articles
ബി ജെ പിക്കേറ്റത് ഇരട്ട പ്രഹരം
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അവിടെ ഏതാണ്ട് ബി ജെ പി ജയിക്കുന്ന അവസ്ഥയായിരുന്നു. കാവിപാര്‍ട്ടി മഹാസംഭവമാണെന്ന അവസ്ഥക്ക് മാറ്റം വന്നുതുടങ്ങിയിരിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന പതിമൂന്ന് സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. അതും നേരിയ ഭൂരിപക്ഷത്തിന്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ നിയമസഭകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇരട്ട പ്രഹരമായി. ഏഴ് സംസ്ഥാനങ്ങളിലെ പതിമൂന്ന് നിയമസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റുകള്‍ ബി ജെ പിക്ക് നഷ്ടമായി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ഏതാണ്ടിടങ്ങളിലെല്ലാം ബി ജെ പി ജയിക്കുന്ന അവസ്ഥയായിരുന്നു. കാവിപാര്‍ട്ടി മഹാസംഭവമാണെന്ന അവസ്ഥക്ക് മാറ്റം വന്നുതുടങ്ങിയിരിക്കുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന പതിമൂന്ന് സീറ്റില്‍ രണ്ടിടത്ത് മാത്രമാണ് ബി ജെ പിക്ക് ജയിക്കാനായത്. അതും നേരിയ ഭൂരിപക്ഷത്തിന്. പത്തിടത്ത് “ഇന്ത്യ’ മുന്നണി ജയിച്ചു. ഇവിടെ ജയത്തേക്കാള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടത് തോല്‍വിയെ കുറിച്ചാണ്. പത്തിടത്ത് “ഇന്ത്യ’ മുന്നണി ജയിച്ചു എന്ന അവകാശവാദം ഭാഗികമായ ശരി മാത്രമാണ്. പശ്ചിമ ബംഗാളിലെ നാല് സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് വിജയിച്ചത് “ഇന്ത്യ’ മുന്നണിയിലെ കോണ്‍ഗ്രസ്സിനെയും സി പി എമ്മിനെയും പരാജയപ്പെടുത്തിയാണ്. അതുപോലെ പഞ്ചാബിലെ ജലന്തര്‍ വെസ്റ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസ്സായിരുന്നു. “ഇന്ത്യ’ മുന്നണിയിലെ പാര്‍ട്ടികള്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിച്ചിട്ടും ബി ജെ പി പരാജയപ്പെട്ടത് നിസ്സാരമായി കാണേണ്ട ഒന്നല്ല. പശ്ചിമ ബംഗാളില്‍ കൈയിലിരുന്ന മൂന്ന് സീറ്റുകള്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടു. ഉത്തരാഖണ്ഡിലെ ബദ്്രീനാഥ് മണ്ഡലത്തിലെ മത്സരം ബി ജെ പിക്ക് അഭിമാന പോരാട്ടമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമഭൂമിയെന്ന് ഹിന്ദുത്വർ അവകാശപ്പെടുന്ന അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദിലെ പരാജയത്തിനു സമാനമായ തിരിച്ചടിയാണ് ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ബദ്്രീനാഥില്‍ ബി ജെ പി നേരിട്ടത്. ഓപറേഷന്‍ താമരയിലൂടെ സംസ്ഥാന ഭരണം കൈയടക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സ് എം എല്‍ എമാരെ കാലുമാറ്റി തിരഞ്ഞെടുപ്പിനെ നേരിട്ട ഹിമാചല്‍ പ്രദേശിലും ബി ജെ പിയുടേത് ദയനീയ തോല്‍വിയായിരുന്നു. പഞ്ചാബില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബിഹാറില്‍ ജെ ഡി യുവിന്റെ സീറ്റ് സ്വതന്ത്രന്‍ പിടിച്ചെടുത്തു.
