National
സ്വീകരിക്കാന്‍ എത്തിയില്ല; ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തി പരസ്യമാക്കി രാഷ്ട്രപതി
'മമത എനിക്ക് ഇളയ സഹോദരിയെ പോലെ. ഞാനും ബംഗാളിന്റെ മകളാണ്. അവര്‍ക്ക് എന്തെങ്കിലും അനിഷ്ടമുണ്ടോയെന്ന് അറിയില്ല.'
കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ ഗോത്രവിഭാഗങ്ങളുടെ സംഗമത്തിനെത്തിയ തന്നെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോ മന്ത്രിമാരോ എത്താത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഗൗരവതരമായ പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ ശക്തമായ പ്രതികരണമാണ് രാഷ്ട്രപതി രേഖപ്പെടുത്തിയത്. ശനിയാഴ്ച സിലിഗുരിയില്‍ നടന്ന ഗോത്രവിഭാഗങ്ങളുടെ സംഗമമായ അന്താരാഷ്ട്ര സന്താള്‍ കൗണ്‍സിലില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിമാനത്താവളത്തില്‍ എത്താതിരുന്നതാണ് രാഷ്ട്രപതിയെ ചൊടിപ്പിച്ചത്. സിലിഗുരി മേയര്‍ മാത്രമാണ് സന്ദര്‍ശന വേളയില്‍ വിമാനത്താവളത്തിലെത്തിയത്.
മമത എനിക്ക് ഇളയ സഹോദരിയെ പോലെയാണെന്നും ഞാനും ബംഗാളിന്റെ മകളാണെന്നും അവര്‍ക്ക് എന്തെങ്കിലും അനിഷ്ടമുണ്ടോയെന്ന് അറിയില്ലെന്നും രാഷ്ട്രപതി പ്രതികരിച്ചു. പരിപാടിയുടെ വേദി ബിദാന്‍ നഗറില്‍ നിന്ന് മാറ്റിയതിലും രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചു.
‘ബിദാന്‍നഗറില്‍ ധാരാളം സ്ഥലമുണ്ട്. അവിടെ പരിപാടി നടത്തിയിരുന്നുവെങ്കില്‍ ധാരാളം പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ അവിടെ യോഗം അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്താണ് പരിപാടി നടത്തിയത്. സംസ്ഥാന സര്‍ക്കാരിന് ആദിവാസികളുടെ ക്ഷേമത്തില്‍ താത്പര്യമില്ലായിരിക്കാം.’- ദ്രൗപദി മുര്‍മു പറഞ്ഞു.
സിലിഗുരിക്ക് സമീപം ബിദാന്‍നഗറിലായിരുന്നു രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഗോഷായിപുരിലേക്ക് മാറ്റുകയായിരുന്നു.




