Connect with us

International

ഗസ്സയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രക്ഷപ്പെടുത്തിയ കുഞ്ഞ് മരിച്ചു

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതു മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 14,000 ആണ്.

Published

|

Last Updated

റഫ | ഗസ്സയിലെ റഫയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തെടുത്ത നവജാതശിശു ഇന്‍കുബേറ്ററില്‍ മരിച്ചു.  സബ്രീന്‍ അല്‍ റൂഹ് ജൗദ എന്ന പെണ്‍കുഞ്ഞ്‌ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഗസ്സയിലെ ആശുപത്രിയില്‍വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സബ്രീനെ ജീവിതത്തിലെക്ക് തിരികെ കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും മെഡിക്കല്‍ വിഭാഗം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സബ്രീന്റെ അമ്മാവന്‍ റാമി അല്‍ ഷൈഖ് ജൗദ വ്യക്തമാക്കി. റഫയിലെ എമിറാത്തി ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന കുട്ടിയുടെ മരണം ആശുപത്രിയിലെ എമര്‍ജന്‍സി നിയോനേറ്റര്‍ വിഭാഗം മേധാവി ഡോ മുഹമ്മദ് സലാമാണ് സ്ഥിരീകരിച്ചത്.

പെണ്‍കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായകാര്യമാണെന്ന് ഡോ സലാമ പ്രതികരിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് സബ്രീന്റെ കുടുംബത്തിനു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടിയുടെ മാതാപിതാക്കളും നാല് വയസുള്ള സഹോദരിയും മരണപ്പെട്ടു.തുടര്‍ന്ന് 8മാസം ഗര്‍ഭിണിയായ കുട്ടിയുടെ അമ്മയെ  സിസേറിയന്‍ നടത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

1.4 കിലോഗ്രാം മാത്രം ഭാരമുള്ള കുഞ്ഞ് മാസം തികയാതെ ജനിച്ചതിനാല്‍ കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. തുടര്‍ന്നാണ് നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഇന്‍കുബേറ്ററിലേക്ക് കുട്ടിയെ മാറ്റിയത്. കുട്ടിയുടെ രോഗ പ്രതിരോധ ശേഷി വളരെ ദുര്‍ബലമായിരുന്നെന്നും ശ്വസനവ്യവസ്ഥ പക്വമല്ലായിരുന്നു . ഇതാണ്  മരണത്തിന് ഇടയാക്കിയതെന്ന് ഡോ സലാമ വ്യക്തമാക്കി.

കുട്ടിയുടെ അമ്മ മരണത്തിന് കീഴടങ്ങിയപ്പോഴും കുഞ്ഞിന്റെ ജനനം ഞങ്ങള്‍ക്ക് നേരിയ ആശ്വാസം നല്‍കിയിരുന്നു.എന്നാല്‍ ഒടുവില്‍ കുഞ്ഞും മരണത്തിന് കീഴടങ്ങിയത് ഏറെ വേദനാജനകമായി മാറി. കുട്ടിയുടെ മരണത്തോടെ തന്റെ സഹോദരന്റെ കുടുംബം ഒന്നാകെ ഈ ലോകത്തു നിന്നും ഇല്ലാതായി. വികാരഭരിതനായി കുട്ടിയുടെ അമ്മാവന്‍ റാഅല്‍ ഷൈഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയും ഹമാസിനെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും മാത്രമാണ് ലക്ഷ്യംവെച്ചതെന്നും ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അപ്രതീക്ഷീതമായി ഇരയാക്കപ്പെടുകയായിരുന്നെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതു മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 14,000 ആണ്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ ഉണ്ടായിട്ടും റഫയ്ക്ക് നേരെയുള്ള ആക്രമണവുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് ഇസ്‌റാഈലിന്റെ ഉദ്ദേശം.

Latest