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ്സ് രണ്ട് വീതം സീറ്റുകളിലും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നാല് സീറ്റിലും പഞ്ചാബിലും തമിഴ്‌നാട്ടിലും യഥാക്രമം ആം ആദ്മി പാര്‍ട്ടിയും ഡി എം കെയും ഓരോ സീറ്റുകളിലും വിജയിച്ചു. ഹിമാചലിലും മധ്യപ്രദേശിലും ബി ജെ പി ഒാരോ സീറ്റുകള്‍ നേടി. ബിഹാറിലെ രുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശങ്കര്‍ സിംഗ് ജയിച്ചത് എന്‍ ഡി എയുടെ ഭാഗമായ ജെ ഡി യുവിനെയും “ഇന്ത്യ’ മുന്നണിയിലെ ആര്‍ ജെ ഡിയെയും പരാജയപ്പെടുത്തിയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത് ജെ ഡി യു. എം എല്‍ എ ഭീമാ ഭാരതി രാജിവെച്ചതിനെ തുടര്‍ന്നാണ്. ഭീമാ ഭാരതി പിന്നീട് ആര്‍ ജെ ഡിയില്‍ ചേരുകയുണ്ടായി.
ഉപതിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് ഒന്നുകൂടി കടുത്തതാക്കും. മഹാരാഷ്ട്രയില്‍ നിലവില്‍ എന്‍ ഡി എയുടെ സ്ഥിതി അത്ര ശോഭനമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 30 സീറ്റ് നേടി “ഇന്ത്യ’ മുന്നണിയുടെ ഭാഗമായ മഹാവികാസ് അഘാഡി പ്രതാപം തെളിയിച്ചതാണ്. എന്‍ സി പിയെയും ശിവസേനയെയും പിളര്‍ത്തി സംസ്ഥാന ഭരണം പിടിച്ചെടുത്തതിനും ചിഹ്നങ്ങള്‍ പിടിച്ചെടുത്തതിനും എന്‍ ഡി എക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായിരുന്നു മഹാരാഷ്ട്രയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം.
ബംഗാള്‍ ജനത മമതാ ബാനര്‍ജിയില്‍ ഒരിക്കല്‍ കൂടി വിശ്വാസമര്‍പ്പിച്ചപ്പോള്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് സീറ്റുകളാണ്. മാത്രമല്ല ഒന്നര മാസത്തിനിടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ നിന്ന് ഏതാണ്ട് 1.87 ലക്ഷം വോട്ട് ബി ജെ പിക്ക് നഷ്ടപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ്സ് ബി ജെ പിയില്‍ നിന്ന് മൂന്ന് സീറ്റ് പിടിച്ചെടുത്തതിനു പുറമേ മണിക്തലയില്‍ റെക്കോര്‍ഡ് വിജയം കൈവരിക്കുകയും ചെയ്തു. ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തത് റായ്ഗഞ്ച്, ബാഗ്ദ, റാണാഘട്ട് സൗത്ത് സീറ്റുകളാണ്. റായ്ഗഞ്ചില്‍ 46,739ഉം ബാഗ്ദയില്‍ 20,610ഉം റാണാഘട്ട് സൗത്തില്‍ 36,936ഉം വോട്ടുകള്‍ ബി ജെ പിയില്‍ നിന്ന് ചോര്‍ന്നു.
കൈവശമുണ്ടായിരുന്ന മണിക്തല മണ്ഡലത്തില്‍ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ എണ്‍പതിനായിരത്തിലേറെ വോട്ടുകള്‍ അധികം നേടിയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി ജയിച്ചത്. തൃണമൂല്‍ അംഗത്തിന്റെ മരണത്തെ തുടര്‍ന്നാണ് മണിക്തലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മറ്റു മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത് ബി ജെ പി. എം എല്‍ എമാര്‍ രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് പശ്ചിമ ബംഗാളില്‍ 77 എം എല്‍ എമാര്‍ ഉണ്ടായിരുന്നു. രാജിയെ തുടര്‍ന്നും മറ്റും ബി ജെ പി. എം എല്‍ എമാരുടെ എണ്ണം നിലവില്‍ 63 ആയി ചുരുങ്ങി. സംസ്ഥാന നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു സവിശേഷത, മുന്നണിയായി മത്സരിച്ച കോണ്‍ഗ്രസ്സിന്റെയും സി പി എമ്മിന്റെയും സ്ഥാനാര്‍ഥികള്‍ക്ക് ജാമ്യസംഖ്യ നഷ്ടപ്പെട്ടു എന്നതാണ്.
