Connect with us

cover story

ആസ്ത്രേലിയൻ ഇഫ്താറുകൾ

ആസ്ത്രേലിയയിൽ റമസാൻ ദേശീയ വികാരം കൂടിയാണ്. പ്രധാനമന്ത്രി മുതലുള്ളവർ പ്രത്യേകം ആശംസകളറിയിക്കുകയും ഇഫ്താർ പാർട്ടി സംഘടിപ്പിക്കുകയും ചെയ്യുന്നു. ഏത് ചെറിയ ഇഫ്താർ പാർട്ടിയിലേക്കും, ഉന്നത പദവികളിലിരിക്കുന്നവർക്ക് പോലും ലളിതമായ ക്ഷണം മതിയാകും. ഫലസ്തീൻ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ചില സംഘടനകൾ ക്ഷണം നിരസിക്കുകയും ചടങ്ങുകൾ ബഹിഷ്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വർഷവും വിപുലമായി തന്നെ ഇഫ്താറുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കേരളീയ വിഭവങ്ങൾ സുലഭമായി ലഭിക്കുന്ന ഇന്ത്യൻ ഷോപ്പുകൾ ആസ്ത്രേലിയയിൽ വ്യാപകമായി ഉള്ളതുകൊണ്ട് തന്നെ, നാടൻ രുചിഭേദങ്ങൾ ഇവിടുത്തെ മലയാളികൾക്ക് ലഭ്യമാണ്.

Published

|

Last Updated

കുറഞ്ഞ സമയം നോമ്പ് നോറ്റ, കഴിഞ്ഞ ദശകത്തിന് പകരം താരതമ്യേന നീണ്ട പകലുകൾ, ഉയർന്ന താപനില, ഈർപ്പം കുറഞ്ഞ കാലാവസ്ഥ. ഇക്കുറി റമസാൻ വ്യത്യസ്തമാണ് ആസ്ത്രേലിയയിൽ. എങ്കിലും പൂർവാധികം ആവേശത്തോടെയാണ് വ്രതമാസത്തെ ഇവിടുത്തെ വിശ്വാസികൾ വരവേറ്റത്.

ഭൂഗോളത്തിന്റെ തെക്കേയറ്റത്ത്, ദക്ഷിണാർധ ഗോളത്തിലാണ് ആസ്‌ത്രേലിയയുടെ കിടപ്പ്. ഏറ്റവും ചെറിയ ഭൂഖണ്ഡവും ഏറ്റവും വലിയ രാജ്യങ്ങളിലൊന്നുമാണ് മൂന്ന് കോടിയോളം മാത്രം ജനസംഖ്യയുള്ള ഈ നാട്. 3.25 ശതമാനമാണ് ഈ വികസിത സമ്പന്ന രാജ്യത്തെ മുസ്്ലിം ജനസംഖ്യ. ഏറ്റവും പുതിയ സെൻസസ് പ്രകാരം ആസ്ത്രേലിയയിൽ എട്ട് ലക്ഷത്തിൽ പരം മുസ്‌ലിംകളുണ്ട്.

വൈവിധ്യമാണ് ഈ നാടിന്റെ മുഖമുദ്ര. മുസ്്ലിം ജീവിതത്തിലും ഈ മുദ്ര തെളിഞ്ഞുകാണും. ആചാരങ്ങളിലും ആഘോഷങ്ങളിലും വിശ്വാസത്തിലുമടക്കം ലോകത്തെ ഒട്ടുമിക്ക വംശീയ ദേശീയ പ്രാതിനിധ്യങ്ങളും സംഗമിക്കുന്നതുകൊണ്ട് തന്നെ റമസാനിന്റെ ഭക്ഷണത്തിലും അനുഷ്ഠാനങ്ങളിലും ശൈലികളിലും ആ വൈവിധ്യം പ്രകടമാണ്. അതേസമയം, ലോകത്ത് മറ്റെവിടെയുമെന്ന പോലെ എല്ലാവരെയും ചേർത്തുനിർത്തുന്നതും ആർക്കും ഇഴുകിച്ചേരാവുന്നതുമായ റമസാന്റെ തദ്‌സ്വഭാവം ആസ്‌ത്രേലിയയിലും കാണാം.
തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് കുടിയേറിയവരാണ് ആദ്യകാല ആസ്‌ത്രേലിയൻ മുസ്്്ലിംകൾ. ഇന്തോനേഷ്യൻ മക്കാസർ മുക്കുവരായും അഫ്ഗാൻ ഒട്ടക മേപ്പുകാരായും ആസ്ത്രേലിയൻ അടിമവംശജരുമായി ഇഴുകിച്ചേർന്ന മുസ്്ലിം കുടിയേറ്റക്കാർ വളരെ പെട്ടെന്ന് തന്നെ മുഖ്യധാരയുടെ ഭാഗമാകുകയും ശൈശവ ദശയിലുള്ള ദേശത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഇന്നും നിലനിൽക്കുന്ന, അഡലൈഡിനും ഡാർവിനുമടക്കമുള്ള ഖാൻ റെയിൽവേ മുസ്്ലിം സംഭാവനകളുടെ നിത്യസ്മാരകമാണ്. വിശാലമായ ദ്വീപിൽ പര്യവേഷണത്തിനും ചരക്ക് ഗതാഗതത്തിനും യൂറോപ്യൻ കുടിയേറ്റക്കാരെ സഹായിച്ച അഫ്ഗാൻ ഒട്ടകമേപ്പുകാരുടെ ധാരാളം സ്മാരകങ്ങൾ ആലീസ് സ്പ്രിംഗടക്കമുള്ള ഉൾനാടുകളിൽ കാണാൻ കഴിയും.

