Connect with us

From the print

പോളിംഗ് ശതമാനം വെച്ച് പ്രവചനം അപ്രസക്തം

കുറഞ്ഞ വോട്ടിംഗിൽ പലപ്പോഴും ഒപ്പത്തിനൊപ്പം. വലിയ അട്ടിമറിയും നടന്നിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തെ 45 വർഷ ചരിത്രം പരിശോധിക്കുമ്പോൾ പോളിംഗ് ശതമാനം ഇത്തവണത്തേതിന് സമാനമായി രേഖപ്പെടുത്തിയത് 1996, 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലാണ്. എന്നാൽ, ഈ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാർ ഏത് മുന്നണിക്കൊപ്പം നിന്നുവെന്ന് കൃത്യമായ പൊതുവിലയിരുത്തൽ സാധ്യമാകില്ല. പോളിംഗ് ശതമാനം കുറഞ്ഞപ്പോൾ എൽ ഡി എഫും യു ഡി എഫും സീറ്റുകൾ ഏതാണ്ട് തുല്യമായി പങ്കിടുന്നതാണ് പൊതുവെ കണ്ടതെങ്കിലും അട്ടിമറിയും സംഭവിച്ചിട്ടുണ്ട്.

71.11 ശതമാനം പോളിംഗ് നടന്ന 1996ൽ യു ഡി എഫും എൽ ഡി എഫും പത്ത് വീതം സീറ്റുകൾ നേടി. 70.66 ശതമാനം വോട്ടുകൾ നേടിയ 1998ൽ യു ഡി എഫിന് 11, എൽ ഡി എഫിന് ഒമ്പത് എന്നതായിരുന്നു സീറ്റുനില.

1999ൽ 70.19 ശതമാനമായപ്പോൾ യു ഡി എഫ് 11, എൽ ഡി എഫ് ഒമ്പത് എന്ന നില തന്നെ തുടർന്നു. 71.45 ശതമാനം പോളിംഗ് നടന്ന 2004ൽ ചിത്രം മാറി. എൽ ഡി എഫ് 18, യു ഡി എഫ് ഒന്ന്, എൻ ഡി എ ഒന്ന് എന്ന രീതിയിലായിരുന്നു മുന്നണികളുടെ പ്രകടനം.

സമീപ കാലത്ത് ഏറ്റവും കുറവ് പോളിംഗ് ശതമാനം 1980ലായിരുന്നു- 62.16. അന്ന് എൽ ഡി എഫ് 12, യു ഡി എഫ് എട്ട് സീറ്റുകൾ നേടി. 1984 (77 ശതമാനം), 1989 (79 ശതമാനം) വർഷങ്ങളിൽ യു ഡി എഫ് 17, എൽ ഡി എഫ് മൂന്ന് എന്നായിരുന്നു കക്ഷിനില. 2009ൽ 73.37 ശതമാനമായപ്പോൾ യു ഡി എഫ് 16, എൽ ഡി എഫ് നാല് സീറ്റുകൾ ജയിച്ചു. 1991ൽ (73.32 ശതമാനം) യു ഡി എഫ് 16, എൽ ഡി എഫ് നാല് എന്നതായിരുന്നു ജനവിധി.

ഇപ്പോഴത്തേതിന് ഏതാണ്ട് അടുത്ത് പോളിംഗ് നടന്ന 2014ൽ (73.94) യു ഡി എഫ് 12, എൽ ഡി എഫ് എട്ട് എന്ന നിലയിൽ സീറ്റുകൾ പങ്കിട്ടു. എന്നാൽ, പോളിംഗ് ശതമാനം വലിയ തോതിൽ ഉയർന്ന (77.84 ശതമാനം) 2019ൽ യു ഡി എഫ് 19 സീറ്റുകൾ നേടി. ഈ കണക്കുകൾ ആധാരമാക്കി ഇത്തവണത്തെ പോളിംഗ് കണക്കുകൾ പരിശോധിച്ചാൽ ഏതെങ്കിലും മുന്നണിക്ക് വലിയ മേൽക്കൈ ഉണ്ടാകുമെന്ന് പറയുക പ്രയാസമാണ്.

Latest