ബി ജെ പി അധ്യക്ഷൻ നഡ്ഡയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പാർട്ടിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. 2022ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സ് 40 സീറ്റിലും ബി ജെ പി 25 സീറ്റിലും വിജയിച്ചിരുന്നു. മൂന്ന് സീറ്റ് സ്വതന്ത്രരും നേടി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ്സ് എം എല്‍ എമാര്‍ കൂറുമാറി വോട്ട് ചെയ്തു.
മൂന്ന് സ്വതന്ത്രരും ഒപ്പം ചേര്‍ന്നു. കൂറുമാറിയവരെ ഉപയോഗപ്പെടുത്തി സംസ്ഥാന ഭരണം പിടിച്ചെടുക്കാം എന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കൂറുമാറിയവരെ നിയമസഭാ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചതോടെ ബി ജെ പിയുടെ കണക്കുകൂട്ടല്‍ ഒന്നാമതായി പിഴച്ചു. അയോഗ്യരായി പ്രഖ്യാപിക്കപ്പെട്ടവര്‍ പ്രതിനിധാനം ചെയ്ത മൂന്ന് സീറ്റിലേക്കാണ് അടുത്തിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടിടത്ത് കോണ്‍ഗ്രസ്സും ഒരിടത്ത് ബി ജെ പിയും വിജയിച്ചു. ഓപറേഷന്‍ താമരയെ ഭയക്കാതെ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗിന് സംസ്ഥാന ഭരണം ഇനി നിലനിര്‍ത്താം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നാല് സീറ്റിലും ജയിച്ചത് ബി ജെ പിയായിരുന്നു.
ബി ജെ പിയുടെ ശക്തികേന്ദ്രമായ ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്ത് ബി ജെ പി പരാജയപ്പെട്ടു. ബദ്്രീനാഥ്, മംഗലൂര്‍ മണ്ഡലങ്ങളില്‍ ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിയെ ഞെട്ടിച്ച തോല്‍വി ബദ്്രീനാഥിലേതാണ്. കോണ്‍ഗ്രസ്സിലെ ലഖ്പത് സിംഗ് ബുട്ടോളിയ ബി ജെ പിയുടെ രാജേന്ദ്ര സിംഗ് ഭണ്ഡാരിയെ വന്‍ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്സുകാരനായ രാജേന്ദ്ര സിംഗ് ഭണ്ഡാരി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി ജെ പിയില്‍ ചേരുകയായിരുന്നു.
ക്ഷേത്ര നഗരിയായ ബദ്്രീനാഥ് ഇത്തവണ കൈവിടില്ലെന്ന വിശ്വാസം ബി ജെ പിക്ക് ഉണ്ടായിരുന്നു. മണ്ഡലത്തില്‍ രാജേന്ദ്ര സിംഗ് ഭണ്ഡാരിക്കുണ്ടായിരുന്ന സ്വാധീനം ബി ജെ പിയുടെ പെട്ടിയിലെ വോട്ടായി മാറുമെന്ന് കരുതി. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ ദേവഭൂമിയിലെ ചാര്‍ധാം യാത്രക്കും മതപരമായ ടൂറിസത്തിനും പ്രാമുഖ്യം നല്‍കിയതും ബദ്്രീനാഥില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ബി ജെ പി. ബി എസ് പി. എം എല്‍ എ കരീം അന്‍സാരിയുടെ മരണത്തെ തുടര്‍ന്നാണ് മംഗലൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിംകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യമുള്ള മണ്ഡലമായ മംഗലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയം പിടിച്ചടക്കി. ഇവിടെ ജയിച്ചത് കോണ്‍ഗ്രസ്സിലെ ഖാസി നിസാമുദ്ദീന്‍ ആണ്. ബി എസ് പിയുടെ ഉബൈദുര്‍റഹ്മാന്‍ മൂന്നാം സ്ഥാനത്തായി. ഒന്നര മാസം മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ച് സീറ്റിലും ജയിച്ചത് ബി ജെ പിയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലിടറിയ ബി ജെ പിക്ക് ഉപതിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചിരിക്കുന്നത് ഇരട്ട പ്രഹരമാണ്.