ഇന്ന് മുസ്‌ലിം ജനസംഖ്യയുടെ നല്ലൊരു ശതമാനം ലബനാൻ, ബോസ്‌നിയ, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, അഭയാർഥി നാടുകൾ (ഫലസ്തീൻ, ഇറാഖ്, ആഫ്രിക്കൻ രാജ്യങ്ങൾ, അഫ്ഗാൻ) എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ഒരേ സംസ്‌കാരങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മകളാണ് മുസ്്ലിം സ്ഥാപനങ്ങളും സംവിധാനങ്ങളുമായി ആസ്ത്രേലിയയിൽ വികസിച്ചത്. ലബനീസ് പള്ളി, ഫിജി സ്‌കൂൾ, സൗത്താഫ്രിക്കൻ മദ്റസ, അഫ്ഗാൻ മാർക്കറ്റ്, ടർക്കിഷ് കമ്മ്യൂണിറ്റി സെന്റർ, പാക്കിസ്ഥാൻ മസ്ജിദ് എന്നിങ്ങനെ അറിയപ്പെടുന്നു മുസ്‌ലിം കൂട്ടായ്മകൾ. തുടങ്ങുന്നത് പ്രത്യേക വിഭാഗം ആണെങ്കിലും പിന്നീട് എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ശീലം.

റമസാനിൽ ഈ വൈവിധ്യം കൂടുതൽ പ്രകടമാകും. ലേഖകൻ ജീവിക്കുന്ന ക്വീൻസ് ലാൻഡ് സംസ്ഥാനവും തലസ്ഥാനം ബ്രിസ്ബനും വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്. അതിന്റെ മനോഹരാനുഭൂതിയാണ് റമസാൻ രാത്രി മാർക്കറ്റുകൾ. ബ്രിസ്ബനിലെ സൂറൂനാ റമസാൻ ടെന്റ്, ഡിസ്‌നിയിലെ ലക്കമ്പ നൈറ്റ് മാർക്കറ്റ്, മെൽബനിലെയും അഡലൈഡിലെയും രാത്രി കമ്പോളങ്ങൾ ഇതെല്ലാം റമസാനിലെ ഭക്ഷണ വൈവിധ്യവും രാത്രി ജീവിതവും പൊലിപ്പിക്കുന്ന കേന്ദ്രങ്ങളാണ്. ഒട്ടുമിക്ക മുസ്്ലിം നാഗരികതകളിൽ നിന്നുമുള്ള ഭക്ഷണ, വസ്ത്ര വൈവിധ്യങ്ങൾ ഇവിടെ ആസ്വദിക്കാനാകും. കുനാഫ, ബഖ്‌ലാവ, മയ്‌ലൂബ, മന്തി, അറേബ്യൻ ശീഷ് കബാബ്, അഫ്ഗാൻ റൊട്ടി തുടങ്ങി രുചിഭേദങ്ങൾ ആസ്വദിക്കാൻ മതവ്യത്യാസമില്ലാതെ ആളുകൾ ഈ സ്ഥലങ്ങളിലേക്ക് ഒഴുകിയെത്തും.

ശനി, ഞായർ ദിവസങ്ങളിൽ എല്ലാ പള്ളികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും സമൂഹ നോമ്പ് തുറ സംഘടിപ്പിക്കപ്പെടുന്നു. കുടുംബങ്ങളും സന്നദ്ധ സംഘടനകളും സ്‌പോൺസർ ചെയ്യുന്ന അത്തരം ചടങ്ങുകൾ സർക്കാറുകൾ പ്രോത്സാഹിപ്പിക്കുന്നതും കമ്മ്യൂണിറ്റി എൻഡോവ്‌മെന്റിന്റെ ഭാഗമായി സഹായിക്കുന്നതും ഇവിടെ നിത്യസംഭവമാണ്. രുചിപ്പെരുമ കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന ടർക്കിഷ്‌ബോസ്‌നിയൻ ഇഫ്താറുകൾ, വേറിട്ട വിഭവങ്ങളുമായി ബംഗ്ലാദേശ് തുറകൾ, പുലാവ് വിളമ്പുന്ന ഫിജി സത്കാരങ്ങൾ, ഹൃദ്യമായ പാകിസ്താൻ ഇഫ്താർ ടെന്റുകൾ… രുചിക്കമ്പക്കാർക്ക് ആഴ്ചയറുതികൾ നോമ്പ്കാല ചാകരയാണ് ആസ്‌ത്രലിയയിൽ.

