Connect with us

Kerala

ബിഷപ്പിന്റെ ആരോപണം: രാഷ്ട്രീയ മുതലെടുപ്പിനു സാധ്യതയില്ലെന്ന് ബി ജെ പി

Published

|

Last Updated

കോഴിക്കോട് | സഹോദര സമുദായത്തെ മുറിവേല്‍പ്പിക്കുന്ന തരത്തില്‍ പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കാനുള്ള നീക്കത്തില്‍ നിന്നു ബി ജെ പി പിന്നോട്ടടിക്കുന്നു. വര്‍ഗീയ കാര്‍ഡ് ഇറക്കി കളിച്ചാല്‍ കേരളത്തില്‍ കൂടുതല്‍ ഒറ്റപ്പെടുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ ഉപദേശമാണ് പിന്‍മാറ്റത്തിനു കാരണം. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തുന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും സാമൂഹിക അന്തരീക്ഷവും. ഇതര സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ വളര്‍ച്ചയില്‍ വര്‍ഗീയ ധ്രുവീകരണം നിര്‍ണായക പങ്കു വഹിക്കുമ്പോള്‍, കേരളത്തില്‍ അതു ഫലം ചെയ്യുകയില്ലെന്നാണ് നേതൃത്വം കരുതുന്നത്.

ശബരിമല വിഷയത്തില്‍ ‘സുവര്‍ണാവസരം’ ലഭിച്ചിട്ടും അത് പാര്‍ട്ടിയുടെ വളര്‍ച്ചക്കു പ്രയോജനപ്പെടുത്താന്‍ കഴിയാത്തതാണ് കേരളത്തിന്റെ മനോനില വര്‍ഗീയതക്കെതിരാണെന്നു വിലയിരുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. ശബരിമല ശരണ ഘോഷയാത്രയിലും ദീപം തെളിക്കലിലുമെല്ലാം വന്‍ ജനാവലി പങ്കെടുത്തെങ്കിലും ഭക്തിയെ വര്‍ഗീയ വത്ക്കരിക്കാന്‍ മലയാളി തയ്യാറായില്ല എന്നത് ബി ജെ പിക്ക് തിരിച്ചടിയായി.
പാലാ ബിഷപ്പിന്റെ ആരോപണം അബദ്ധത്തില്‍ പറഞ്ഞു പോയതല്ലെന്നും എഴുതി തയ്യാറാക്കി ബോധപൂര്‍വം അവതരിപ്പിച്ചതാണെന്നും ക്രൈസ്തവ സമൂഹത്തില്‍ നിന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. സംഘ്പരിവാര്‍ നേരത്തെ തന്നെ ഉയര്‍ത്തുന്ന ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ബിഷപ്പിന്റെ വാക്കുകളിലൂടെ പുറത്തുവന്നത് എന്നതിനാല്‍ ആരോപണത്തെ സംഘ്പരിവാര്‍ ഭാഷ്യമായും വിശകലനം ചെയ്യപ്പെട്ടു. ബിഷപ്പ് ഉന്നയിച്ച ആരോപണം ബി ജെ പിയുടെ അജണ്ടയാണെന്നു വരുന്നത് ബി ജെ പി ആഗ്രഹിക്കുന്നതു പോലുള്ള സാമൂഹിക ധ്രുവീകരണത്തിന് എതിരായിത്തീരുമെന്നും കേരള സമൂഹത്തില്‍ നിന്നു പാര്‍ട്ടി കൂടുതല്‍ ഒറ്റപ്പെടുമെന്നും നേതൃത്വം ഭയപ്പെടുന്നു.

ബിഷപ്പിന്റെ ആരോപണം രാഷ്ട്രീയമായി വിനിയോഗിക്കാതെ ബി ജെ പി തത്ക്കാലം മാറിനില്‍ക്കുമ്പോള്‍, വിശ്വഹിന്ദു പരിഷത്ത് പോലുള്ള ഇതര സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ ബിഷപ്പിന്റെ ആരോപണങ്ങളെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കും. ഇതിനായി കുമ്മനം രാജശേഖരന്‍, ശശികല തുടങ്ങിയ നേതാക്കള്‍ നിരന്തരം പ്രതികരണവുമായി രംഗത്തുണ്ടായാല്‍ മതിയെന്നാണ് ബി ജെ പി നിര്‍ദേശിക്കുന്നത്.
ബി ജെ പി കോര്‍ ടീം അംഗങ്ങള്‍ മാത്രം ഇക്കാര്യത്തില്‍ തത്ക്കാലം ഇടപെട്ടാല്‍ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിനു ലഭിച്ച നിര്‍ദേശം.

ക്രൈസ്തവ പുരോഹിതനു പിന്നില്‍ ബി ജെ പി ശക്തമായി അണിനിരക്കുന്നത് ബി ജെ പിക്ക് ദേശീയ തലത്തില്‍ തന്നെ മറ്റു വിധത്തിലും തിരിച്ചടിയാകുമെന്നും കരുതുന്നു. ക്രൈസ്തവ മിഷനറിമാരും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കന്യാസ്ത്രീകളുമെല്ലാം മത പരിവര്‍ത്തനം നടത്തുന്നവരാണെന്നു നിരന്തരം പ്രചരിപ്പിക്കുകയും അവര്‍ക്കെതിരെ രാജ്യത്താകെ നിരവധി അക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നതില്‍ സംഘ്പരിവാര്‍ പങ്കാളിത്തം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ വഴിയൊരുക്കേണ്ടെന്നും നേതൃത്വം കരുതുന്നു.

ക്രൈസ്തവ സമൂഹവുമായി അടുക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന ബി ജെ പി നീക്കത്തിനു പിന്നില്‍ പതിയിരിക്കുന്ന കാപട്യം ക്രൈസ്തവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിനു വ്യക്തമാണ്. അടുത്തകാലത്ത് ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ മലയാളി കന്യാസ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തിനു നേരെ സംഘ്പരിവാര്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ബി ജെ പിയുമായി അടുക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ പുരോഹിതര്‍ക്കുള്ള മുന്നറിയിപ്പായി പലരും ഈ സംഭവത്തെ ചൂണ്ടിക്കാട്ടുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യന്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായി സംഘ്പരിവാര്‍ ആചാര്യന്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നുള്ളതും വ്യക്തമാക്കപ്പെട്ടു.

ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും ഹിന്ദുത്വ ഭീകരവാദികള്‍ ചുട്ടുകൊന്നത് അടക്കം രാജ്യം ഏറെ ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ വീണ്ടും ഉയര്‍ന്നു വരുന്നതും ബി ജെ പി ആഗ്രഹിക്കുന്നില്ല. കേരളം വര്‍ഗീയത വിളയിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ കഴിയുന്ന പ്രദേശമല്ലെന്ന മുന്‍കാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബി ജെ പി ഇപ്പോള്‍ അടവുമാറ്റുന്നത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്