Aksharam Education
പഠനം മധുരം...
കേവലം ജയമല്ല, നമ്മുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള കരിയർ കെട്ടിപ്പടുക്കാൻ പരമാവധി ശ്രമിച്ചാലേ മത്സര ലോകത്ത് നമ്മുടെ സ്ഥാനം ഉറപ്പിക്കാനാകൂ എന്ന ബോധ്യം എപ്പോഴുമുണ്ടാകണം. നാളെയാകട്ടെ എന്നല്ല, ഇന്ന് തുടങ്ങാം എന്നാണ് മനസ്സിലുണ്ടാകേണ്ടത്. ഈ അധ്യയന വർഷത്തിൽ എല്ലാ കൂട്ടുകാർക്കും അക്ഷരത്തിന്റെ ഹൃദ്യമായ സ്വാഗതം.
മഴയുടെ താളവും മണ്ണിന്റെ മണവുമായി വീണ്ടുമൊരു ജൂൺ കൂടി കടന്നുപോയി. കുടയും ബാഗും പുസ്തകങ്ങളുമായി വിദ്യാലയ മുറ്റം വീണ്ടും കുട്ടികളുടെ കളിയും ചിരിയും കൊണ്ട് സജീവമായി. അവധിക്കാലത്തെ ആഘോഷങ്ങളും ഉച്ചവരെയുള്ള ഉറക്കവും മൊബൈൽ ഗെയിമുകളുമെല്ലാം മാറ്റിവെച്ച് പഠനത്തിന്റെ തിരക്കുകളിലേക്ക് എല്ലാവരും കടന്നിരിക്കുകയാണ്. “എണീക്ക്, സ്‌കൂളിൽ പോകാൻ സമയമായി’ എന്ന അമ്മയുടെ സ്നേഹ സൈറൺ എല്ലാ വീട്ടിലും പതിവായിക്കഴിഞ്ഞു. ശോഭനമായ ഭാവിക്ക് വിദ്യാഭ്യാസം അവിഭാജ്യമാണെന്ന് നമുക്കെല്ലാം അറിയാം. കേവലം ജയമല്ല, നമ്മുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള കരിയർ കെട്ടിപ്പടുക്കാൻ പരമാവധി ശ്രമിച്ചാലേ മത്സര ലോകത്ത് നമ്മുടെ സ്ഥാനം ഉറപ്പിക്കാനാകൂ എന്ന ബോധ്യം എപ്പോഴുമുണ്ടാകണം. നാളെയാകട്ടെ എന്നല്ല, ഇന്ന് തുടങ്ങാം എന്നാണ് മനസ്സിലുണ്ടാകേണ്ടത്. ഈ അധ്യയന വർഷത്തിൽ എല്ലാ കൂട്ടുകാർക്കും അക്ഷരത്തിന്റെ ഹൃദ്യമായ സ്വാഗതം.
ടൈം ടേബിളിൽ തുടങ്ങാം
ടൈം ടേബിൾ എന്ന് കേൾക്കുമ്പോൾ പഠിക്കാനുള്ള ടൈം ടേബിൾ എന്ന കുരുതി മുഖം കറുപ്പിക്കേണ്ട. പഠനത്തോടൊപ്പം വിനോദവും വിശ്രമവും എല്ലാം ഉൾപ്പെട്ട ടൈം ടേബിളാണ് ഉദ്ദേശിക്കുന്നത്. തുടക്കത്തിൽ തന്നെ എല്ലാ കാര്യങ്ങൾക്കും ഒരു സമയനിഷ്ഠ ഉണ്ടാക്കുന്നത് ജീവിതത്തിനും പഠനത്തിനും ഏറെ പ്രയോജനം ചെയ്യും. മുഴുവൻ സമയവും പഠനം മാത്രമായാൽ ബോറാണെന്ന് മാത്രമല്ല, അതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനും കഴിയില്ല. ടൈം ടേബിൾ തയ്യാറാക്കിയാൽ അതിന്റെ ഒരു കോപ്പി കാണാൻ പാകത്തിന് നമ്മുടെ റൂമിന്റെ എവിടെയെങ്കിലും ഒട്ടിച്ചുവെക്കണം. ടൈംടേബിൾ തയ്യാറാക്കിയാലും ആദ്യത്തെ കുറച്ചു ദിവസങ്ങൾ അത് കൃത്യമായി പാലിക്കാൻ കഴിയുന്നില്ലെന്ന് കരുതി ആശങ്കപ്പെടേണ്ട. രണ്ടോ മൂന്നോ ആഴ്ചകൾകൊണ്ട് കൃത്യമായ ശീലങ്ങളിലേക്ക് എത്തിക്കൊള്ളും. അങ്ങനെ പഠനത്തിനും ഭക്ഷണത്തിനും വിനോദത്തിനുമെല്ലാം കൃത്യമായ അടുക്കും ചിട്ടയും വരുന്നതോടെ മനസ്സും കുളിരണിയും.
