Connect with us

Articles

മുസ്‌ലിം സംവരണവും വിഷ പ്രചാരണവും

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം ചില സംസ്ഥാനങ്ങള്‍ മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയെങ്കിലും സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സൂചിപ്പിക്കുന്നത് രാജ്യത്തെ മുസ്‌ലിംകളുടെ അവസ്ഥ അതിദയനീയമാണെന്നാണ്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കി കാല്‍ നൂറ്റാണ്ട് പിന്നിട്ടതിന് ശേഷമുള്ള പഠന റിപോര്‍ട്ടായിരുന്നു ഇത്. ഇത്തരത്തിലുള്ള കണക്കുകളും രേഖകളും മുമ്പിലിരിക്കെയാണ് പ്രധാനമന്ത്രിയും കൂട്ടരും ആ സമുദായത്തിനെതിരെ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്നത്.

Published

|

Last Updated

സംവരണവുമായി ബന്ധപെട്ട് മുസ്‌ലിംകള്‍ക്കെതിരെയുള്ള വര്‍ഗീയ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ള ബി ജെ പി നേതാക്കള്‍ തുടരുകയാണ്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മുസ്‌ലിംകള്‍ക്കുള്ള സംവരണം അനുവദിക്കുകയില്ല എന്നുവരെ പ്രധാനമന്ത്രി പറഞ്ഞുവെച്ചു. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്‌ലിംകള്‍ക്ക് വീതിച്ചുനല്‍കുന്നുവെന്ന അസത്യം മോദി ആവര്‍ത്തിക്കുകയാണ്.

രാജ്യത്ത് സംവരണം ഏര്‍പ്പെടുത്തിയത് മതത്തിന്റെ അടിസ്ഥനത്തിലല്ല. മതത്തിന്റെ പേരുപയോഗിക്കുന്നത് സംവരണാനുകൂല്യം ലഭിക്കുന്നവരെ തിരിച്ചറിയുന്നതിനാണ്. സംവരണം കൊണ്ട് ലക്ഷ്യമാക്കുന്നത് വിദ്യഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനമാണ്. പിന്നാക്കം നില്‍ക്കുന്നവരില്‍ വിവിധ മതക്കാരും ജാതികളും ഉള്‍പ്പെടുന്നു എന്നുമാത്രം. നിലവിലെ സംവരണം ഒ ബി സി 27, എസ് സി 15, എസ് ടി 7.5 എന്നീ ശതമാന പ്രകാരമാണ്. നിലവില്‍ ഒ ബി സി വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തിയത് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഒ ബി സി പട്ടികയില്‍ പെട്ട മുസ്‌ലിംകള്‍ക്കാണ് സംവരണം അനുവദിക്കുന്നത്. രാജ്യത്തെ എല്ലാ മുസ്‌ലിംകള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല. ചില സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ പൂര്‍ണമായും സംവരണത്തിന് പുറത്താണ്. ഒഡിഷ, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഗോവ, ഡല്‍ഹി, മണിപ്പൂര്‍, ത്രിപുര, ഉത്തരാഖണ്ഡ്, മിസോറാം, സിക്കിം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലേയും മുസ്‌ലിംകള്‍ സംവരണ പട്ടികക്ക് പുറത്താണ്.

കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ മുസ്‌ലിംകള്‍ പൂര്‍ണമായും ഒ ബി സി പട്ടികയില്‍ ഉള്‍പെടുമ്പോള്‍ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, തെലങ്കാന, ബിഹാര്‍, അസം എന്നിവിടങ്ങളിലെ മുസ്‌ലിം സമുദായത്തിലെ ചില വിഭാഗങ്ങളെ മാത്രമേ ഒ ബി സിയായി അംഗീകരിക്കുന്നുള്ളൂ. ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെ ജാതികളായി കണക്കാക്കുന്നത് അവരുടെ ജോലിയുമായി ബന്ധപ്പെടുത്തിയാണ്. ചില ജോലികള്‍ അതാത് വിഭാഗത്തില്‍ പെട്ടവര്‍ മാത്രമേ ചെയ്യാറുള്ളൂ. ഉദാഹരണമായി ക്ഷുരക, കശാപ്പ് ജോലികള്‍ പരമ്പരാഗതമായി ചെയ്തുവരുന്നത് അതാത് വിഭാഗത്തിലുള്ളവരാണ്. ഇത്തരത്തില്‍ ജോലിയുമായി ബന്ധപ്പെടുത്തി അറിയപ്പെടുന്ന 23 മുസ്‌ലിം വിഭാഗങ്ങള്‍ ബിഹാറിലും 22 വിഭാഗങ്ങള്‍ ഗുജറാത്തിലും 27 വിഭാഗങ്ങള്‍ മധ്യപ്രദേശിലുമുണ്ട്. അതുപോലെ ഓരോ സംസ്ഥാനത്തും വ്യത്യസ്ത ശതമാനം സംവരണമാണ് മുസ്‌ലിംകള്‍ക്ക് നല്‍കി വരുന്നത്. ആന്ധ്ര, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥനങ്ങള്‍ നാല്, തമിഴ്‌നാട് 3.5, ബിഹാര്‍ മൂന്ന് ശതമാനം സംവരണമാണ് മുസ്്‌ലിംകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.

മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സംവരണം നല്‍കി വരുന്നത് കേരളമാണ്. ജോലിയില്‍ പത്തും വിദ്യാഭ്യാസത്തിന് എട്ടും ശതമാനം സംവരണമാണ് കേരളത്തിലെ മുസ്്‌ലിംകള്‍ക്ക് അനുവദിച്ചത്. ഒപ്പം ക്രിസ്ത്യാനികള്‍ക്കും ആ സമുദായത്തിലെ ഉപവിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്കും മറ്റു സംസ്ഥാനങ്ങളിലേതിനെക്കാള്‍ കൂടുതല്‍ സംവരണാനുകൂല്യം കേരളത്തിലുണ്ട്. മതവിഭാഗങ്ങള്‍ക്ക് രാജ്യത്ത് ആദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് 1936ല്‍ തിരു- കൊച്ചി സംസ്ഥാനത്താണ്. 1956ല്‍ കേരള സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ സംസ്ഥാനത്തെ മുസ്‌ലിം സമുദായമുള്‍പ്പെടെയുള്ളവര്‍ക്കു സംവരണം ബാധകമാക്കി .

ഒ ബി സി വിഭാഗത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് ഗൗരവമായ ചര്‍ച്ച നടന്നത് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. ഒ ബി സി പിന്നാക്കാവസ്ഥ പഠിച്ചു പരിഹാര നിര്‍ദേശത്തിനായി ബി പി മണ്ഡലിന്റെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപവത്കരിച്ച് 1979 ജനുവരി ഒന്നിന് ഉത്തരവിറങ്ങി. ഒ ബി സി വിഭാഗത്തിന് 27 ശതമനം തൊഴില്‍ സംവരണം ശിപാര്‍ശ ചെയ്യുന്ന റിപോര്‍ട്ട്, കമ്മീഷന്‍ 1980ല്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍ന്നുവന്ന സര്‍ക്കാറുകള്‍ പരിഗണിച്ചില്ല.

1989ല്‍ അധികാരമേറ്റ വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് അതേപടി അംഗീകരിച്ചു. മണ്ഡല്‍ കമ്മീഷന്‍ ഒ ബി സി വിഭാഗങ്ങളായി പരിഗണിച്ചത് 3,743 ജാതികളെയായിരുന്നു. അവയില്‍ ജാതിയുടെ പേരില്‍ അറിയപ്പെടുന്ന മുസ്‌ലിം വിഭാഗങ്ങളേയും പിന്നാക്കം, അതിപിന്നാക്കം എന്നീ പേരുകളില്‍ പട്ടിക തിരിച്ച് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, മണ്ഡല്‍ കമ്മീഷന്‍ നിയമനത്തിന് മുമ്പേ കേരളം, തമിഴ്‌നാട്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മുസ്‌ലിം സംവരണം നടപ്പാക്കിയിരുന്നു.

