Kerala
ഭാരത് മാതാ ചിത്ര വിവാദം: ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സി പി ഐ
ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍ഹി | രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍, ആര്‍ എസ് എസ് വേദിയില്‍ ഉപയോഗിക്കുന്ന ഭാരത് മാതാവിന്റെ ചിത്രം സ്ഥാപിച്ചതില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സി പി ഐ. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സി പി ഐ രാജ്യസഭാ എം പി. പി സന്തോഷ് കുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരിപാടിയില്‍ നിന്നു ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് മന്ത്രിയും സര്‍ക്കാറും പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുടെ അധികാരം തുടര്‍ച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ഗുരുതര ആശങ്ക രേഖപ്പെടുത്താനാണ് രാഷ്ട്രപതിക്ക് പരാതി നല്‍കുന്നതെന്ന് സന്തോഷ് കുമാര്‍ വ്യക്തമാക്കി. ‘തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുമായി കൂടിയാലോചിക്കാതെ ഭാരതാംബയുടെപ്രത്യേക പതിപ്പ് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദിനെ പരിപാടി ബഹിഷ്‌കരിക്കാന്‍ നിര്‍ബന്ധിതനാക്കി. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ആവര്‍ത്തിച്ച് രാഷ്ട്രീയ ഏജന്റുമാരായി പ്രവര്‍ത്തിക്കുകയും രാജ്ഭവനുകളെ ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്ര കേന്ദ്രങ്ങളാക്കി മാറ്റുകയും ഭരണഘടനാ മാനദണ്ഡങ്ങള്‍, ഫെഡറല്‍ തത്വങ്ങള്‍, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍ അവഗണിക്കുകയും ചെയ്യുന്ന ഒരു രീതിക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. ഇത്തരം നടപടികള്‍ വളരെയധികം അസ്വസ്ഥത ഉളവാക്കുന്നതും ഗവര്‍ണര്‍ പദവിയ്ക്ക് നല്‍കിയിരിക്കുന്ന ഭരണഘടനാ പരിധികളുടെ കടുത്ത ലംഘനത്തിന് തുല്യവുമാണ്.’ -പരാതിയില്‍ പറഞ്ഞു.
രാഷ്ട്രീയമോ വിഭാഗീയമോ ആയ ആവശ്യങ്ങള്‍ക്കായി ദേശീയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ, 1950-ലെ ചിഹ്നങ്ങളും പേരുകളും (അനുചിതമായ ഉപയോഗം തടയല്‍) നിയമത്തെയും 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കല്‍ തടയല്‍ നിയമത്തെയും ലംഘിക്കുന്നു. സ്വദേശി പ്രസ്ഥാനകാലത്ത് അബനീന്ദ്രനാഥ ടാഗോര്‍ കൊളോണിയല്‍ വിരുദ്ധ പ്രതിരോധത്തിന്റെ ഏകീകൃത ചിഹ്നമായി വിഭാവനം ചെയ്തതാണ് ഭാരത് മാത. സമീപകാലത്ത് വിഭജന രാഷ്ട്രീയത്തിന് കുപ്രസിദ്ധമായ ഒരു സംഘടന ഇതിന് മാറ്റം വരുത്തുകയും ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. വിവാദപരമായ അത്തരം ചിഹ്നങ്ങള്‍ ഇപ്പോള്‍ ഔദ്യോഗിക ചടങ്ങുകളിലും പൊതു സ്ഥാപനങ്ങളിലും അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് നമ്മുടെ സമൂഹത്തെ കൂടുതല്‍ ധ്രുവീകരിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.