Connect with us

Articles

അധികാര സന്തുലിതാവസ്ഥ താളം തെറ്റിക്കുന്നതിന് പിന്നില്‍

അടുത്തിടെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ‘ദി ട്രൈബ്യൂണല്‍സ് റിഫോംസ് ആക്ട്, 2021'ന്റെ പശ്ചാത്തലത്തില്‍ അധികാര വിഭജന സിദ്ധാന്തത്തെ വായനക്കെടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. പുതിയ ആക്ട് പ്രകാരം എട്ട് ട്രൈബ്യൂണലുകളെ പിരിച്ച് വിടുകയും അവയുടെ അധികാരപരിധി മുകള്‍ കോടതികളിലേക്ക് മാറ്റുകയും ചെയ്തു. മറ്റു പ്രായോഗിക വശങ്ങളിലൂടെ പരിഹരിക്കേണ്ടിയിരുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ ട്രൈബ്യൂണല്‍ പിരിച്ചു വിടുക എന്ന പരിഹാരത്തിലേക്ക് എത്തുന്നു എന്നത് ഒരു ചോദ്യമാണ്.

Published

|

Last Updated

അധികാര വിഭജന സിദ്ധാന്തം (Doctrine of Separation of Powers) ഇന്ത്യന്‍ ഭരണഘടനയുടെ ഒഴിച്ചുകൂടാനാകാത്ത അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. പരമാധികാരത്തിന്റെ മൂന്ന് അടിസ്ഥാന ശിലകളായ നിയമ നിര്‍മാണവും (Legislation), നിര്‍വഹണവും (Execution) വ്യാഖ്യാനവും (Adjudication) തീര്‍ത്തും സ്വതന്ത്രമായ മൂന്ന് സ്ഥാപനങ്ങളായി തന്നെ നിലനില്‍ക്കണം എന്നാണ് ഈ സിദ്ധാന്തം കൊണ്ടുള്ള വിവക്ഷ. രാജ്യത്തിന്റെ അഖണ്ഡതയും നിലനില്‍പ്പും പ്രസ്തുത തൂണുകളിലായാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഈ മൂവരില്‍ നിന്നാരെങ്കിലും അപരന്റെ അധികാര പരിധിയെ അവമതിക്കുകയോ അതില്‍ കൈകടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഒരു വിഭാഗത്തിന്റെ കീഴില്‍ അധികാര കേന്ദ്രീകരണത്തിന് അത് ഹേതുവാകും. തത്ഫലമായി പ്രസ്തുത സാഹചര്യം ഏകാധിപത്യ രാഷ്ട്ര സംവിധാനത്തിലേക്കും നയിക്കും.

അടുത്തിടെ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ‘ദി ട്രൈബ്യൂണല്‍സ് റിഫോംസ് ആക്ട്, 2021’ന്റെ പശ്ചാത്തലത്തില്‍ അധികാര വിഭജന സിദ്ധാന്തത്തെ വായനക്കെടുക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. പുതിയ ആക്ട് പ്രകാരം എട്ട് ട്രൈബ്യൂണലുകളെ പിരിച്ച് വിടുകയും അവയുടെ അധികാരപരിധി മുകള്‍ കോടതികളിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം ഇവ പിരിച്ചു വിടാനുള്ള കാരണങ്ങളായി പറയുന്നത് ജീവനക്കാരുടെ കുറവും സമയബന്ധിതമായി വിധി തീര്‍പ്പാക്കാന്‍ കഴിയാത്ത കേസുകളുടെ വര്‍ധനവുമാണ്. മറ്റു പ്രായോഗിക വശങ്ങളിലൂടെ പരിഹരിക്കേണ്ടിയിരുന്ന പ്രശ്നങ്ങള്‍ എങ്ങനെ ട്രൈബ്യൂണല്‍ പിരിച്ചു വിടുക എന്ന പരിഹാരത്തിലേക്ക് എത്തുന്നു എന്നത് ഒരു ചോദ്യമാണ്. ചില പ്രത്യേക അധികാരങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാറിന് ഈ ആക്ട് പ്രകാരം ലഭിച്ചുകഴിഞ്ഞു.