എങ്ങനെ പഠിക്കണം
ചിലർ വളരെ നിശ്ശബ്ദരായി പഠിക്കുന്നവരായിരിക്കും. മറ്റു ചിലർ വളരെ ഉച്ചത്തിൽ വായിച്ചു പഠിക്കുന്നവരായിരിക്കും. ഓരോരുത്തർക്ക് പെട്ടെന്ന് മനസ്സിലാക്കാനുള്ള പഠനരീതി എന്താണോ അത് സ്വീകരിക്കാം. എങ്കിലും ശബ്ദം പുറത്തുവരുന്ന രീതിയിലുളള വായന പഞ്ചേന്ദ്രിയങ്ങളെ ഉപയോഗപ്പെടുത്തുന്നതിലൂടെ പഠനം മികവുറ്റതാക്കാമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. എന്നാൽ, അത്തരത്തിലുള്ള പഠനം ചുറ്റുമുള്ളവർക്ക് അലോസരം ഉണ്ടാക്കാനും ഇടയുണ്ട്. ചിലർ നേരത്തേ എഴുന്നേറ്റ് പഠിക്കുമ്പോൾ രാത്രി ഏറെ സമയം ഇരുന്ന് പഠിക്കുന്നവരും ധാരാളം. ഏത് സമയത്തായാലും ഏകാഗ്രത പ്രധാനമാണ്. പഠിക്കാൻ വേണ്ടി മുന്നിൽ കാഴ്ചകളില്ലാത്ത സ്ഥലം തിരഞ്ഞെടുക്കുന്നത് ചിലർക്ക് ഏകാഗ്രത വർധിക്കാൻ കാരണമാകും.
നിവർന്നിരുന്ന് വേണം പഠിക്കാൻ. അത് ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. തലച്ചോറിൽ നിന്ന് സുഷുമ്‌നാ നാഡിയിലൂടെയാണല്ലോ അവയവങ്ങളിലേക്കുളള ബന്ധം. സുഷുമ്‌നാ നാഡി കൃത്യമായി പ്രവർത്തനക്ഷമമായാൽ ശരിയായ ചിന്തയും ഓർമയും ഉണ്ടാകും. സുഷുമ്‌നാ നാഡിക്ക് കൂടുതൽ ഓക്‌സിജൻ ലഭിക്കുമ്പോൾ പഠനവും എളുപ്പമാകും. ഒരു മണിക്കൂറിൽ കൂടുതലൊന്നും ഒരേ ഇരുത്തരം പാടില്ല ട്ടോ. പിന്നെ കുറച്ച് റസ്റ്റ് എടുത്ത് വീണ്ടും തുടങ്ങാം. പക്ഷേ ഈ റസ്റ്റ് ടൈം ഫോണിൽ കുത്തിക്കളിച്ചാൽ കാര്യമില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പ് അന്ന് പഠിച്ചവ വെറുതെ ഒന്ന് മനസ്സിലൂടെ ഓടിച്ച് പോകുന്നത് ഓർമക്ക് ഏറെ ഗുണം ചെയ്യും. ശരീരവും മനസ്സും ഉൻമേഷത്തിലാക്കാൻ കൃത്യസമയത്ത് പോഷകാഹാരമുള്ള ഭക്ഷണം എന്നും സഹായിക്കും. ഉറക്കവും കൃത്യമായി വേണ്ടത്ര ഉണ്ടാകണം. ഉറക്കമൊഴിച്ചുള്ള പഠനം വിപരീത ഫലമേ ഉണ്ടാക്കൂ.
