ട്.
അയല്‍വാസിയെ കാണാന്‍ പോയപ്പോള്‍ ഇരുന്നൂറോളം സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് തന്നെ ആക്രമിക്കുകയായിരുന്നെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ബര്‍ണാലി പറഞ്ഞു. ആക്രമണത്തില്‍ എനിക്ക് പരിക്കേറ്റു. എന്റെ സാരിയും മറ്റു വസ്ത്രങ്ങളും അക്രമികള്‍ വലിച്ചുകീറി. പലതവണ ഫോണ്‍ വിളിച്ചിട്ടും പൊലീസും എന്നെ സഹായിച്ചില്ലെന്നും അവര്‍ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വനിതാ ബോഡി മേധാവി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയെ വിവരം അറിയിക്കുകയും ചെയ്തു. ബര്‍ണാലി ഗോസ്വാമിയുടെ കൂട്ടാളികളിലൊരാള്‍ക്കും അംഗരക്ഷകനും ആക്രമണത്തില്‍ പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി.
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബര്‍ണാലി ഗോസ്വാമിക്ക് ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബര്‍ണാലി, ധാംനഗര്‍ എംഎല്‍എയും ബി.ജെ.പി.യുടെ ബിശ്വ ബന്ധു സെന്നിനുമെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് ബിജെപി ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.