ഈ ആക്ട് പ്രകാരം ട്രൈബ്യൂണലിലേക്കുള്ള തിരഞ്ഞെടുപ്പും പിരിച്ചുവിടലും എസ് സി എസ് സി (Search cum Selection Committee) എന്ന സമിതിയാണ് തീരുമാനിക്കുക. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തല്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പിരിച്ചുവിട്ട നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്സ് കമ്മീഷന്‍ (എന്‍ ജെ എ സി) എന്ന സമിതിയുമായി ചെറുതല്ലാത്ത സാമ്യത വെച്ചുപുലര്‍ത്തുന്നുണ്ട് എസ് സി എസ് സി. മദ്രാസ് ബാര്‍ അസ്സോസിയേഷനും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ ഈയടുത്താണ്, കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്ന അമിതാധികാരങ്ങള്‍ ചൂണ്ടിക്കാട്ടി, സമാനമായ ഒരു ആക്ടിന്റെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞത്. എന്നാല്‍ ജുഡീഷ്യല്‍ വിധികളെ പരസ്യമായി ചോദ്യം ചെയ്തു കൊണ്ട്, പുതിയ നാമകരണത്തോട് കൂടെ 2017ലെ പ്രസ്തുത ഭാഗങ്ങള്‍ തന്നെയാണ് പാര്‍ലിമെന്റ് വീണ്ടും പാസ്സാക്കിയിരിക്കുന്നത്. നീതി നിഷേധങ്ങള്‍ ജുഡീഷ്യല്‍ ഇടപെടലുകളിലൂടെ പരിഹരിക്കപ്പെടുകയെന്നതാണ് ഇന്ത്യന്‍ കാവ്യനീതി. പ്രഥമദൃഷ്ട്യാ ഈ അധികാര സന്തുലിതാവസ്ഥയാണ് ഇവിടെയെല്ലാം ചോദ്യം ചെയ്യപ്പെടുന്നത്.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 50ലാണ് ജുഡീഷ്യറിയെ എക്സിക്യൂട്ടീവ് പവറില്‍ നിന്ന് വേര്‍തിരിച്ചു കൊണ്ടുള്ള വ്യവസ്ഥകള്‍ പ്രതിപാദിച്ചിരിക്കുന്നത്. പരമ്പരാഗത കോടതികളെ പോലെ ട്രൈബ്യൂണലുകളും ഈ ആര്‍ട്ടിക്കിളിന്റെ പരിധിയില്‍ വരുമെന്ന് ജോണ്‍ മാത്യു-സൗത്ത് ഇന്ത്യന്‍ ബേങ്ക് കേസില്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയാണെന്നിരിക്കെ, ലിഖിതവും അവിതര്‍ക്കിതവുമായ ഈ നിയമങ്ങളെയെല്ലാം അവഗണിച്ച് പുതിയ ആക്ട് അവതരിപ്പിക്കുന്നതിലൂടെ തങ്ങളുടെ നയം കൂടിയാണ് (ഭൂരിപക്ഷ) പാര്‍ലിമെന്റ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.

ആക്ടിന്റെ സെക്ഷന്‍ 3(8) പ്രകാരം തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ (SCSC) അംഗങ്ങളുടെ അസാന്നിധ്യം ഒരിക്കലും ജുഡീഷ്യല്‍ അപ്പോയിന്‍മെന്റുകളെ ബാധിക്കുകയില്ല. അതായത്, കമ്മിറ്റിയിലെ ജുഡീഷ്യല്‍ അംഗങ്ങളുടെ പൂര്‍ണമായ അസാന്നിധ്യം പോലും അപ്പോയിന്‍മെന്റ് സംബന്ധിയായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് തടസ്സമാകില്ല എന്ന് സാരം. നിയമന രംഗത്തെ ഈയൊരു പഴുത് ജുഡീഷ്യറിയില്‍ കൈകടത്താനുള്ള പ്രവിശാലമായ അവസരമാണ് എക്സിക്യൂട്ടീവിന് തുറന്നിടുന്നത്.

