Connect with us

Uae

ദുബൈയിൽ അടുത്ത വർഷം വാടക കുറയും

നിർമാണം പൂർത്തിയായി വരുന്ന 72,000-ത്തിലധികം വീടുകളുടെ കൈമാറ്റം ഈ വർഷം നടക്കും.

Published

|

Last Updated

ദുബൈ| അടുത്ത വർഷം ദുബൈയിൽ വാടക കുറയാൻ സാധ്യത. നിർമാണം പൂർത്തിയായി വരുന്ന 72,000-ത്തിലധികം വീടുകളുടെ കൈമാറ്റം ഈ വർഷം നടക്കും. ഇത് വാടകക്കാരുടെ മേലുള്ള സമ്മർദ്ദം ലഘൂകരിക്കും. ധാരാളം വാണിജ്യ കെട്ടിടങ്ങളും നിർമാണത്തിലാണ്. പ്രോപ്പർട്ടി പോർട്ടലുകളായ ബയൂത്തും ഡുബിസലും പുറത്തിറിക്കിയ പുതിയ റിപ്പോർട്ടിലും ഇത് ചൂണ്ടിക്കാട്ടുന്നു. വിപണി “ആരോഗ്യകരമായ സ്ഥിരത’യുടെ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
“ദ്രുതഗതിയിലുള്ള വളർച്ചയുടെ ഒരു കാലഘട്ടത്തിന് ശേഷം വാടക വിപണി സ്ഥിരത കൈവരിക്കാൻ തുടങ്ങിയിരിക്കുന്നു.’ ബയൂത്തിന്റെയും ഡുബിസൽ ഗ്രൂപ്പിന്റെയും മേധാവികൾ അറിയിച്ചു. കഴിഞ്ഞ വർഷം, 27,000 പുതിയ വീടുകളാണ് പൂർത്തിയായതെന്ന് വാലുസ്ട്രാറ്റ് മാനേജ്മെന്റ്കൺസൾട്ടൻസിയുടെ റിപ്പോർട്ട് വ്യക്തമാക്കി. ഇത് ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ അളവാണ്.
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച, “ആദ്യമായി വീട് വാങ്ങുന്നയാൾ’ സംരംഭം വാടകക്കാരെ എക്‌സ്‌ക്ലൂസീവ് യൂണിറ്റുകളിലേക്കും ആകർഷകമായ ധനസഹായത്തിലേക്കും നയിക്കുന്നു. വിരമിച്ചവർക്കും വിദൂരത്തുള്ളവർക്കും താമസാനുമതി അനുമതി. പത്ത് വർഷത്തെ ഗോൾഡൻ വിസ പദ്ധതിയുടെ വിപുലീകരണം, വൈവിധ്യവത്കരണ ശ്രമങ്ങളിലൂടെ യു എ ഇയുടെ സമ്പദ്്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വളർച്ച തുടങ്ങിയ സർക്കാർ സംരംഭങ്ങൾ ദുബൈ പ്രോപ്പർട്ടി വിപണിയെ സഹായിച്ചിട്ടുണ്ട്.
ആദ്യമായി വീട് വാങ്ങുന്നയാൾ സംരംഭത്തിന് കീഴിൽ,ഡെവലപ്പർമാരിൽ നിന്നും നിലവിലുള്ള ഇൻവെന്ററിയിൽ നിന്നും പുതിയ വീടുകളിലേക്ക് മാറുന്നവർക്ക് മുൻഗണന ലഭിക്കും. ഓഫ് – പ്ലാൻ യൂണിറ്റുകളുടെ വിലയിൽ കിഴിവുകൾ അല്ലെങ്കിൽ പരിമിതമായ ഓഫറുകൾ, വഴക്കമുള്ള പേയ്മെന്റ് പ്ലാനുകൾ, മെച്ചപ്പെട്ട പലിശ നിരക്കുകൾ, വേഗത്തിലുള്ള അംഗീകാര സമയം, കുറഞ്ഞ ഫീസ് എന്നിവയുള്ള മെച്ചപ്പെട്ട മോർട്ട്‌ഗേജ് അവർക്ക് പ്രയോജനപ്പെടും. വർഷത്തിന്റെ ആദ്യ പകുതിയിൽ താങ്ങാനാവുന്ന അപ്പാർട്ട്‌മെന്റ് വാടക ഏഴ് ശതമാനം വർധിച്ചു. എന്നാൽ ബർ ദുബൈ, ദേര എന്നിവിടങ്ങളിലെ ചില യൂണിറ്റുകൾക്ക് 6.19 ശതമാനം കുറവുണ്ടായി.
ബർദുബൈ, അൽ ഫുർജാൻ, ദേര എന്നിവ ജനപ്രിയമാണ്. ജുമൈറ വില്ലേജ് സർക്കിൾ, ബിസിനസ് ബേ, ജുമൈറ ലേക്‌സ് ടവറുകൾ മിഡ്-ടയർ യൂണിറ്റുകൾക്ക് ആവശ്യക്കാരുണ്ട്. അതേസമയം ദുബൈ മറീന, ഡൗൺടൗൺ ദുബൈ, ദുബൈ ക്രീക്ക് ഹാർബർ എന്നിവ ആഡംബര അപ്പാർട്ടുമെന്റുകൾക്കുള്ള പ്രധാന സ്ഥലങ്ങളാണ്. അൽ ഫുർജാനിൽ മൂന്ന്, നാല് കിടപ്പുമുറികളുള്ള യൂണിറ്റുകളും ജെ വി സിയിൽ നാല്, അഞ്ച് കിടപ്പുമുറികളുള്ള യൂണിറ്റുകളും വാടക കുറച്ചു. 13 ശതമാനം വരെ കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

Latest