Connect with us

From the print

അവസാന വിമാനം നാളെ പറന്നുയരും; കണ്ണൂരിൽ ഹജ്ജ് ക്യാമ്പിന് ഇന്ന് സമാപനം

11ന് പുലർച്ചെ നാലിനായിരുന്നു 170 തീർഥാടകരുമായി ആദ്യ വിമാനം പരിശുദ്ധ നാട്ടിലേക്ക് പറന്നുയർന്നത്

Published

|

Last Updated

മട്ടന്നൂർ | കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പ് ഇന്ന് രാത്രിയോടെ സമാപിക്കും. ഇക്കഴിഞ്ഞ ഒമ്പതിനാണ് ക്യാമ്പിന് തുടക്കമായത്. 11ന് പുലർച്ചെ നാലിനായിരുന്നു 170 തീർഥാടകരുമായി ആദ്യ വിമാനം പരിശുദ്ധ നാട്ടിലേക്ക് പറന്നുയർന്നത്. ഇന്നലെ വരെ എയർ ഇന്ത്യയുടെ 26 വിമാനങ്ങളാണ് തീർഥാകരുമായി സർവീസ്‌ നടത്തിയത്. ബാക്കിയുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുലർച്ചെ ഒന്നിനും 29ന് പുലർച്ചെ 12.45നുമായി പുറപ്പെടുന്നതോടെ ഇത്തവണത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകരുടെ യാത്രക്ക്‌ സമാപനമാകും.

ഇത്തവണ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള തീർഥാടകരിൽ ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലക്കാരാണ്. 1,869 പേർ. കോഴിക്കോട്- 1,395, കാസർകോട്- 1.026, മലപ്പുറം- 151, വയനാട്- 199, പാലക്കാട്- രണ്ട്, തൃശൂർ- ഒന്ന്, ഏറണാകുളം- മൂന്ന്, കൊല്ലം- അഞ്ച്, ഇടുക്കി- മൂന്ന്, തിരുവനന്തപുരം- ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം. ഇതിനു പുറമെ പോണ്ടിച്ചേരിയിൽ നിന്ന് 31 പേരും ദക്ഷിണ കന്നഡയിൽനിന്ന് 44 പേരും ഉഡുപ്പി, ബെംഗളുരു അർബൻ, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം തീർഥാടകരും കുടകിൽ നിന്ന് 20 പേരുമാണ് ഉള്ളത്.
ഇന്ന് പുലർച്ചെയുള്ള വിമാനത്തിലെ യാത്രക്കാർക്കുള്ള രേഖകൾ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌കെ അനിൽ കുമാർ വിതരണം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ പി പി മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദീൻ അരിഞ്ചിറ സംബന്ധിച്ചു.

Latest