Connect with us

Kerala

മലബാര്‍ ഗ്രൂപ്പിനെതിരെ അപവാദ പ്രചാരണം; പ്രതികള്‍ക്കെതിരെ ബോംബെ ഹൈക്കോടതി വിധി

മലബാര്‍ ഗ്രൂപ്പിന്റെ സല്‍പ്പേരിനെയും ചാരിറ്റി പ്രവര്‍ത്തനങ്ങളെയും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് എതിര്‍ കക്ഷികളുടെ ഇടപെടലുകളെന്ന് ജഡ്ജി.

Published

|

Last Updated

കോഴിക്കോട് | മലബാര്‍ ഗ്രൂപ്പിന്റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
നിര്‍ധനരായ 77,000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നല്‍കിയ സ്‌കോളര്‍ഷിപ്പിനെ അപകീര്‍ത്തിപ്പെടുത്തുകയും വിദ്വേഷം ജനിപ്പിക്കുന്ന വിധത്തില്‍ സാമൂഹിക മാധ്യമത്തില്‍ പ്രചാരണം നടത്തുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ വിധിയുമായി ബോംബെ ഹൈക്കോടതി. പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനവും വിദ്യാഭ്യാസ രംഗത്തെ അവരുടെ ഉന്നമനവും ലക്ഷ്യമിട്ട് മലബാര്‍ ഗ്രൂപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനെ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് ബോംബെ ഹൈക്കോടതി താക്കീത് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്ന മുഴുവന്‍ പോസ്റ്റുകളും ചിത്രങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി എതിര്‍ കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പ് വരുത്താന്‍ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയാ കമ്പനികളോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലുടനീളം 77,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സകോളര്‍ഷിപ്പ് നല്‍കുകയും സ്ത്രീശാക്തീകരണം ഉള്‍പ്പെടെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 246 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തിട്ടും കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ പഠന സകോളര്‍ഷിപ്പ് നല്‍കിയ ചടങ്ങിന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ രീതിയില്‍ പ്രചാരണം നടത്തിയ വര്‍ക്കെതിരെയാണ് കോടതി വിധി. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ സല്‍പ്പേരിനെയും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെയും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് എതിര്‍ കക്ഷികളുടെ ഇടപെടലുകളെന്ന് കേസില്‍ വിധി പറഞ്ഞ സിവില്‍ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ നന്മയ്ക്കായി മലബാര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിധി പ്രസ്താവത്തില്‍ ജഡ്ജി എടുത്തു പറയുന്നുണ്ട്. അഡ്വ. കാള്‍ ടാംബോലിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് കേസില്‍ മലബാര്‍ ഗ്രൂപ്പിന് വേണ്ടി ഹാജരായത്.

സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും വിദ്വേഷ പ്രചാരണത്തിനായി ദുരുപയോഗം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള ശക്തമായ വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുമായി ഗ്രൂപ്പ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.