Connect with us

ബൈജൂസിന് തിരിച്ചടിയായി രണ്ടു പ്രമുഖരുടെ രാജി

രാജിവച്ച രജനീഷ് കുമാര്‍ എസ് ബി ഐയുടെ മുന്‍ ചെയര്‍മാനും മോഹന്‍ദാസ് പൈ ഇന്‍ഫോസിസിന്റെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു

Published

|

Last Updated

മുംബൈ | മലയാളിയുടെ പ്രമുഖ എജ്യൂടെക് സ്ഥാപനമായ ബൈജൂസിന് തിരിച്ചടിയായി മുതിര്‍ന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹന്‍ദാസ് പൈയും രാജി പ്രഖ്യാപിച്ചു.  രജനീഷ് കുമാര്‍ എസ് ബി ഐയുടെ മുന്‍ ചെയര്‍മാനും മോഹന്‍ദാസ് പൈ ഇന്‍ഫോസിസിന്റെ മുന്‍ ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു. സ്ഥാപനം വിട്ടാലും ഏത് ഉപദേശത്തിനും എപ്പോഴും തങ്ങളെ ബന്ധപ്പെടാമെന്നും ഇരുവരും വ്യക്തമാക്കി. കടുത്ത പ്രതിസന്ധിയിലൂടെയാണ് ബൈജൂസ് കടന്നുപോകുന്നത്.

ജൂണ്‍ 30ന് അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് ബൈജൂസ് നിയമ പോരാട്ടങ്ങള്‍ നടത്തുന്നതിനിടെ മുതിര്‍ന്ന ജീവനക്കാരുടെ രാജി കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. രജനീഷ് കുമാറും മോഹന്‍ദാസ് പൈയും കഴിഞ്ഞ വര്‍ഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നല്‍കിയതെന്ന് ബൈജൂസ് സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പ്രതികരിച്ചു.

കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്യൂടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്. ശമ്പളം നല്‍കാന്‍ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി ജോലിക്കാരെ പറഞ്ഞയക്കുകയും ചെയ്തു. നിക്ഷേപകരില്‍ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നല്‍കാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

2011ല്‍ ആരംഭിച്ച ബൈജൂസ്, 2022ല്‍ 22 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാര്‍ട്ടപ്പായി മാറിയിരുന്നു. പ്രൈമറി സ്‌കൂള്‍ മുതല്‍ എം ബി എ വരെയുള്ള വിദ്യാര്‍ഥികളെ ആപ്പ് സഹായിച്ചു. ബൈജൂസ് ലേണിംഗ് ആപ്പ്, വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി. എന്നാല്‍ സമീപകാലത്തെ സാമ്പത്തിക പ്രതിസന്ധിയോടെ തകര്‍ന്ന നിലയിലാണ് കമ്പനി.

 

---- facebook comment plugin here -----

Latest