Connect with us

articles

2020ലെ യു എസ്, 2024ലെ ഇന്ത്യ

മനുഷ്യർക്കിടയിൽ വിഭജനത്തിന്റെ കുഴിബോംബുകൾ വാരിവിതറി ഈ നേതാക്കളെല്ലാം തിരിച്ചുപോകും. തെരുവിൽ അവശേഷിക്കുക സാധാരണ മനുഷ്യരാണ്. ഹിന്ദുത്വവാദികൾ തോറ്റാൽ വിദ്വേഷത്തിന്റെ കുഴിബോംബുകൾ ഒന്നാകെ പൊട്ടിത്തെറിക്കും. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സർക്കാർ ന്യൂനപക്ഷത്തിന് വേണ്ടിയുള്ളതാകുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ എത്ര ഭീകരമായിരുന്നുവെന്ന് അന്നാകും തിരിച്ചറിയുക.

Published

|

Last Updated

നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യ നാഥ്, ഹിമന്ത ബിശ്വ ശർമ. ഇവർ ബി ജെ പിയുടെ നേതാക്കൾ മാത്രമല്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇവർ തുപ്പിക്കൊണ്ടിരിക്കുന്ന വിദ്വേഷ ജൽപ്പനങ്ങൾക്ക് വല്ല നിയന്ത്രണവുമുണ്ടോ? ഇരിക്കുന്ന പദവികളുടെ മാന്യത മാത്രമല്ലല്ലോ ഇവർ കളഞ്ഞുകുളിക്കുന്നത്. നാല് വോട്ടിന് വേണ്ടി മുസ്‌ലിം വിദ്വേഷം വാരിവിതറുക.

പാകിസ്താനെന്ന് ഇടക്കിടക്ക് വിളിച്ചു പറയുക. നുഴഞ്ഞു കയറ്റക്കാരെന്ന് മുസ്‌ലിംകളെ ആക്ഷേപിക്കുക. സംവരണം, സമ്പത്ത്, സൗകര്യങ്ങൾ എല്ലാം മുസ്‌ലിംകൾ തട്ടിയെടുക്കുകയാണെന്നും അതിന് കോൺഗ്രസ്സ് കൂട്ടുനിൽക്കുന്നുവെന്നും തട്ടിവിടുക. വസ്തുതയുടെ തരിമ്പുമില്ലാത്ത ഈ ആക്രോശങ്ങൾ നടത്തിയിട്ടും ഒരിഞ്ചും അനങ്ങാതെ ഇരിപ്പിടത്തിൽ അമർന്നിരിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസംവിധാനങ്ങൾ.

തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും സംഘ്പരിവാർ സഖ്യം കൂടുതൽ കൂടുതൽ വിയർക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിദ്വേഷ ബോംബുകൾ. ആഘോഷ പൂർവം ആനയിച്ച രാമക്ഷേത്രം പോലും ഫലിച്ചിട്ടില്ല. അതിനാൽ വിദ്വേഷത്തിന്റെ കുഴിബോംബുകൾ വാരിവിതറിയേ ജയിച്ചു വരാനാകൂ എന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.

മനുഷ്യർക്കിടയിൽ വിഭജനത്തിന്റെ കുഴിബോംബുകൾ വാരിവിതറി ഈ നേതാക്കളെല്ലാം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ആത്മവിശ്വാസത്തിലേക്ക് തിരിച്ചുപോകും. തെരുവിൽ അവശേഷിക്കുക സാധാരണ മനുഷ്യരാണ്. അവരിൽ ഒരു വിഭാഗത്തെ വർഗീയ ചാവേറുകളാക്കി മാറ്റിയാണ് നേതാക്കൾ പിൻവാങ്ങിയിരിക്കുന്നത്. നാടിന്റെ ഭാവി എന്താകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇവിടെ സൃഷ്ടിക്കപ്പെട്ട മുസ്‌ലിം അപരവത്കരണത്തിന്റെ പരിണാമം എന്താകുമെന്ന് പഠിച്ചിട്ടുണ്ടോ? ഹിന്ദുത്വവാദികൾ തോറ്റാൽ വിദ്വേഷത്തിന്റെ കുഴിബോംബുകൾ ഒന്നാകെ പൊട്ടിത്തെറിക്കും. കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കുന്ന സർക്കാർ ന്യൂനപക്ഷത്തിന് വേണ്ടിയുള്ളതാകുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ എത്ര ഭീകരമായിരുന്നുവെന്ന് അന്നാകും തിരിച്ചറിയുക. നിയമവ്യവസ്ഥക്കും പോലീസ്, സേനാ സംവിധാനത്തിനും നിയന്ത്രിക്കാനാകാത്ത കലാപത്തിനാകും നാട് സാക്ഷ്യം വഹിക്കുക.

