Connect with us

International

ഗസ്സ വെടിനിര്‍ത്തൽ ; ഈജിപ്ത് പ്രതിനിധി സംഘം ഇസ്റാഈലിൽ

ചർച്ച പുനരാരംഭിക്കാൻ പുതിയ നിർദേശം റഫ ആക്രമണം മാധ്യസ്ഥ്യ ചർച്ചകളെ ബാധിക്കുമെന്ന് ഹമാസ്

Published

|

Last Updated

ജറൂസലം | ഏഴ് മാസമായിട്ടും രക്തച്ചൊരിച്ചിൽ തുടരുന്ന ഗസ്സയിൽ വെടിനിർത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്റാഈലിലെത്തി. സ്തംഭനാവസ്ഥയിലായ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. വെടിനിർത്തലും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള പുതിയ കരാറിനെക്കുറിച്ച് സംഘം ചർച്ച നടത്തും. ഈജിപ്തിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അബ്ബാസ് കമാലിന്റെ നേതൃത്വത്തിലാണ് അനുരഞ്ജന സംഘമെത്തിയത്.

യുദ്ധം നീണ്ടു പോകുകയും ആളപായം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ അന്താരാഷ്ട്ര സമ്മർദം വർധിക്കുകയാണ്. ഹമാസ് ബന്ദികളാക്കിയവരുടെ കൈമാറ്റം, കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ തിരികെ കൊണ്ടുവരിക എന്നിവയിലാണ് ആദ്യഘട്ട ചർച്ചകൾ.

അതേസമയം, ഈ മാസം 13ന് ഈജിപ്ത്, ഖത്വർ മാധ്യസ്ഥ്യർക്ക് കൈമാറിയ നിർദേശങ്ങളോടുള്ള ഇസ്റാഈൽ പ്രതികരണം ഹമാസിന് ലഭിച്ചതായി രാഷ്ട്രീയ തലവൻ ഖലീൽ അൽ ഹയ്യ പറഞ്ഞു. നിർദേശത്തിൽ പ്രതികരണം അറിയിക്കുന്നതിന് മുന്പ് അത് വ്യക്തമായി പഠിക്കുമെന്ന് ഹമാസ് പറഞ്ഞു. എന്നാൽ, റഫയിലേക്ക് കടന്നുള്ള ആക്രമണത്തിന് ഇസ്റാഈൽ മുതിർന്നാൽ അത് മാധ്യസ്ഥ്യ ചർച്ചകളെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്ഥിരം വെടിനിർത്തൽ, ഇസ്റാഈൽ സൈന്യത്തെ പൂർണമായി പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇവ രണ്ടും ഇസ്റാഈൽ നിരസിച്ചു.

ഹമാസിനെ പരാജയപ്പെടുത്തുന്നതു വരെ സൈനിക നടപടി തുടരുമെന്നും അതിനുശേഷം ഗസ്സയിൽ സുരക്ഷാ സാന്നിധ്യം നിലനിർത്തുമെന്നും ഇസ്റാഈൽ അറിയിച്ചു. ഈജിപ്ഷ്യൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് മുന്നോടിയായി യുദ്ധവിരാമത്തിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള പുതിയ പദ്ധതി ഇസ്റാഈൽ യുദ്ധ ക്യാബിനറ്റ് ചർച്ച ചെയ്തതായി ഏജൻസികൾ റിപോർട്ട് ചെയ്തു.

Latest