Connect with us

Kerala

ആശുപത്രി മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് 1,810 നിയമലംഘനങ്ങള്‍

34,235 തൊഴിലാളികളില്‍ 628 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ല. 1,182 മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് ആശുപത്രി മേഖലയില്‍ തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ 1,810 നിയമലംഘനങ്ങള്‍ കണ്ടെത്തി. ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

110 ആശുപത്രികളിലാണ് പരിശോധന നടത്തിയത്. നാല് ദിവസമായി നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 34,235 തൊഴിലാളികളില്‍ 628 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് വ്യക്തമായി. 1,182 മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്‌മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ് നിയമം എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിയമലംഘനങ്ങള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.