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന ശാഠ്യമുയരും. ജയിച്ചാൽ അഹങ്കാരത്തിന്റെ ഉച്ചിയിലാകും ഈ വർഗീയവാദികൾ. അക്രമാസക്ത ആൾക്കൂട്ടം എന്തൊക്കെ ചെയ്തു കൂട്ടുമെന്നത് അപ്രവചനീയമാണ്. ചരിത്രത്തിലൊരിക്കലുമില്ലാത്ത വർഗീയവിദ്വേഷ പ്രസരണത്തിന് പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുമ്പോൾ ചരിത്രത്തിലൊരിക്കലുമില്ലാത്ത പ്രത്യാഘാതവുമുണ്ടാകും. വിദ്വേഷത്തിന്റെ വിഷം പടർത്താൻ ഒറ്റ പ്രസംഗം മതിയാകും. വിഷമിറക്കാൻ സംവത്സരങ്ങളുടെ പരിശ്രമം കൊണ്ടും സാധിച്ചെന്ന് വരില്ല. നിയമവാഴ്ച തകർന്ന രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിന് പിറകേ അരങ്ങേറാറുള്ള അരാജകത്വത്തിന്റെ ഇന്ത്യൻ പതിപ്പ് പിറന്നേക്കാം. പാർലിമെന്റിലേക്ക് ഹൂളിഗൻകൂട്ടം ഇരച്ച് കയറിയേക്കാം. വംശഹത്യാപരമായ ആക്രമണങ്ങൾ വ്യാപകമായേക്കാം.

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പറയുന്നത് അതിശയോക്തി കലർന്ന അശുഭാപ്തിവിശ്വാസമല്ലേയെന്ന് ചോദിക്കുന്നവർ ട്രംപിന്റെ തോൽവിക്ക് ശേഷം അമേരിക്കയിൽ അരങ്ങേറിയത് മാത്രം പഠിച്ചാൽ മതിയാകും. ട്രംപിന്റെ പ്രസിഡന്റ്പദം തീവ്രവലതുപക്ഷത്തിന് ഉണ്ടാക്കിയ ഉണർവ് യു എസിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ലോകത്താകെ ട്രംപിന് ആരാധകരുണ്ടായി. നരേന്ദ്ര മോദിയുടെ “മൈ പ്രണ്ടാ’യി ട്രംപ്. ട്രംപിസം എന്ന പ്രയോഗം തന്നെയുണ്ടായി. കുടിയേറ്റവിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും ആഫ്രോ- ഏഷ്യൻ വിരുദ്ധതയും വൈറ്റ് സൂപ്രമസിയും യുദ്ധോത്സുകതയും സമം ചേർത്ത വൃത്തികെട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലായിരുന്നു ട്രംപിന്റെ വിജയം. കുടിയേറ്റക്കാരെ മുഴുവൻ ആട്ടിയോടിച്ചാലേ അമേരിക്ക രക്ഷപ്പെടൂ എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. മുസ്‌ലിംകളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞു. അമേരിക്കയിലെ പ്രമുഖ പത്രങ്ങൾ ട്രംപിനെതിരെ മുഖപ്രസംഗമെഴുതി. പരിഹാസപാത്രമായിരുന്നു അദ്ദേഹം. എന്നിട്ടും ജയിച്ചു കയറി. നാല് വർഷത്തെ ഒന്നാമൂഴത്തിൽ, പറഞ്ഞത് മുഴുവൻ ട്രംപ് നടപ്പാക്കി. അമേരിക്കയിലേക്ക് വരുന്നതിന് മുസ്‌ലിംകൾക്ക് മാത്രമായി വിലക്കേർപ്പെടുത്തി. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് വിലപിച്ച് ജോർജ് ഫ്ലോയിഡ് വെള്ളക്കാരായ പോലീസുകാരുടെ കാൽമുട്ടുകൾക്കിടയിൽ കിടന്ന് മരിച്ചത് ട്രംപിന്റെ കാലത്തായിരുന്നു. ജോർജ് മാത്രമല്ല, കറുത്ത വർഗക്കാർക്കെതിരായ അതിക്രമങ്ങൾ പെരുകി.

