Connect with us

Kerala

എസ് ഐ ആര്‍ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍:ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി

അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  എസ് ഐ ആറിലൂടെ പൗരത്വ രജിസ്റ്ററിലേക്കുള്ള പിന്‍വാതില്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി  തിരഞ്ഞെടുപ്പ് പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ലോക്‌സഭയില്‍ പറഞ്ഞു. പൗരത്വം പരീക്ഷിക്കുക എന്നത് ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍പ്പെട്ട കാര്യമല്ല.അവ്യക്തവും അസ്ഥിരവുമായ മാനദണ്ഡങ്ങള്‍ വച്ച് രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശത്തെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭരണഘടന നല്‍കിയ മൗലികാവകാശത്തെ സംവിധാനത്തിന്റെയും ബ്യൂറോക്രസിയുടെയും ഇടപെടലുകളിലൂടെ തകര്‍ക്കുന്നത് അനുവദിക്കാന്‍ ആകില്ലെന്നും സമദാനി പറഞ്ഞു

 

വോട്ടവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന ഈ പുതിയ രീതിക്ക് നടപടിക്രമത്തിലെ നീതിയോ സുതാര്യതയോ വിവേചനരാഹിത്യമോ ഇല്ല. പൗരനെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും തന്റെ സമ്മതിദാനത്തിനുള്ള അര്‍ഹത തെളിയിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു.

പൗരന്റെ അടിസ്ഥാനപരമായ ജനാധിപത്യാവകാശത്തില്‍ വെള്ളം കലര്‍ത്താന്‍ ഭരണപരമായ ഒരു നടപടിയെയും അനുവദിക്കാത്ത വിധത്തിലുള്ള നിയമനിര്‍മ്മാണം ഉണ്ടാകണം. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത വോട്ടവകാശ നിഷേധത്തിന്റെ ഭീഷണി നേരിടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ച അപ്രായോഗികവും അസാധ്യവുമായ നടപടിക്രമങ്ങളും സമയപരിമിതിയും കൊണ്ടാണ് അവര്‍ ഈ വിഷമാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്നത്. എസ്‌ഐആര്‍ സൃഷ്ടിച്ച കെടുതികള്‍ ബിഹാറില്‍ കണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും അത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യമാകെ ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കാരങ്ങലെന്നും സമദാനി ചൂണ്ടിക്കാട്ടി.

 

എസ്‌ഐആര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും സ്വയംകൃതാര്‍ത്ഥമാണ്. ഇത്ര പ്രധാനപ്പെട്ടൊരു കാര്യത്തിന് എന്താണ് ഇത്ര വലിയ ധൃതിയെന്നും എന്തുകൊണ്ടാണ് ഇത്രഹൃസ്വമായ സമയപരിധിയെന്നും കേന്ദ്രസര്‍ജര്‍ വ്യക്തമാക്കണം- സമദാനി ആവശ്യപ്പെട്ടു

 

Latest