Connect with us

National

കെജ്‌രിവാളിന്റെ ജാമ്യം: സ്വാഗതം ചെയ്ത് ഇന്ത്യ സഖ്യ നേതാക്കള്‍; തിരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമുള്ളതെന്ന് ബി ജെ പി

മോദിക്ക് ആത്മപരിശോധന നടത്താനുള്ള അവസരമാണിതെന്ന് കോണ്‍ഗ്രസ്സ്. തിരഞ്ഞെടുപ്പില്‍ സഹായകമാകുമെന്ന് മമത.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് വിവിധ രാഷ്ട്രീയ കക്ഷികളും നേതാക്കളും. സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ് പറഞ്ഞു. മോദിക്ക് ആത്മപരിശോധന നടത്താനുള്ള അവസരമാണിതെന്നും പാര്‍ട്ടി വ്യക്തമാക്കി.

ബി ജെ പിയുടെ തരംതാണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. തിരഞ്ഞെടുപ്പില്‍ സഹായകമാകുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

എന്നാല്‍, കെജ്രിവാളിന് ജയിലിലേക്ക് തന്നെ മടങ്ങണമെന്നും ജാമ്യം തിരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണെന്നുമായിരുന്നു ബി ജെ പിയുടെ പ്രതികരണം.

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ലെന്നും പിണറായി പറഞ്ഞു.

കെജ്രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് സി പി എം കേരള സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. ഇ ഡിയുടെ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.