തോക്കേന്തിയ വെള്ളക്കാർ സകലയിടത്തും കൂട്ടക്കൊലകൾ നടത്തി. ട്രംപ് വിതറിയ വിദ്വേഷത്തിന്റെ വിളവെടുപ്പായിരുന്നു അവയെല്ലാം. ന്യൂസിലാൻഡിലെ പള്ളിയിൽ കൂട്ടക്കൊല നടത്തിയയാൾക്കും ഇന്ത്യയിൽ ബാബരി പള്ളി തകർത്തവർക്കും ഒരുപോലെ ട്രംപ് ആരാധ്യപുരുഷനായി. രണ്ടാമൂഴത്തിൽ, 2020 നവംബറിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ട്രംപ് പക്ഷേ, ജോ ബൈഡന് മുമ്പിൽ വീണു. അതോടെ, ട്രംപിസത്തിന്റെ സംഹാരരൂപം അമേരിക്കക്കാർ കണ്ടു. ഭ്രാന്തുപിടിച്ച ട്രംപ് അനുകൂലികൾ അമേരിക്കൻ പാർലിമെന്റടക്കം സ്ഥിതി ചെയ്യുന്ന ക്യാപിറ്റോളിലേക്ക് ഇരച്ചു കയറി. 9/11 നോടാണ് ഈ അരാജക അഴിഞ്ഞാട്ടത്തെ നിരീക്ഷകർ വിശേഷിപ്പിച്ചത്. യു എസിൽ പടർന്നു പിടിക്കുന്ന യഥാർഥ ഭീകരതയുടെ ദൃശ്യാവിഷ്‌കാരമായിരുന്നു അത്.

തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാത്ത ഏതാനും ട്രംപ് അനുകൂലികളുടെ വൈകാരിക പ്രകടനം മാത്രമായി ക്യാപിറ്റോൾ കലാപത്തെ ചുരുക്കിക്കെട്ടുകയാണ് പാശ്ചാത്യ മാധ്യമങ്ങൾ ചെയ്തത്. കറുത്ത വർഗക്കാരുടെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ മാരകമായി “ചുമതല’ നിർവഹിച്ച അമേരിക്കൻ പോലീസ് ട്രംപ് അനുകൂലികൾക്ക് മുമ്പിൽ തണുത്തുറഞ്ഞു നിന്നു. തീവ്രവാദികൾ ക്യാപിറ്റോൾ മന്ദിരത്തിന്റെ നാനാ വഴിയിലൂടെയും അകത്ത് കടന്നു. പോഡിയം എടുത്തു കൊണ്ടുപോയി. സെനറ്റ് അംഗങ്ങളെ ആക്രമിച്ചു. സെനറ്റർമാർക്ക് രക്ഷപ്പെടാൻ ഭൂഗർഭ പാത സ്വീകരിക്കേണ്ടി വന്നു. ചരിത്രത്തിൽ നാല് തവണ ക്യാപിറ്റോൾ കൈയേറ്റം നടന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്റെ പേരിൽ ആദ്യത്തേതായിരുന്നു 2021 ജനുവരി ആറിലേത്. ഇന്നേവരെ ട്രംപ് ഈ അക്രമിക്കൂട്ടത്തെ തള്ളിപ്പറഞ്ഞിട്ടില്ല. ആരും കുറ്റസമ്മതം നടത്തിയിട്ടുമില്ല.

