Connect with us

Kerala

ഗ്രേസ് മാർക്ക് പരിഷ്‌കരിച്ചു

എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്കിലാണ് പരിഷ് കരണം നടപ്പാക്കിയത്

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂൾ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്കിലാണ് പരിഷ് കരണം  നടപ്പാക്കിയത്. 2023- 24 അധ്യയന വർഷത്തെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട ഉന്നതതലയോഗ തീരുമാനപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. അക്കാദമിക് മികവ് പുലർത്തുന്നവരേക്കാൾ ഉയർന്ന മാർക്കുകൾ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്നതിനാലും പ്ലസ് വൺ അഡ്മിഷന് പരിഗണിക്കുമ്പോൾ ഗ്രേസ് മാർക്കിലൂടെ അധികമായി ഇൻഡക്സ് മാർക്ക് ലഭിക്കുന്നതിനാലുമാണ് പരിഷ്്കരണം നടപ്പാക്കിയത്.

സംസ്ഥാന കലോത്സവം, ശാസ്‌ത്രോത്സവം, ശാസ്ത്ര സെമിനാർ, ഗണിതശാസ്ത്രം തുടങ്ങിയവക്ക് എ, ബി, സി ഗ്രേഡ് യഥാക്രമം 20, 15, 10 എന്നിങ്ങനെയാണ് നിശ്ചയിച്ചത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾക്ക് 20, 17, 14 മാർക്കുകൾ വീതം നൽകും.

സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ എ, ബി, സി ഗ്രേഡ് ലഭിച്ചവർക്ക് 25, 20, 15 എന്നിങ്ങിനെ യഥാക്രമം ഗ്രേസ് മാർക്ക് ലഭിക്കും. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാൽ 100 മാർക്ക് ലഭിക്കും. രണ്ടാമതെത്തുന്നവർക്ക് 90, മൂന്നാം സ്ഥാനം നേടുന്നവർക്ക് 80, പങ്കെടുത്തവർക്ക് 75 എന്നിങ്ങനെ മാർക്ക് ലഭിക്കും.

ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 50 മാർക്ക്, രണ്ടാം സ്ഥാനക്കാർക്ക് 40, മൂന്നാം സ്ഥാനക്കാർക്ക് 30, പങ്കെടുത്തവർക്ക് 25 മാർക്കുമാണ്. സംസ്ഥാനതലത്തിൽ 20, 17, 14, ഏഴ് എന്നിങ്ങനെയാണ് നാല് സ്ഥാനക്കാർക്ക് ലഭിക്കുക. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന് 20 ഗ്രേസ് മാർക്കും ലഭിക്കും. ഹയർ സെക്കൻഡറി സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന് ഗ്രേസ് മാർക്ക് 25. രാജ്യപുരസ്‌കാർ, ചീഫ് മിനിസ്റ്റർ ഷീൽഡ് എന്നിവ ലഭിക്കുന്നവർക്ക് 40 മാർക്കും രാഷ്ട്രപതി സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിൽ 50 മാർക്കും ലഭിക്കും.

റിപബ്ലിക് ഡേ ക്യാമ്പിൽ പങ്കെടുക്കുന്ന വളന്റിയേഴ്‌സിന് 40 മാർക്കും ലഭിക്കും. വിവിധയിനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹത ലഭിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്നവ മാത്രമാകും പരിഗണിക്കുക. പുതിയ വ്യവസ്ഥകൾ പ്രകാരം എട്ട്, ഒമ്പത് ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സംസ്ഥാനതല കലോത്സവത്തിലോ ശാസ്‌ത്രോത്സവത്തിലോ പങ്കെടുത്ത് ഗ്രേഡ് നേടിയവർക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ പത്താംതരം റവന്യൂ ജില്ലാ മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകും.

Latest