റമസാൻ ഒരു ദേശീയ വികാരം കൂടിയാണിവിടെ. പ്രധാനമന്ത്രി മുതലുള്ളവർ പ്രത്യേകം ആശംസകളറിയിക്കുകയും ഇഫ്താർ പാർട്ടി സംഘടിപ്പിക്കുകയും ചെയ്യുന്നു. ഏത് ചെറിയ ഇഫ്താർ പാർട്ടിയിലേക്കും, ഉന്നത പദവികളിലിരിക്കുന്നവർക്ക് പോലും ലളിതമായ ക്ഷണം മതിയാകും. ഫലസ്തീൻ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ ചില സംഘടനകൾ ക്ഷണം നിരസിക്കുകയും ചടങ്ങുകൾ ബഹിഷ്കരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വർഷവും വിപുലമായിതന്നെ ഇഫ്താറുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. കേരളീയ വിഭവങ്ങൾ സുലഭമായി ലഭിക്കുന്ന ഇന്ത്യൻ ഷോപ്പുകൾ ആസ്‌ത്രേലിയയിൽ വ്യാപകമായി ഉള്ളതുകൊണ്ട് തന്നെ, നാടൻ രുചിഭേദങ്ങൾ ഇവിടുത്തെ മലയാളികൾക്ക് ലഭ്യമാണ്.

ഇഫ്താറിന് മുമ്പ് കൂട്ടമായിരുന്ന് ദീർഘനേരം ഇമാം (പണ്ഡിതർക്ക് ഇമാം എന്നാണ് ഇവിടെ പറയുക) പ്രാർഥിക്കുകയും ആളുകൾ ആമീൻ പറയുകയും ചെയ്യും. എല്ലാ ദിവസവും സൗജന്യമായി ഇഫ്താർ നൽകുന്ന പള്ളികളും റെസ്റ്റോറന്റുകളും ധാരാളമുണ്ട് ആസ്‌ത്രേലിയയിൽ. പ്രത്യേകിച്ച് യൂനിവേഴ്‌സിറ്റി ഹോസ്റ്റലുകൾക്ക് സമീപമുള്ള പള്ളികളിൽ സഊദിയടക്കമുള്ള രാജ്യങ്ങൾ സ്‌പോൺസർ ചെയ്യുന്ന ഇഫ്താറുകളുണ്ടാകും എല്ലാ ദിവസവും. എല്ലാവരും ഭക്ഷണസമയത്ത് വരിയായി നിന്ന് വിളമ്പിയെടുക്കുന്ന ഇവിടുത്തെ ശീലം, യൂറോപ്യൻ സാംസ്‌കാരിക സംക്രമണമായും വായിച്ചെടുക്കാവുന്നതാണ്.

താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുള്ളവരാണ് മുസ്്ലിം ജനസംഖ്യയിലേറെ പേരും. റമസാൻ ആർദ്രതയുടെയും പരസഹായത്തിന്റെയും മാസമാണെന്ന് ഇവിടെ നടക്കുന്ന പലതരം ഫണ്ട് സമാഹരണത്തിലൂടെ വ്യക്തമാകും. ഫണ്ട് റൈസിംഗ് ബാർബെക്യൂ, കലക്്ഷൻ ഡിന്നറുകൾ, ഓക്ഷൻ സകാത് ഡ്രൈവുകൾ, പ്ലെഡ്ജിംഗ് തുടങ്ങിയ വ്യത്യസ്ത മാർഗങ്ങളിലൂടെ മില്യണുകൾ റമസാനിൽ സമാഹരിക്കപ്പെടുന്നു. ഇപ്പോഴും ഇസ്‌ലാം ആഴത്തിൽ വേരാഴ്ന്നിട്ടില്ലാത്ത ഈ മണ്ണിൽ, റിലീജ്യസ് ഇൻഫ്രാ സ്‌ട്രെക്ച്ചറിനുള്ള ഫണ്ട് ശേഖരണമാണ് അതിലേറിയ കൂറും. നൂറോളം സ്‌കൂളുകൾ, 250 ഓളം പള്ളികൾ, പരശ്ശതം മദ്‌റസകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ഇസ്്ലാമിക് ബേങ്കുകൾ എന്നിവയെല്ലാം ആരംഭിച്ചതിന്റെ 90 ശതമാനം ഫണ്ടും ഇവിടുത്തുകാരിൽ നിന്ന് തന്നെ ശേഖരിച്ചതാണ്. അതേസമയം വിവിധ ചാരിറ്റി കൂട്ടായ്മകളിലൂടെ ആഗോള മുസ്്ലിം പ്രശ്‌നങ്ങളിൽ താങ്ങാകാനും ഇവിടുത്തെ മുസ്്ലിം സമൂഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.