Connect with us

From the print

മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി കണ്ണൂരിലെ പോളിംഗ് ശതമാനം

ജയമുറപ്പാണെന്ന് എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്കയിലാണ് നേതാക്കൾ

Published

|

Last Updated

കണ്ണൂർ | ശക്തമായ പോരാട്ടം നടന്ന കണ്ണൂരിലെ പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടൂന്നു. കേരളത്തിൽ യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും വീറും വാശിയുമേറിയ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ. ജയമുറപ്പാണെന്ന് എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികൾ ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്കയിലാണ് നേതാക്കൾ. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 2019 നേക്കാൾ പോളിംഗ് കുറവായിരുന്നു. യു ഡി എഫ് നിയോജക മണ്ഡലങ്ങളിൽ പോളിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നു.

2019ൽ കെ സുധാകരൻ – പി കെ ശ്രീമതി പോരാട്ടം നടന്നപ്പോൾ ഇവിടെ പോളിംഗ് 83.21 ശതമാനമായിരുന്നു. എന്നാൽ, ഇത്തവണ 77.21 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കെള്ളുന്നതാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. കണ്ണൂർ, അഴീക്കോട്, മട്ടന്നൂർ, ഇരിക്കൂർ, പേരാവൂർ, ധർമടം, തളിപ്പറമ്പ് എന്നിവയാണ് മണ്ഡലങ്ങൾ. ഇതിൽ പേരാവൂരും ഇരിക്കൂറും യു ഡി എഫ് മണ്ഡലങ്ങളാണ്.

തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ മണ്ഡലങ്ങൾ എൽ ഡി എഫിന്റെ ഉറച്ച കോട്ടകളാണ്. കണ്ണൂരും അഴീക്കോടും നിലവിൽ എൽ ഡി എഫാണ് ജയിച്ചതെങ്കിലും ഇരു മുന്നണികളെയും മാറി മാറി വിജയിപ്പിച്ച ചരിത്രമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ എന്നും യു ഡി എഫ് പക്ഷത്ത് നിലയുറപ്പിച്ച മണ്ഡലം കൂടിയാണിത്. ഇത്തവണ തിരഞ്ഞെടുപ്പിൽ യു ഡി എഫ് പ്രതിനിധീകരിക്കുന്ന ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടുണ്ട്. 72. 50 ശതമാനം. കഴിഞ്ഞ തവണ ഇരിക്കൂറിൽ 80.98 ശതമാനമായിരുന്നു പോളിംഗ്.

പേരാവൂർ 2019 ൽ 81 ശതമാനമായിരുന്നത് ഇത്തവണ 74.54 ആയി. കണ്ണൂർ മണ്ഡലത്തിൽ 2019 ൽ 79 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 73. 99 ശതമാനമായി. അഴീക്കോട് 2019ൽ 81 ശതമാനമായിരുന്നത് ഇത്തവണ 74. 84 ശതമാനമായി കുറഞ്ഞു.

കെ സുധാകരന് ഇരിക്കൂറിൽ 2019ൽ 37,320 വോട്ടിന്റെയും പേരാവൂരിൽ 23,965 വോട്ടിന്റെയും കണ്ണൂരിൽ 37,423 വോട്ടിന്റെയും അഴീക്കോട് 21,857 വോട്ടിന്റെയും ലീഡുണ്ടായിരുന്നു. എൽ ഡി എഫ് മണ്ഡലങ്ങളായ മട്ടന്നൂരും ധർമടത്തും തളിപ്പറമ്പിലും പോളിംഗ് കൂടിയത് യു ഡി എഫിനെ ആശങ്കയിലാക്കുന്നുണ്ട്.
പൊതുവെ ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പോളിംഗ് വർധിപ്പിച്ചത് തങ്ങൾക്ക് അനുകൂലമാണെന്നാണ് യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും വിലയിരുത്തൽ. ഇത് ആർക്കനുകൂലമാകുമെന്നാണ് ആശങ്ക.

തീരദേശ ബൂത്തുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് തങ്ങൾക്കനുകൂലമാണെന്നും കണ്ണൂരും അഴീക്കോടും തുണക്കുമെന്നും യു ഡി എഫ് ക്യാന്പ് പറയുന്നു. മട്ടന്നൂരും തളിപ്പറമ്പും മികച്ചു നിന്നതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ധർമടവും ഇടത് ശക്തികേന്ദ്രമാണ്.

ബി ജെ പിക്ക് ജയ പ്രതീക്ഷയൊന്നുമില്ലെങ്കിലും സ്വന്തം വോട്ടുകൾ മുഴുവനായും അവർക്ക് ലഭിച്ചോയെന്നാണ് ഇടത്, വലത് മുന്നണികൾ കണക്ക് കൂട്ടുന്നത്. അടുത്തിടെ പാർട്ടിയിൽ ചേർന്നയാളാണ് സ്ഥാനാർഥിയെന്നത് കൊണ്ട് തന്നെ ഒരു വിഭാഗത്തിന്റെ വോട്ട് മറിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

---- facebook comment plugin here -----

Latest