National
ബിഹാർ തിരഞ്ഞെടുപ്പ്: സുപ്രീം കോടതിയിൽ റിട്ട് ഹരജി നൽകി മുസ്‌ലിം ലീഗ്
കേസ് ഈ മാസം 28ന് പരിഗണിക്കും

ന്യൂഡൽഹി | ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി നിർവധിപേർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ വോട്ടേഴ്സ് റോളുകളുടെ പ്രത്യേക പരിശോധനക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂൺ 24ന് പുറപ്പെടുവിച്ച സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തു. മുസ്ലിം ലീഗിന്റെ (ഐ യു എം എൽ) ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വോട്ടർമാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ബിഹാറിലെ 18ാമത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷൻ പെട്ടെന്ന് പ്രത്യേക തീവ്ര പരിശോധന പ്രഖ്യാപിച്ചത് അനുചിതമാണെന്നും ചൂണ്ടിക്കട്ടിയാണ് റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ 2024 ഒക്ടോബറിൽ ആരംഭിച്ച പ്രത്യേക സൂക്ഷ്മ പരിശോധന (എസ് എസ് ആർ) 2025 ജനുവരി ആറിന് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം ജൂണിലും വോട്ടർമാരുടെ ചേർക്കലും നീക്കം ചെയ്യലും തുടർന്നിരുന്നു. എന്നാൽ, ജൂൺ 24ന് കമ്മീഷൻ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ് ഐ ആർ) ആരംഭിക്കാൻ ഉത്തരവിടുകയും അത് 2025 ആഗസ്റ്റ് ഒന്നിനകം പൂർത്തിയാക്കി സെപ്തംബർ 30നുള്ളിൽ പുതിയ ഇലക്ട്രൽ റോൾ തയ്യാറാക്കണമെന്ന് നിർദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ലീഗ് നിയമപരമായി നീങ്ങിയത്.
നഗരവൽക്കരണം, കുടിയേറ്റം, മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്, 2025 ജൂലൈ 1-ന് യോഗ്യരായ വോട്ടർമാർ, വിദേശ അനധികൃത കുടിയേറ്റക്കാർ എന്നിവയാണ് എസ് ഐ ആറിന്റെ കാരണങ്ങളായി കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഹരജിയിൽ ഇത് നിരസിക്കുന്നതിനോടൊപ്പം എസ് എസ് ആർ തന്നെ ഇത്തരം ലക്ഷ്യങ്ങൾ നേടാൻ പര്യാപ്തമാണെന്നും എസ് ഐ ആറിന് നിയമപരമായ നിർവചനമില്ലെന്നും വാദിക്കുന്നു. 2003ന് ശേഷം ബിഹാറിൽ തീവ്ര പരിശോധന നടത്തിയിട്ടില്ലെങ്കിലും ഡിജിറ്റൽ രേഖകൾ ഉണ്ടായിരുന്നിട്ടും ഇപ്പോൾ അടിയന്തരമായി നടത്തേണ്ട ആവശ്യമില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ വാദം. അതോടൊപ്പം എസ് ഐ ആറിന് വ്യക്തമായ കാരണങ്ങൾ ഇല്ലന്നും പൊതുജനങ്ങളുടെ പ്രതിഷേധത്തിനുശേഷം കമ്മീഷൻ ഉത്തരവുകൾ പലതവണ പരിഷ്കരിച്ചുവെന്നും ജൂൺ 30ന് 4.93 കോടി വോട്ടർമാരെ ഒഴിവാക്കി, ജൂലൈ 6ന് ഡോക്യുമെന്റുകൾ സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ഇത് അധികാരികളുടെ വിവേചനാധികാരം വർധിപ്പിക്കുന്നു. കൂടാതെ 98 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചത് അസാധ്യമാണ്.
ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി എൽ ഒ) പ്രത്യേക പരിശീലനമില്ലന്നതും ഹാൻഡ്ബുക്കുകളോ മാർഗനിർദേശങ്ങളോ പൊതുജനങ്ങൾക്ക് ലഭ്യമല്ലെന്നതും ചൂണ്ടിക്കാട്ടുന്നു.
മുസ്‌ലിം ലീഗിന് വേണ്ടി രാജ്യസഭംഗം കൂടിയായ അഡ്വ. ഹാരിസ് ബീരാൻ എം പിയുടെ നേതൃത്വത്തിൽ അഡ്വ. അസ്ഹർ അബ്ദുൽ അസീസും ചേർന്നാണ് സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തത്. ഹരജി ഈ മാസം 28ന് പരിഗണിക്കും.