Kerala
കോഴിക്കോട് പ്ലസ് വൺ വിദ്യാര്‍ഥികളെ റാഗ് ചെയ്തതായി പരാതി; രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും ഗുരുതര പരുക്ക്
സംഭവത്തിൽ രക്ഷിതാക്കൾ കാക്കൂർ പോലീസിൽ പരാതി നൽകി.
കോഴിക്കോട്| ബാലുശ്ശേരി പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. അഞ്ച് വിദ്യാര്‍ഥികളാണ് റാഗിങിനെത്തുടര്‍ന്ന് മര്‍ദനത്തിനിരയായത്. ആക്രമണത്തിൽ രണ്ടുപേരുടെ കണ്ണിനും ഒരാളുടെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റതായി വിവരമുണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ കാക്കൂർ പോലീസിൽ പരാതി നൽകി.
രണ്ടുദിവസങ്ങളിലായാണ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. അഞ്ച് വിദ്യാർഥികളുടെയും ഷർട്ടിന്റെ ബട്ടൺ അഴിച്ചിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ആദ്യം സ്കൂൾ അധികൃതരെ പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. എന്നാൽ, സ്കൂളിലെ ആന്റി-റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂവെന്നാണ് കാക്കൂർ പോലീസിന്റെ വിശദീകരണം. സ്കൂൾ അധികൃതരുടെ നിലപാടും റിപ്പോർട്ടും ലഭിക്കുന്നതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights:
Five plus-one students were assaulted by seniors at Pavandoor HSS in Balussery over unbuttoned shirts. Two suffered severe eye injuries and one sustained head injuries during the two-day ordeal. Parents approached Kakkoor police alleging initial inaction from school authorities.



