International
ഇറാനിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസ് ബോംബിട്ട് തകർത്ത് ഇസ്റാഈൽ; എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ആക്രമണം
ടെഹ്റാനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ഇന്ധനം എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിലൂടെ ഇറാനിൽ വലിയ ഇന്ധന പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്.
ടെഹ്റാൻ | ഇസ്റാഈൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ആംബുലൻസ് തകർന്നു. ആംബുലൻസ് പൂർണമായും കത്തിനശിച്ചതായാണ് ഐ ആർ ജി സിയുമായി ബന്ധപ്പെട്ട ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
കിഴക്കൻ തെഹ്റാനിലെ തെഹ്റാൻപാഴ്സ് ജില്ലയിലെ ഒരു ഇടവഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന ആംബുലൻസ് വലിയ സ്ഫോടനത്തിന് പിന്നാലെ നിശ്ചലമാകുകയായിരുന്നുവെന്ന് സിറ്റിസൺ ജേണലിസം ഗ്രൂപ്പായ മംലകാത്തെയും റിപ്പോർട്ട് ചെയ്തു. ആംബുലൻസ് തീപിടിച്ച് കത്തുന്നതിന്റെയും ഒരാൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഫാർസ് പുറത്തുവിട്ടിട്ടുണ്ട്.
ആംബുലൻസിന് പുറമെ തെഹ്റാനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ഇസ്റാഈൽ വ്യോമാക്രമണം നടത്തി. ഇറാൻ ജനതയെ ഭയപ്പെടുത്തുന്നതിനും അവർക്കിടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനുമുള്ള മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ യമനിലെ പ്രധാന എണ്ണ സംഭരണശാലകൾക്ക് നേരെയും സമാനമായ രീതിയിൽ ഇസ്റാഈൽ ആക്രമണം നടത്തിയിരുന്നു.
ടെഹ്റാനിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും ഇന്ധനം എത്തിക്കുന്ന പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതിലൂടെ ഇറാനിൽ വലിയ ഇന്ധന പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇസ്റാഈൽ ലക്ഷ്യമിടുന്നത്. ഇന്ധനക്ഷാമം ഉണ്ടാകുന്നതിലൂടെ ഇറാനിയൻ സൈന്യത്തിന്റെ നീക്കങ്ങളെയും യന്ത്രസാമഗ്രികളുടെ പ്രവർത്തനത്തെയും തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് ഇസ്റാഈൽ കണക്കുകൂട്ടുന്നു. അതേസമയം, രാജ്യം മുഴുവൻ നിരവധി എണ്ണ സംഭരണ കേന്ദ്രങ്ങളുള്ളതിനാൽ ഈ ആക്രമണം മാത്രം ഇറാനിൽ വലിയ പ്രതിസന്ധിക്ക് കാരണമാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം.
Summary
An Israeli missile strike in Tehran destroyed an ambulance in the Tehranpars district and targeted a major oil refinery. The attacks are seen as a strategic move to create a fuel shortage and exert psychological pressure on the Iranian population. While the strikes aim to limit Iranian military mobility, experts doubt it will cause a total nationwide crisis due to Iran’s numerous facilities.




