Connect with us

Uae

യു എ ഇയില്‍ രണ്ടാഴ്ചത്തേക്ക് കൂടി വിദൂരപഠനം; രക്ഷിതാക്കള്‍ക്ക് റിമോട്ട് വര്‍ക്ക് സൗകര്യവും

മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ് ഈ തീരുമാനം.

Published

|

Last Updated

ദുബൈ | വസന്തകാല അവധിക്ക് ശേഷം രാജ്യത്തെ സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ടാഴ്ചത്തേക്ക് കൂടി വിദൂരപഠനം തുടരുമെന്ന് യു എ ഇ പ്രഖ്യാപിച്ചു. മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്.

നേരത്തെ ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് ഒമ്പത് മുതല്‍ 22 വരെ വസന്തകാല അവധിയും പ്രഖ്യാപിച്ചു. പുതിയ തീരുമാനപ്രകാരം മാര്‍ച്ച് 23 തിങ്കളാഴ്ച ക്ലാസുകള്‍ വിദൂരപഠന രീതിയിലായിരിക്കും പുനരാരംഭിക്കുക. നഴ്സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, പൊതു-സ്വകാര്യ സ്‌കൂളുകള്‍ എന്നിവക്ക് ഇത് ബാധകമാണ്. ആവശ്യമെങ്കില്‍ നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാം. ഇത് അതത് അതോറിറ്റികള്‍ പരിശോധിച്ച് തീരുമാനമെടുക്കും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും രണ്ടാഴ്ചത്തെ വിദൂരപഠനം ബാധകമായിരിക്കും. എന്നാല്‍, അധ്യാപകരുടെയും ഭരണവിഭാഗം ജീവനക്കാരുടെയും കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സര്‍വകലാശാലകള്‍ക്ക് അധികാരമുണ്ടാകും. സാഹചര്യം ഓരോ ആഴ്ചയും വിലയിരുത്തുമെന്നും ഔദ്യോഗിക ചാനലുകള്‍ വഴി മാറ്റങ്ങള്‍ അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

കുട്ടികളുടെ പരിരക്ഷ മുന്‍നിര്‍ത്തി ഫെഡറല്‍ മന്ത്രാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഫ്‌ളെക്സിബിള്‍ റിമോട്ട് വര്‍ക്ക് സൗകര്യം അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെയും നഴ്സറികളില്‍ പഠിക്കുന്നവരുടെയും മാതാപിതാക്കള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

 

Latest