ക്യാപിറ്റോളിൽ കയറി ആക്രോശിക്കുന്ന ആ ഹുളിഗൻസിന്റെ ചിത്രങ്ങൾ ഒരിക്കൽ കൂടി എടുത്തു നോക്കൂ. ബാബരി പള്ളിയുടെ ഖുബ്ബകൾക്ക് മേൽ കയറി ആനന്ദാതിരേകത്തോടെ ജയ്ശ്രീറാം വിളിക്കുന്നവരുമായി എന്തൊരു സാമ്യം. നവ നാസികൾ, തീവ്രദേശീയ വാദികൾ, വൈറ്റ് സൂപ്രമാസിസ്റ്റുകൾ, സിംഹള വംശാഭിമാനികൾ, ബൗദ്ധ ഭീകരവാദികൾ, ഹിന്ദുത്വർ… ഇവരെയാണ് ലോകം ഇനി കരുതിയിരിക്കേണ്ടത്. ക്യാപിറ്റോൾ ഭീകരതയിൽ പങ്കെടുത്ത് മരിച്ചുവീണ ആഷ്ലി ബാബ്ബിത് എന്ന വിരമിച്ച വ്യോമ സേനാംഗത്തിന്റെ അവസാന ട്വീറ്റ് ഇങ്ങനെയായിരുന്നു- ഒന്നിനും ഒരാൾക്കും ഞങ്ങളെ തടഞ്ഞു നിർത്താനാകില്ല. ഇൻഡോറിൽ പള്ളി മിനാരത്തിന് മുകളിൽ കാവിക്കൊടി നാട്ടിയവരും അത് തന്നെയാണ് ആക്രോശിച്ചത്. ആരുണ്ട് തടയാൻ?
ആർ എസ് എസിന് അംഗത്വമേയില്ല. ശാഖയിൽ പോകുന്നതാണ് അംഗത്വത്തിന്റെ ലക്ഷണം.

കായിക പരിശീലനമാണ് അതിന്റെ പ്രാഥമിക പ്രവർത്തനം. സാംസ്‌കാരിക സംഘടനയെന്നാണ് അവകാശപ്പെടാറുള്ളത്. “ദേശീയത’യാണ് പ്രധാന പ്രത്യയശാസ്ത്രം. നാഥുറാം ഗോഡ്‌സേ ആർ എസ് എസു എസുകാരനല്ലെന്ന് പറയാവുന്ന തരത്തിലാണ് അതിന്റെ ഘടന. ബജ്‌റംഗ് ദളും ശ്രീരാമ സേനയും ഗോ രക്ഷാ ദളും ഹിന്ദു ജനജാഗ്രുതി വേദികേയും ചെയ്യുന്നതൊന്നും ആർ എസ് എസിന്റെ ചുമലിൽ വരില്ല. ബി ജെ പിക്കും ഒഴിഞ്ഞു മാറാം. പക്ഷേ, ഏത് നിമിഷവും ഭീകരത കൈവരിക്കാവുന്ന തരത്തിൽ ഇവർ ഇവിടെയുണ്ട്, പല പേരുകളിൽ. ഹിന്ദുക്കളായി ഇക്കൂട്ടർ പരിഗണിക്കാത്ത ദളിതുകളെപ്പോലും അണി ചേർക്കാൻ ഈ ഗ്രൂപ്പുകൾക്ക് സാധിക്കുന്നുമുണ്ട്. പ്രധാനമന്ത്രി നേരിട്ടിറങ്ങി വിദ്വേഷത്തിന്റെ നിലമൊരുക്കുമ്പോൾ ഈ ഗ്രൂപ്പുകൾ ഭ്രാന്തമായ അക്രമോത്സുകതയിലേക്ക് നീങ്ങില്ലെന്ന് ആർക്ക് ഉറപ്പിച്ചു പറയാനാകും.