മുസ്‌ലിംകള്‍ക്ക് സംവരണം നല്‍കുന്നതിനെതിരെ പ്രധാനമന്ത്രിയും ബി ജെ പി നേതാക്കളും യുദ്ധപ്രഖ്യാപനം നടത്തികൊണ്ടിരിക്കുന്നത് പെട്ടെന്നുണ്ടായ വെളിപാട് കാരണമല്ല. വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ച പാര്‍ട്ടികളില്‍ മുമ്പിലുണ്ടായിരുന്നത് ബി ജെ പിയാണ്. 2014ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുസ്‌ലിം സംവരണം നാലില്‍ നിന്ന് അഞ്ച് ശതമാനമായി വര്‍ധിപ്പിച്ചത് റദ്ദാക്കുന്ന നിലപാട് പിന്നീട് വന്ന ബി ജെ പി- ശിവസേന സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. ആന്ധ്രയില്‍ നാല് ശതമാനം സംവരണം അഞ്ചായി വര്‍ധിപ്പിച്ചതും ചോദ്യം ചെയ്യപെട്ടു. ഇതു സംബന്ധിച്ച കേസ് ആന്ധ്ര ഹൈക്കോടതിയില്‍ തുടരുകയാണ്. കര്‍ണാടകയില്‍ ബി ജെ പി സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുസ്‌ലിം സംവരണം റദ്ദാക്കുകയും മുസ്്‌ലിംകള്‍ക്ക് ലഭിച്ചിരുന്ന നാല് ശതമാനം സംവരണം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്തു. ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ഹൈക്കോടതി പിന്നീട് റദ്ദാക്കി. മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സംവരണം സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്നീട് പുനഃസ്ഥാപിച്ചതിനെയാണ് പ്രധാനമന്ത്രി ഇപ്പോള്‍ വര്‍ഗീയമായി പ്രചരിപ്പിക്കുന്നത്.

1990ല്‍ വീരപ്പമൊയ്്‌ലി സര്‍ക്കാറാണ് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. 50 ശതമാനം സംവരണ പരിധി കടന്നുവെന്ന കാരണത്താല്‍ അന്നത് നടപ്പായില്ല. 1994ല്‍ അധികാരമേറ്റ ദേവെ ഗൗഡ സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ മുസ്‌ലിംകള്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തി. മോദി ഇപ്പോള്‍ വിമര്‍ശിക്കുന്നത് എന്‍ ഡി എ സഖ്യ കക്ഷിയായ ജനതാദള്‍ നേതാവ് ദേവെ ഗൗഡ നടപ്പിലാക്കിയ നിയമത്തെയാണ്. അതുപോലെ ആന്ധ്രയിലെ മുസ്‌ലിം സംവരണം നിലനിര്‍ത്തുമെന്ന് എന്‍ ഡി എ മുന്നണിയുടെ ഭാഗമായ തെലുഗ് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പിയും പ്രധാനമന്ത്രിയും വിമര്‍ശിക്കുന്നത് തങ്ങളുടെ കൂടെയുള്ളവരുടെ നിലപാടുകള്‍ക്കെതിരെ കൂടിയാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയില്‍ സംവരണം നടപ്പാക്കിയത് 1994ല്‍ ശരദ് പവാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അവിടെ സംവരണ വിഭാഗത്തില്‍ പെടുന്ന മുസ്‌ലിംകള്‍ അറിയപ്പെടുന്നത് കശാപ്പ്, ഖുറേശി, കസബ്, ലോഹര്‍, മൈദാസി തുടങ്ങിയ ജാതിപേരുകളിലാണ്. 2009ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ മഹ്മൂദൂര്‍ റഹ്മാന്‍ കമ്മീഷന്‍ രൂപവത്കരിച്ചു. മുസ്‌ലിംകള്‍ക്ക് എട്ട് ശതമാനം സംവരണം നല്‍കണമെന്നായിരുന്നു കമ്മീഷന്‍ ശിപാര്‍ശ. പൃഥ്വിരാജ് ചവാന്‍ സര്‍ക്കാര്‍ 2014ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ബി ജെ പി, ശിവസേന സര്‍ക്കാര്‍ അന്നത്തെ ഓര്‍ഡിനന്‍സ് നിയമമാക്കിയില്ല. അതുകാരണം മഹാരാഷ്ട്രയിലെ മുസ്‌ലിം സംവരണം നാല് ശതമാനമായി തുടരുന്നു.

