Connect with us

National

കര്‍ഷക സമരത്തിനെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതിക്ക് കത്ത് അയച്ച് ബാര്‍ അസോസിയേഷന്‍

കര്‍ഷകസമരത്തെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക സമരത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ (എസ്സിബിഎ) പ്രസിഡന്റ്. കര്‍ഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും പ്രക്ഷോഭം മൂലം അഭിഭാഷകര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നുമാണ് കത്തില്‍ ആരോപിക്കുന്നത്. കര്‍ഷകര്‍ അനധികൃതമായി ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണെന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആദിശ് അഗര്‍വാല കത്തില്‍ പറയുന്നു.

കര്‍ഷകസമരത്തെ തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ സിമന്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഛണ്ഡീഗഢില്‍ കേന്ദ്ര മന്ത്രിമാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

താങ്ങുവില ഉറപ്പാക്കല്‍ നിയമം ,കര്‍ഷകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുക, വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, കര്‍ഷകര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ രണ്ടാം കര്‍ഷകസമരത്തിന് രംഗത്തെത്തിയത്.

 

Latest