Kerala
ഫിന്‍ലാന്‍ഡിലെ 'ഇന്ത്യാ ഡേ' മേളയില്‍ ബീഫ് വിഭവങ്ങള്‍ക്ക് വിലക്ക്
'ഇന്ത്യാ ഡേ'യുടെ മുന്നോടിയായി കേരളത്തിന്റെ വിഭവങ്ങളായ ബീഫും പൊറാട്ടയും പഴം പൊരിയും ഉള്‍പ്പെടെ നാടന്‍ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുന്നതിന് മലയാളി അസോയിയേഷന്‍ സംഘാടകര്‍ക്ക് കത്ത് നല്‍കിയിരുന്നു

കോഴിക്കോട് | കേരളമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ഫിന്‍ലാന്‍ഡിലെ മഹാമേളയില്‍ ബീഫ് വിഭവങ്ങള്‍ക്ക് നിരോധനം. മലയാളി അസോസിയേഷന്റെ സ്റ്റാളുകളിലാണ് ബീഫ് വിഭവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിഭവങ്ങളും മറ്റും പരിചയപ്പെടുത്തുന്ന ‘ഇന്ത്യാ ഡേ’ എല്ലാ വര്‍ഷവും ആഗസ്റ്റില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യമായ ഫിന്‍ലാന്‍ഡില്‍ സംഘടിപ്പിക്കാറുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിവിധ സംസ്ഥാനക്കാര്‍ക്കിടയിലും ഫിന്‍ലാന്‍ഡിലുള്ള മറ്റ് രാജ്യക്കാര്‍ക്കുമിടയിലും സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായാണ് ഈ മഹാമേള സംഘടിപ്പിക്കാറുള്ളത്. കല, സംസ്‌കാരം, ബിസിനസ് എന്നീ മേഖലകളിലൂടെ ഇന്ത്യ-ഫിന്‍ലാന്‍ഡ് ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി ‘ഇന്ത്യാ ഡേ’ക്കുണ്ട്. 2016ലാണ് ഈ മഹാമേള ആരംഭിച്ചത്. ഓരോ വര്‍ഷവും മേളയില്‍ പങ്കെടുക്കുന്നവരുടെ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ എംബസി അധികൃതരും ഫിന്‍ലാന്‍ഡ് ഇന്ത്യ സെഹ്റ എന്ന സന്നദ്ധ സംഘടനയുമാണ് ഇന്ത്യാ ഡേയുടെ പ്രധാന സംഘാടകര്‍.
‘ഇന്ത്യാ ഡേ’യുടെ മുന്നോടിയായി കേരളത്തിന്റെ വിഭവങ്ങളായ ബീഫും പൊറാട്ടയും പഴം പൊരിയും ഉള്‍പ്പെടെ നാടന്‍ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തുന്നതിന് മലയാളി അസോയിയേഷന്‍ സംഘാടകര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബീഫ് വിഭവങ്ങള്‍ അനുവദിക്കാനാകില്ലെന്ന് അറിയിച്ച് കൊണ്ട് സംഘാടകര്‍ മറുപടി നല്‍കുകയായിരുന്നു. മതവികാരം വൃണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയിയായിരുന്നു നിരോധനം. ബീഫ് നിരോധനമില്ലാത്ത രാജ്യമായ ഫിന്‍ലാന്‍ഡിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാന പരിപാടിയില്‍ നിന്ന് ന്യായീകരണമില്ലാതെ ബീഫ് വിഭവങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇത് മലയാളികള്‍ക്കിടയില്‍ ഉള്‍പ്പെടെ തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് ഫിന്‍ലാന്‍ഡിലെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ‘സിറാജി’്‌നോട് പറഞ്ഞു. ആഅതേസമയം ബീഫ് വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ പൊറാട്ടയും മീനും മെനുവില്‍ ഉള്‍പ്പെടുത്തിയാണ് മലയാളി അസോസിയേഷന്റെ കീഴില്‍ സ്റ്റാളുകള്‍ സജ്ജീകരിച്ചത്. സ്വീഡന്‍, ഡെന്മാര്‍ക്ക്, ബ്രസീല്‍, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഫിന്‍ലാന്‍ഡിലേക്ക് ബീഫ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഫിന്‍ലാന്‍ഡില്‍ നിന്ന് ബീഫ് കയറ്റുമതിയുമുണ്ട്. ബീഫ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലാത്ത രാജ്യം കൂടിയാണ് ഫിന്‍ലാന്‍ഡ്.