ആന്ധ്രാ പ്രദേശില്‍ മുസ്‌ലിം സമുദായത്തിന്റെ സംവരണം നാലില്‍ നിന്ന് അഞ്ചായി വര്‍ധിപ്പിച്ചതുമായി ബന്ധപെട്ട് കോടതിയില്‍ കേസ് നടന്നുവരികയാണ്. 2005ല്‍ വൈ എസ് രാജശേഖറെഡ്ഡി സര്‍ക്കാറാണ് അഞ്ചാക്കിയത്. എന്നാല്‍, സംവരണ പരിധി 51 ശതമാനം കടന്നുവെന്ന കാരണത്താല്‍ നടപ്പായില്ല.

ഇതുസംബന്ധിച്ച തര്‍ക്കം സംസ്ഥാന ഹൈക്കോടതിയില്‍ തുടരുകയാണ്. ആന്ധ്ര വിഭജിച്ച് രൂപവത്കരിച്ച തെലങ്കാന ഈ വിഷയത്തില്‍ ആന്ധ്രയിലെ നിയമം പിന്തുടരുകയായിരുന്നു. എന്നാല്‍, 2013ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സംവരണം 12 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ബി ആര്‍ എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖരറാവു വാഗ്ദാനം നല്‍കി. തെലങ്കാനയിലെ മുസ്‌ലിം ജനസംഖ്യ 12.5 ശതമാനമാണ്. എന്നാല്‍, തുടര്‍ച്ചയായി പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച റാവു വാഗ്ദാനം പാലിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുസ്‌ലിം സംവരണത്തിനെതിരെ ആദ്യമായി പ്രസംഗിച്ചത് കഴിഞ്ഞ നവംബറില്‍ നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലായിരുന്നു. ജെ എം അംബാശങ്കര്‍ അധ്യക്ഷനായ പിന്നാക്ക സമുദായ കമ്മീഷന്‍ 1985ല്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം 2007ല്‍ കരുണാനിധി സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ മുസ്‌ലിംകള്‍ക്ക് 3.5 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം ചില സംസ്ഥാനങ്ങള്‍ മുസ്‌ലിംകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയെങ്കിലും സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് സൂചിപ്പിക്കുന്നത് രാജ്യത്തെ മുസ്‌ലിംകളുടെ അവസ്ഥ അതിദയനീയമാണെന്നാണ്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കി കാല്‍ നൂറ്റാണ്ട് പിന്നിട്ടതിന് ശേഷമുള്ള പഠന റിപോര്‍ട്ടായിരുന്നു ഇത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2005ലാണ് സച്ചാര്‍ കമ്മീഷനെ നിയമിച്ചത്. 2006ല്‍ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ചുരുക്കത്തില്‍, രാജ്യത്തെ മുസ്‌ലിംകളുടെ ദയനീയ ചിത്രം വിവരിക്കുന്ന കണക്കുകളും രേഖകളും മുമ്പിലിരിക്കെയാണ് പ്രധാനമന്ത്രിയും കൂട്ടരും ആ സമുദായത്തിനെതിരെ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്നത്.

 

 

Latest