Connect with us

Business

ലുലു സ്റ്റോറുകളില്‍ ബാക്കിയാകുന്ന പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍; ഇന്ധനമേകുന്നത്  നൂറുകണക്കിന് ഡെലിവറി വാഹനങ്ങള്‍ക്ക്

ലോക പരിസ്ഥിതി ദിനത്തില്‍ ശ്രദ്ധേയമായി ലുലുവിന്റെ പദ്ധതി.

Published

|

Last Updated

അബൂദബി | യു എ ഇയിലെ ലുലു സ്റ്റോറുകളില്‍ ബാക്കിവരുന്ന പാചക എണ്ണ ഇന്ധനമേകുന്നത് നൂറുകണക്കിന് ഡെലിവറി വാഹനങ്ങള്‍ക്ക്. ദൈനംദിന ഉപയോഗത്തിനു ശേഷം ബാക്കിയാകുന്ന പാചക എണ്ണ പൂര്‍ണമായും ബയോഡീസലാക്കി മാറ്റിയാണ് ഊര്‍ജ പുനരുപയോഗത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കരുത്തേകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് വലിയ തരത്തില്‍ കുറയ്ക്കുന്നതിന് പദ്ധതി വഴിയൊരുക്കുന്നു.

യു എ ഇയിലെ പ്രമുഖ എനര്‍ജി കമ്പനിയായ ന്യൂട്രല്‍ ഫ്യൂവല്‍സുമായി സഹകരിച്ചാണ് പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ നിര്‍മിക്കുന്നത്. ലുലു സ്റ്റോറുകളില്‍ നിന്ന് ശേഖരിക്കുന്ന ബാക്കിവരുന്ന ദൈനംദിന പാചക എണ്ണ, ന്യൂട്രല്‍ ഫ്യൂവല്‍സിന്റെ പ്ലാന്റിലാണ് ബയോഡീസലാക്കി മാറ്റുന്നത്. കൃത്യമായ ശാസ്ത്രീയ രീതികളിലാണ് പ്രവര്‍ത്തനം. യു എ ഇയിലെ ലുലു സ്റ്റോറുകളില്‍ നിന്നുള്ള നൂറിലേറെ ഡെലിവറി വാഹനങ്ങള്‍ക്ക് ഇന്ധനമായി ഉപയോഗിക്കുന്നത് ഈ ബയോഡീസലാണ്. യു എ ഇയുടെ സുസ്ഥിരതാ ലക്ഷ്യത്തിന് വേഗം പകരുന്നത് കൂടിയാണ് പദ്ധതി.

പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ക്യാനുകളുടെയും റീസൈക്ലിങ് പ്രോത്സാഹിപ്പിക്കുന്നതിന് പ്ലാസ്റ്റിക് വെന്‍ഡിങ് മെഷീനുകള്‍ നേരത്തെ തന്നെ ലുലു സ്റ്റോറുകളില്‍ സ്ഥാപിച്ചിരുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം 90 ശതമാനത്തോളം കുറച്ചും റീയൂസബിള്‍ ബാഗുകള്‍ക്ക് മികച്ച പ്രോത്സാഹനം നല്‍കിയും പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ പിന്തുണ നല്‍കുന്ന പദ്ധതികളാണ് ലുലു നടപ്പിലാക്കുന്നത്.

 

Latest