editorial
ആയുധക്കരാറുകളുടെ പിന്നാമ്പുറങ്ങൾ
തോക്കുകൾക്കും മിസൈലുകൾക്കും നൽകുന്ന പ്രധാന്യം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നൽകിയിരുന്നെങ്കിൽ ലോകം ഇന്ന് കൂടുതൽ സുരക്ഷിതവും സമ്പുഷ്ടവുമാകുമായിരുന്നു. ആയുധങ്ങളുടെ ബലത്തിലല്ല സുരക്ഷ, ജനങ്ങളുടെ ക്ഷേമത്തിലും സംതൃപ്തിയിലുമാണ്.
ഫ്രാൻസിൽ നിന്ന് 3.25 ലക്ഷം കോടി രൂപ വില വരുന്ന 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരിക്കുകയാണ്. ആകാശത്ത് നിന്ന് ആകാശത്തേക്കും ഭൂമിയിലേക്കും പോരാടാനും വ്യോമാക്രമണം, പ്രതിരോധം, അണുവായുധ വിന്യാസം, രഹസ്യാന്വേഷണം തുടങ്ങി വിവിധ ദൗത്യങ്ങൾ നിർവഹിക്കാനും ശേഷിയുള്ള യുദ്ധമേഖലയിലെ കരുത്തനാണ് റഫാൽ. നിലവിലുള്ള 36 റഫാൽ വിമാനങ്ങൾക്കു പുറമെ 114 എണ്ണവും കൂടി വന്നുചേരുന്നതോടെ വ്യോമയാന മേഖലയിൽ ഇന്ത്യയുടെ കരുത്ത് വർധിക്കുകയും അയൽരാജ്യങ്ങളുമായുള്ള സുരക്ഷാ സമവാക്യത്തിൽ കൂടുതൽ ആത്മവിശ്വാസം കൈവരിക്കാൻ സാധിക്കുകയും ചെയ്യും. ഓപറേഷൻ സിന്ദൂറിൽ ഇന്ത്യൻ സേനക്ക് കരുത്തുപകർന്നത് റഫാൽ യുദ്ധവിമാനങ്ങളായിരുന്നു.
എന്നും സംഘർഷഭരിതമാണ് ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ. അതിർത്തിനിർണയത്തിലെ അവ്യക്തത, അയൽരാഷ്ട്രങ്ങളുടെ കടന്നുകയറ്റ ശ്രമങ്ങൾ, തീവ്രവാദശല്യം തുടങ്ങിയ പ്രശ്‌നങ്ങളാൽ അതിർത്തി മേഖലയിൽ എന്നും അശാന്തിയാണ്. ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടേണ്ടി വരുന്നതിന്റെയും ആധുനിക സാങ്കേതിക വിദ്യകൾ ആർജിക്കേണ്ടി വരുന്നതിന്റെയും സാഹചര്യമിതാണ്. “മേക് ഇൻ ഇന്ത്യ’ പദ്ധതിക്കു ഉത്തേജനമാകുമെന്നതാണ് ഈ വിമാന ഇടപാടിന്റെ മറ്റൊരു നേട്ടമായി പറയുന്നത്. 114 വിമാനങ്ങളിൽ 18 എണ്ണം നേരിട്ടു വാങ്ങാനും 96 എണ്ണം “മേക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമിക്കാനുമാണ് കരാറിലെ വ്യവസ്ഥ. വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കും. ഭാവിയിൽ ഇന്ത്യയുടെ സ്വന്തം വിമാനങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. റഫാൽ നിർമാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് സ്‌പെയർ പാർട്സുകളും മറ്റും വാങ്ങാൻ നിർബന്ധിതരാകുകയും ഇത് വ്യവസായ മേഖലക്ക് കരുത്ത് പകരുകയും ചെയ്യും.
അതേസമയം, വിമാന നിർമാണം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡിനെ (എച്ച് എ എൽ) തഴഞ്ഞ് അദാനി ഡിഫൻസ്, റിലയൻസ് ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് തുടങ്ങിയ സ്വകാര്യ കമ്പനികൾക്കാണ് നൽകുന്നതെന്നാണ് അറിയുന്നത്. യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിൽ പതിറ്റാണ്ടുകളുടെ പരിചയമുണ്ട് എച്ച് എ എല്ലിന്. തേജസ്, സുഖോയ്-30 തുടങ്ങിയ വിമാനങ്ങൾ നിർമിച്ചത് എച്ച് എ എൽ ആണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കുമ്പോൾ അതിന്റെ നേട്ടം പൊതുഖജനാവിനാണ്. മാത്രമല്ല, തന്ത്രപ്രധാനമായ ആയുധങ്ങളുടെ നിർമാണം സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുന്നതാണ് കൂടുതൽ സുരക്ഷിതം. എന്നിട്ടുമെന്തിന് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്.
