Kozhikode
ബംഗാള്‍ മര്‍കസ്-ത്വയ്ബ ഗാര്‍ഡന്‍ പത്താം വാര്‍ഷികം മാര്‍ച്ച് 1,2,3 തിയ്യതികളില്‍
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയാവും.

കോഴിക്കോട് | പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ആസ്ഥാനമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ത്വയ്ബ ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെ പത്താം വാര്‍ഷികം മാര്‍ച്ച് 1, 2, 3 തിയ്യതികളില്‍ നടക്കും. 2012ല്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ മര്‍കസ് പൂര്‍വ വിദ്യാര്‍ഥി സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാള്‍ മര്‍കസിന് തുടക്കമിടുന്നത്. ഒമ്പത് വിദ്യാര്‍ഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാര്‍, മണിപ്പൂര്‍, ത്രിപുര, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാര്‍ഥികളും, സാമൂഹികക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം പേരും ഇന്ന് ബംഗാള്‍ മര്‍കസിന്റെ ഗുണഭോക്താക്കളാണ്.
മാര്‍ച്ച് ആദ്യത്തില്‍ നടക്കുന്ന പത്താം വാര്‍ഷിക ആഘോഷങ്ങളില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയാവും. സമ്മേളനത്തിന്റെ ഭാഗമായി ഹാര്‍മണി കോണ്‍ഫറന്‍സ്, സഖാഫി സമ്മിറ്റ്, വിദ്യാഭ്യാസ സെമിനാര്‍, മീഡിയ സബ്മിറ്റ്, ഉലമ കോണ്‍ക്ലേവ്, വിദ്യാര്‍ഥി സമ്മേളനം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ നടക്കും.
ശൈഖ് അഫീഫുദ്ദീന്‍ ജീലാനി ബഗ്ദാദ്, പശ്ചിമ ബംഗാള്‍ മന്ത്രി ബിപ്ലബ് മിത്ര, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, നദീമുല്‍ ഹഖ് എം പി, ബംഗാള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഖനി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖലീലുല്‍ റഹ്മാന്‍, ദക്ഷിണ്‍ ദിനാജ്പൂര്‍ കലക്ടര്‍ ബിജിന്‍ കൃഷ്ണ ഐ എ എസ്, ബംഗാള്‍ ചെറുകിട വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ നിഖില്‍ നിര്‍മല്‍ ഐ എ എസ്, ജാമിഅ മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പ്രോ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.