രണ്ട് പാനല്‍ മെമ്പേഴ്സിനെ നാമകരണം ചെയ്യാന്‍ എസ് സി എസ് സിക്ക് അനുമതിയുണ്ടെങ്കില്‍ പോലും ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക കേന്ദ്ര ഭരണകൂടമായിരിക്കും എന്നാണ് സെക്ഷന്‍ 3(7) പറഞ്ഞു വെക്കുന്നത്. നാമകരണം വഴിയുള്ള പാനല്‍ അംഗത്വം ഒരാളില്‍ ചുരുക്കണം എന്നും ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എക്സിക്യൂട്ടീവ് സ്വാധീനം ഒഴിവാക്കപ്പെടേണ്ടതാണെന്നുമുള്ള, സുപ്രീം കോടതി പലപ്പോഴായി നല്‍കിയ ശാസനകളും ഇതിനോട് കൂടെ ചേര്‍ത്ത് വായിക്കണം. ത്രയചക്രത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന്റെ ജുഡീഷ്യല്‍ സംവിധാനത്തിന് സംഭവിക്കുന്ന ഏതൊരു കോട്ടവും അതീവ ഗുരുതരമായി തന്നെ കണക്കാക്കേണ്ടതുണ്ട്. അവ ക്ഷണിച്ചുവരുത്തുന്ന പ്രത്യാഘാതങ്ങള്‍ ഒരുപക്ഷേ കേള്‍വികേട്ട ഈ ദക്ഷിണേഷ്യന്‍ ജനാധിപത്യത്തെ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചു നീക്കിയെന്നും വരാം.

ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഇത് നാലാം തവണയാണ് കോടതി പലപ്പോഴായി അസാധു എന്ന് പ്രഖ്യാപിച്ച അതേ വിഷയം വീണ്ടും പരിഗണിക്കേണ്ടി വരുന്നത് (ഒരു പാര്‍ലിമെന്റ് അംഗം കൊടുത്ത ഹരജി ഉള്‍പ്പെടെ). പെന്‍ഡിംഗ് കേസുകളുടെ പേരില്‍ പ്രസിദ്ധമായ ഇന്ത്യന്‍ കോടതികളുടെ മൂല്യവത്തായ സമയം വീണ്ടും നഷ്ടപ്പെടുത്താന്‍ മാത്രമേ ഇതുപകരിക്കൂ എന്ന് പറയാതെ വയ്യ. ഈ കാരണം കൊണ്ട് തന്നെ, 2017 മുതല്‍ 15 ട്രൈബ്യൂണലുകളിലായി 240 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്.

ചുരുക്കത്തില്‍ ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേഷന്‍ എന്നിവയുടെ പക്വവും പരിധിക്കകത്തു നിന്നുമുള്ളതുമായ കര്‍ത്തവ്യ നിര്‍വഹണമാണ് ഈ സംവിധാനം കൊണ്ടുള്ള ഇന്ത്യയുടെ രാഷ്ട്രീയ താത്പര്യം. സ്വാര്‍ഥവും വ്യക്തി കേന്ദ്രീകൃതവുമായ ഇഷ്ടാനിഷ്ടങ്ങളെ പുറത്ത് നിര്‍ത്തലാണ് ഈ രൂപത്തില്‍ ഭരണ കാര്യങ്ങളെ സംവിധാനിച്ചത് കൊണ്ടുള്ള പ്രഥമ ലക്ഷ്യം. ഈയൊരു ലക്ഷ്യബോധമാണ് നമ്മെ നയിച്ചു കൊണ്ടിരിക്കുന്നത്. അവ തന്നെയാകണം എന്നും നമ്മെ നയിക്കേണ്ടതും.