സൈനിക ശേഷി വർധിപ്പിക്കുന്നത് ബജറ്റിൽ പ്രതിരോധ മേഖലയുടെ വിഹിതം അടിക്കടി വർധിക്കാൻ ഇടയാക്കുകയും അത് വികസന പദ്ധതികൾക്കുള്ള വിഹിതത്തെ ബാധിക്കുകയും ചെയ്യും. ഈ മാസം ഒന്നിന് അവതരിപ്പിച്ച 2026-27 വർഷത്തേക്കുള്ള ബജറ്റിൽ പ്രതിരോധ മേഖലക്ക് ഇന്ത്യ നീക്കിവെച്ചത് 7.85 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 21.84 ശതമാനം കൂടുതലും ജി ഡി പിയുടെ 11 ശതമാനവും വരുമിത്. ഇന്ത്യ മാത്രമല്ല, ദേശസുരക്ഷയുടെ പേരിൽ ചൈന, പാകിസ്താൻ തുടങ്ങി അയൽരാജ്യങ്ങളും ഓരോ വർഷവും പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധത്തിനായി ഏറ്റവും കൂടുതൽ പണം ചെലവിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ചൈന. ഇന്ത്യയുടെ പ്രതിരോധ ബജറ്റിനേക്കാൾ മൂന്നുമടങ്ങ് നീക്കിവെക്കുന്നുമുണ്ട് അവർ. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജി ഡി പിയുടെ വലിയൊരു ഭാഗം പാകിസ്താനും വിനിയോഗിക്കുന്നുണ്ട്. മറ്റൊരു രാജ്യം കൂടുതൽ ആയുധങ്ങൾ വാങ്ങുന്നത് കാണുമ്പോൾ സ്വന്തം സുരക്ഷയെക്കുറിച്ച് ഭയം വർധിക്കുകയും കൂടുതൽ ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ ഇത് ഭരണകൂടങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രതിരോധ ബജറ്റ് കുത്തനെ വർധിപ്പിക്കുന്നത് ദാരിദ്ര്യ നിർമാർജനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കാർഷിക നവീകരണം, തൊഴിലവസര സൃഷ്ടി തുടങ്ങിയ വികസന മേഖലകളിൽ നീക്കിവെക്കുന്ന തുകയിൽ ഇടിവ് വരുത്തുകയും വികസന മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്യുന്നു. ആയുധ കമ്പനികൾ ലാഭമുണ്ടാക്കുമ്പോൾ രാജ്യത്തെ അടിസ്ഥാന സൗകര്യം സ്തംഭിക്കുകയാണ്. പ്രതിരോധ ബജറ്റ് ഉയരുന്നത് സാധാരണക്കാരന്റെ മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കാനും വഴിയൊരുക്കുന്നു. തോക്കുകൾക്കും മിസൈലുകൾക്കും നൽകുന്ന പ്രധാന്യം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് നൽകിയിരുന്നെങ്കിൽ ലോകം ഇന്ന് കൂടുതൽ സുരക്ഷിതവും സമ്പുഷ്ടവുമാകുമായിരുന്നു. ആയുധങ്ങളുടെ ബലത്തിലല്ല സുരക്ഷ, ജനങ്ങളുടെ ക്ഷേമത്തിലും സംതൃപ്തിയിലുമാണ്.
വികസ്വര രാഷ്ട്രങ്ങൾക്കിടയിൽ സുരക്ഷാഭീതി വർധിപ്പിക്കുന്നതിലും ആയുധ ശേഖരം വർധിപ്പിക്കാനുള്ള ത്വര സൃഷ്ടിക്കുന്നതിലും വൻകിട ആയുധ നിർമാണ രാജ്യങ്ങൾക്കും കമ്പനികൾക്കും വലിയ പങ്കുണ്ട്. ആയുധ കമ്പനികൾ വികസ്വര രാഷ്ട്രങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് അനിവാര്യമല്ലാത്ത ആയുധക്കരാറുകൾക്ക് പ്രേരിപ്പിക്കുന്നു. വികസ്വര രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ വൻകിട രാഷ്ട്രങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള വേദികളായി മാറാറുണ്ട്. യുദ്ധക്കളത്തിൽ ഒരു രാജ്യത്തിന്റെ മിസൈലോ വിമാനമോ മികച്ച പ്രകടനം കാഴ്ച വെച്ചാൽ അന്താരാഷ്ട്ര വിപണിയിൽ അതിന്റെ ഡിമാൻഡ് വർധിക്കുന്നു. ഇതാണല്ലോ റഫാലിന്റെ ഡിമാൻഡ് ഉയരാനുണ്ടായ കാരണം. മുട്ടനാടുകളെ മുട്ടിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളുടെ കുതന്ത്രം കണ്ടറിയാൻ വികസ്വര രാഷ്ട്രങ്ങൾക്ക് സാധിക്കേണ്ടതുണ്ട്.




