Kerala
വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെട്ടു; 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
പന്തളം കുളനട ഉള്ളന്നൂര്‍ സദാനന്ദ വിലാസത്തില്‍ ശ്രീജയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി.

പത്തനംതിട്ട | വിമാനയാത്രയ്ക്കിടെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയില്‍ വീട്ടമ്മയ്ക്കും കുടുംബത്തിനും 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. പന്തളം കുളനട ഉള്ളന്നൂര്‍ സദാനന്ദ വിലാസത്തില്‍ ശ്രീജയ്ക്കും കുടുംബത്തിനുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
മണാലിയിലേക്ക് പോകുന്നതിനായി ഇവര്‍ കഴിഞ്ഞ ജനുവരി മൂന്നിന് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ ലേഓവര്‍ ഉള്ളതിനാല്‍ വിമാനം ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ ഇറങ്ങുകയും അവിടെനിന്ന് ന്യൂഡല്‍ഹിയിലേക്ക് പോവുകയുമായിരുന്നു. ഭുവനേശ്വര്‍ വിമാനത്താവളത്തിലെ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റില്‍ തങ്ങളുടെ ഒരു ബാഗ് കണ്ടയുടനെ ശ്രീജ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരെ വിവരമറിയിച്ചിരുന്നു. ബാഗ് സുരക്ഷിതമായി ന്യൂഡല്‍ഹിയിലെത്തുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കി. എന്നാല്‍, ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ചെക്ക് ഔട്ട് ചെയ്തപ്പോള്‍ ഒരു ബാഗ് ലഭിച്ചില്ല. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരോട് പരാതിപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചതല്ലാതെ നടപടിയുണ്ടായില്ല. പിന്നീട് 5,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഹരജിക്കാരെ അറിയിക്കുകയായിരുന്നു.
ബാഗില്‍ അവശ്യമരുന്നുകളും ശീതകാല വസ്ത്രങ്ങളും യാത്രയില്‍ ഒഴിവാക്കാനാകാത്ത മറ്റു സാമഗ്രികളും ആണ് ഉണ്ടായിരുന്നത് എന്നതിനാല്‍ ശ്രീജക്കും കുടുംബത്തിനും യാത്ര ഉപേക്ഷിച്ചു മടങ്ങേണ്ടിവന്നു. വാദികള്‍ നല്‍കിയ പരാതിയും തെളിവുകളും സസൂക്ഷ്മം വിലയിരുത്തിയ കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. എതിര്‍കക്ഷി ഹാജരാകാതിരുന്നതിനാല്‍ വാദികളുടെ പരാതിയിലെ സത്യാവസ്ഥ ബോധ്യപ്പെട്ട കമ്മീഷന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും 25,000 രൂപ കോടതി ചെലവും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.