യൂറോപ്പിലും അമേരിക്കയിലും പടരുന്ന കായിക പരിശീലന ഗ്രൂപ്പുകൾക്ക് ഹിന്ദുത്വ സംഘടനകളുമായി വല്ലാത്ത സാമ്യമുണ്ട്. ആക്ടീവ് ക്ലബ് നെറ്റ്‌വർക്ക് എന്നാണ് അവയെ വിളിക്കുന്നത്. പ്രത്യക്ഷത്തിൽ നോക്കിയാൽ കൃത്യമായി ജിമ്മിലൊക്കെ പോകുന്ന, മാർഷ്യൽ ആർട്‌സ് പരിശീലിക്കുന്ന പുരുഷൻമാരുടെ സംഘം. രാഷ്ട്രീയ വീക്ഷണമൊന്നുമില്ലാത്ത തന്നെപ്പോറ്റികളെന്നാണ് തോന്നുക. ഇവർക്ക് സാമൂഹിക മാധ്യമങ്ങളിൽ വമ്പൻ ശൃംഖലയുണ്ട്.

അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും ശാഖകളുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കും ഈ ഗ്രൂപ്പുകൾ പടർന്നിരിക്കുന്നു. വെള്ള വംശാഭിമാനം സൂക്ഷിക്കുന്നവരുടെ കൂട്ടമാണിത്. കറുത്ത വർഗക്കാരോടും ന്യൂനപക്ഷങ്ങളോടും കടുത്ത ശത്രുതയാണിവർക്ക്. നിരവധി ആക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വ്യക്തികളുടെ പേരിലാണ് അറിയപ്പെടുക. 2021ൽ റോബർട്ട് റുണ്ടോ സ്ഥാപിച്ചുവെന്നാണ് ഔദ്യോഗിക രേഖകളിൽ കാണുക. റൈസ് എബൗ മൂവ്‌മെന്റ് എന്ന പേരിൽ ഇയാൾ 2017ൽ കാലിഫോർണിയയിൽ രൂപം നൽകിയ സംഘടന നിരോധിച്ചതോടെയാണ് ബോഡി ബിൽഡിംഗ് സംഘത്തിന്റെ രൂപത്തിൽ പുതിയ ശൃംഖല രൂപപ്പെടുത്തിയത്. കലാപാഹ്വാനത്തിന് ഇയാൾ അറസ്റ്റിലായിട്ടുമുണ്ട്. 2024ലെ യു എസ് തിരഞ്ഞെടുപ്പിൽ ഈ ഗ്രൂപ്പുകൾ ശക്തമായി ഇടപെടുമെന്നാണ് ഇന്റലിജൻസ് വിഭാഗം പെന്റഗണിന് നൽകിയ റിപോർട്ട്. നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക രാജ്യങ്ങളിലും സംഘ്പരിവാറിന് സമാനമായ നവ നാസി പാർട്ടികളുണ്ട്. ഇവ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നു. ഈ പാർട്ടികൾക്ക് ആവശ്യമായ സോഷ്യൽ എൻജിനീയറിംഗ് ആണ് ആക്ടീവ് ക്ലബ് നെറ്റ് വർക്കുകൾ ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളാണ് ഇവരുടെ പ്രവർത്തന മണ്ഡലം.

മതേതര മനുഷ്യർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കുക മാത്രമാണ് പരിഹാരം. സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന പാർട്ടികൾ പോലും വർഗീയതയോട് സന്ധി ചെയ്തവരും വോട്ട് സമാഹരണത്തിൽ ഈ സാധ്യത ഉപയോഗിച്ചവരുമാണ്. ഭൂരിപക്ഷത്തിന്റെ കളിയിൽ അവർക്ക് മറ്റൊന്നും ചെയ്യാനില്ല. ഫ്രാൻസിലെ പ്രജ്ഞാ സിംഗ് ഠാക്കൂർ എന്ന് വിശേഷിപ്പിക്കാവുന്ന മാരിനെ ലീപെന്നിനെ തോൽപ്പിക്കാൻ ഇമ്മാനുവേൽ മാക്രോൺ മൃദു മാരിനെ ആകുകയാണല്ലോ ചെയ്തത്. തിരഞ്ഞെടുപ്പിലെ വർഗീയ പ്രയോഗം മനസ്സിലാക്കാൻ എന്തിന് പാരീസിൽ പോകണം. വടകര വരെ മാത്രം പോയാൽ പോരേ. ദൈവമേ ഈ നാടിനെ നിന്നിൽ ഭരമേൽപ്പിക്കുന്നു…

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest