Connect with us

International

പിതാവിനെ ഭീകരര്‍ വെടിവെച്ചു കൊന്നു, തട്ടിക്കൊണ്ടു പോയ സഹോദരന്‍ ഇപ്പോഴും കാണാമറയത്ത്; തളരാത്ത പോരാട്ട വീര്യത്തില്‍ ചരിത്ര ഗോള്‍ സമ്മാനിച്ച് ഐമന്‍ ഹുസൈന്‍

നോര്‍വേക്കെതിരായ മത്സരത്തില്‍ ഇറാഖ് 4-1 ന് പരാജയപ്പെട്ടെങ്കിലും, രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് ഗോള്‍ നേടാന്‍ ഹുസൈന് സാധിച്ചു

Published

|

Last Updated

ബാഗ്ദാദ് | ഫിഫ  ലോകകപ്പിലേക്കുള്ള യാത്രയില്‍ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈന് തടസ്സങ്ങള്‍ ഏറെയായിരുന്നു. ഈ മാസമാദ്യം, ചിക്കാഗോയിലെ യു എസ് കസ്റ്റംസ് ഹുസൈനെയും ഇറാഖ് ടീമിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരാളെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. ഇതിനാല്‍ തന്നെ അദ്ദേഹത്തിന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍, ലോക ഫുട്‌ബോളിന്റെ നെറുകയിലേക്കുള്ള ഹുസൈന്റെ യാത്ര ഇതിലും ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു. യുദ്ധത്തിന്റെ നിഴലിലാണ് 30കാരനായ ഹുസൈന്‍ വളര്‍ന്നത്.

1996-ല്‍ വടക്കന്‍-മധ്യ ഇറാഖിലെ അല്‍-ഹവിജ ജില്ലയിലുള്ള അല്‍-സഫ്രയിലാണ് ഹുസൈന്‍ ജനിച്ചത്. ഒരു സാധാരണ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ‘ഖലീജ് ടൈംസ്’ റിപ്പോര്‍ട്ട് പ്രകാരം, 2008-ല്‍ ഹുസൈന് 12 വയസ്സുള്ളപ്പോള്‍, ഇറാഖ് സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ പിതാവിനെ അല്‍-ഖ്വയ്ദ ഭീകരര്‍ വെടിവെച്ചു കൊന്നു.

‘ഞങ്ങള്‍ പണിതുകൊണ്ടിരുന്ന പുതിയ വീടിനായി ചില സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു അദ്ദേഹം. കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, ‘നിങ്ങളുടെ പിതാവ് കൊല്ലപ്പെട്ടു, മൃതദേഹം ആശുപത്രിയിലുണ്ട്’ എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ആദ്യം ഞങ്ങള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ പിതാവിന്റെ മൃതദേഹമാണ് കണ്ടത്. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും താങ്ങാനാവാത്ത ദുരന്തമായിരുന്നു,’- ഹുസൈന്‍ ഓര്‍ക്കുന്നു

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരനെ ചിലര്‍ തട്ടിക്കൊണ്ടുപോയി, അദ്ദേഹം ഇപ്പോഴും കാണാമറയത്താണ് എന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബത്തെ നോക്കുന്നതിനായി ഫുട്‌ബോള്‍ കളി നിര്‍ത്താന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അമ്മ അതിന് സമ്മതിച്ചില്ലെന്നും ഒരു അഭിമുഖത്തില്‍ ഹുസൈന്‍ പറഞ്ഞു.ഫുട്‌ബോള്‍ എന്ന സ്വപ്നം നെഞ്ചിലേറ്റിയ അദ്ദേഹം 2013-ല്‍ ‘ദോഹൂക്’ ക്ലബ്ബിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു.

 

നോര്‍വേക്കെതിരായ മത്സരത്തില്‍ ഇറാഖ് 4-1 ന് പരാജയപ്പെട്ടെങ്കിലും, രാജ്യത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് ഗോള്‍ നേടാന്‍ ഹുസൈന് സാധിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഹുസൈന്റെ ഭാഗത്തുനിന്ന് ഒരു സെല്‍ഫ് ഗോള്‍ സംഭവിച്ചുവെങ്കിലും, കോച്ച് ഗ്രഹാം അര്‍ണോള്‍ഡ് കളിയിലെ മികവിനെയാണ് പ്രശംസിച്ചത്

‘ഹുസൈന്റെ പ്രകടനത്തെയും കളിച്ച രീതിയെയും ഓര്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഈ സീസണില്‍ അദ്ദേഹത്തിന് നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും 90 മിനിറ്റ് പൂര്‍ണ്ണമായി കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ തടഞ്ഞുനിര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള തരം കളിക്കാരനാണ് അദ്ദേഹം. എനിക്ക് അവനില്‍ വലിയ അഭിമാനമുണ്ട് ”- കോച്ച് അര്‍ണോള്‍ഡ് പറഞ്ഞു.

മത്സരത്തിന്റെ 29-ാം മിനിറ്റില്‍ എര്‍ലിങ് ഹാലണ്ടിന്റെ ഗോളിലൂടെ നോര്‍വേ 1-0 ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം, ജിലറ്റ് സ്റ്റേഡിയത്തിലെ ചുവപ്പണിഞ്ഞ നോര്‍വേ ആരാധകര്‍ക്കിടയില്‍ വെള്ള ജേഴ്‌സിയണിഞ്ഞ ഇറാഖ് ആരാധകരെ ആവേശത്തിലാഴ്ത്തി ഹുസൈന്‍ ഗോള്‍ മടക്കി.

അമീര്‍ അലമ്മാരി നല്‍കിയ ക്രോസ് നോര്‍വേ പ്രതിരോധനിരയെ മറികടന്ന് എത്തിയപ്പോള്‍, ഹുസൈന്‍ കൃത്യമായൊരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. നോര്‍വേ ഗോള്‍കീപ്പര്‍ ഓറിയന്‍ നൈലാന്‍ഡിന് അത് തടയാനായില്ല. 40 വര്‍ഷത്തിനിടെ ഇറാഖ് പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണിത് .ചരിത്രത്തിലെ രണ്ടാമത്തേതും.

 

മത്സരശേഷം നോര്‍വേ കളിക്കാര്‍ക്ക് കൈകൊടുക്കുമ്പോള്‍ ഹുസൈന്‍ നിരാശനായിരുന്നു. എങ്കിലും, ശക്തരായ എതിരാളികള്‍ക്കെതിരെ തങ്ങളുടെ താരം നല്‍കിയ ആവേശം ടീമംഗങ്ങള്‍ക്ക് അഭിമാനമായി.

Content Highlights:
Iraq striker Ayman Hussein overcame deep personal tragedies to score a historic World Cup goal against Norway. Despite losing his father to terrorists and his brother being kidnapped, he pursued his football dream. His resilient performance earned immense praise from his coach and fans worldwide.

#AymanHussein #IraqFootball #WorldCup #InspiringStory #FootballNews #SirajLive

 

Latest