ഭാവി കുട്ടിക്കളിയല്ല
ലോകം ഇന്ന് മത്സരാധിഷ്ഠിതമാണ്. പണ്ട് കാലത്ത് എസ് എസ് എൽ സി ജസ്റ്റ് പാസ്സായി ജയിച്ച് കയറിയവന് മുന്നിൽ നിരവധി വഴികളും തൊഴിലുകളും തുറന്ന് കിടപ്പുണ്ടായിരുന്നു. ഇന്ന് കാലം മാറി, ഫുൾ എ പ്ലസ്സുകാരുടെ എണ്ണം നോക്കിയാലറിയാം പഠനവും ജോലിയുമെല്ലാം എത്രമാത്രം മത്സര മുഖത്താണെന്ന്. എന്ന് കരുതി ഫുൾ എ പ്ലസ് എന്നത് അവസാന വാക്കൊന്നുമല്ല. ലോകം അവസാനിക്കാനും പോകുന്നില്ല. പരീക്ഷ പലതവണ തോറ്റവനും മാർക്ക് കുറഞ്ഞവനുമൊക്കെ ലോകത്തിന്റെ നെറുകയിൽ ഇന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. പക്ഷേ, എല്ലാവർക്കും കെ ആർ നാരായണൻ ആകാൻ കഴിയില്ലല്ലോ. തോമസ് ആൽവാ എഡിസൺ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടവനായിരുന്നു. പിന്നീട് അദ്ദേഹം ലോകത്തിന് വെളിച്ചം നൽകി ലോക പ്രശസ്തനായത് പഠനം കൂടെ കൂട്ടിയിട്ട് തന്നെയായിരുന്നു.
പഠനം ഭാവി ജീവിതത്തിലെ വലിയൊരു മുന്നൊരുക്കമാണ്. അതിന് അരയും തലയും മുറുക്കി ഒരുങ്ങിയേ തീരൂ. നമ്മുടെ മാതാപിതാക്കൾ രാവിലെ മുതൽ രാത്രി വരെ കഷ്ടപ്പെടുന്നത് നമുക്ക് വേണ്ടിയാണ്. ചിലർ നമുക്ക് ഒരു ബാഗും കുടയും വാങ്ങിത്തരാൻ, ഫീസ് അടയ്ക്കാൻ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ഏറ്റവും വലിയ സ്വപ്‌നം നമ്മളാണ്. ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ നമുക്കായാൽ ജീവിതത്തിൽ അവർക്ക് നാം കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാകും അത്. എന്ന് കരുതി നമുക്ക് ഒട്ടും ഇഷ്ടമല്ലാത്ത കരിയറിലേക്ക് മാതാപിതാക്കളുടെ നിർബന്ധത്തിന് തലവെച്ച് കൊടുക്കണം എന്ന് പറയുകയും ചെയ്യരുത്. പഠനം ജീവിതം മനോഹരമാക്കാനാണെന്ന് തിരിച്ചറിഞ്ഞാൽ മതി.
പഠനം മാത്രമല്ല
നമ്മുടെ മിസൈൽമാൻ മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൽ കലാം പറഞ്ഞത് പോലെ പരീക്ഷയിൽ ഒന്നാമനായവനല്ല, ജീവിതത്തിൽ ഒന്നാമനാകുന്നവനാണ് യഥാർഥ വിജയി. അബ്ദുൽ കലാം വിമാനം പറപ്പിക്കാൻ പഠിച്ചത് പരീക്ഷയിൽ ഒന്നാമനായതുകൊണ്ടല്ല, പരാജയങ്ങളിൽ തളരാതെ സ്വപ്‌നം കാണാൻ പഠിച്ചതുകൊണ്ടാണ്. തോമസ് ആൽവാ എഡിസണെ സ്‌കൂളിൽ നിന്ന് പുറത്താക്കിയപ്പോൾ ലോകം അവസാനിച്ചുവെന്ന് ചിന്തിച്ചിരുന്നെങ്കിൽ ലോകത്തിന് വെളിച്ചം നൽകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ലോകത്ത് ലക്ഷക്കണക്കിന് കുട്ടികൾക്ക് നിഷേധിക്കപ്പെട്ട ഒരു അവകാശമാണ് പഠനം. ആ അവകാശം നമുക്ക് ലഭിച്ചത് വലിയ ഭാഗ്യമാണ്. അത് കൃത്യമായി ഉപയോഗിക്കുക, ആഘോഷിക്കുക.
Content Highlights:
As the new academic year begins, students are transitioning from vacation mode to learning schedules. Creating a balanced time table that includes study, relaxation, and proper sleep is crucial for achieving personal excellence. Understanding individual learning styles and maintaining physical health can help students navigate today’s highly competitive educational landscape.





