Connect with us

Uae

നിരോധിത മേഖലയില്‍ അതിക്രമിച്ചു കയറി ചിത്രീകരണം; ഫുജൈറയില്‍ വിദേശ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് രഹസ്യമായി ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്.

Published

|

Last Updated

ഫുജൈറ | നിരോധിത മേഖലകളില്‍ അതിക്രമിച്ചു കയറുകയും ഔദ്യോഗിക അനുമതിയില്ലാതെ ചിത്രീകരണം നടത്തുകയും ചെയ്ത അറബ് വംശജനായ മാധ്യമ പ്രവര്‍ത്തകനെ ഫുജൈറ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് രഹസ്യമായി ഇത്തരം കേന്ദ്രങ്ങളില്‍ പ്രവേശിച്ചതിനാണ് അറസ്റ്റ്.

ചോദ്യം ചെയ്യലില്‍ താന്‍ ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളാണെന്ന് സമ്മതിച്ചെങ്കിലും നിരോധിത സ്ഥലങ്ങളില്‍ പ്രവേശിക്കാനോ ചിത്രീകരിക്കാനോ ഉള്ള യാതൊരുവിധ അനുമതിപത്രവും ഇയാളുടെ കൈയിലുണ്ടായിരുന്നില്ല. വിദേശ മാധ്യമ സ്ഥാപനത്തിന്റെ ദുബൈ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന മറ്റൊരു പത്രപ്രവര്‍ത്തകന്‍ വാടകക്കെടുത്ത വാഹനത്തിലാണ് ഇയാള്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പിടിച്ചെടുത്ത ദൃശ്യങ്ങള്‍ ഔദ്യോഗിക അനുമതിയില്ലാതെ ലണ്ടനിലെ ഒരു വാര്‍ത്താ ഏജന്‍സിക്ക് ഇലക്ട്രോണിക് സംവിധാനം വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിന്റെ ഗള്‍ഫ് റീജ്യണല്‍ ബ്രാഞ്ച് മാനേജറുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അനുമതിയില്ലാതെ നിരോധിത മേഖലകളില്‍ പ്രവേശിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഭൂപടങ്ങള്‍ തയ്യാറാക്കുന്നതും യു എ ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പൊതുസുരക്ഷയും ക്രമവും നിലനിര്‍ത്തുന്നതിനായി സെന്‍സിറ്റീവ് ആയ സ്ഥലങ്ങളില്‍ ചിത്രീകരണം നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.

 

---- facebook comment plugin here -----

Latest