Cover Story
ചോരക്കളത്തിൽ വിരിഞ്ഞ മംഗല്യപ്പൂക്കൾ
അധിനിവേശത്തിൽ തകർന്ന ജീവിതങ്ങൾക്ക് സന്തോഷവും പ്രത്യാശയും പുതിയ തുടക്കവും നൽകുന്നതിന് യു എ ഇ നേതൃത്വത്തിൽ 2026 ഏപ്രിൽ 24ന് ദേർ അൽ ബലായിൽ 300 ദമ്പതികളുടെ വിവാഹം നടത്തിയത് പ്രതീകാത്മകമായി.
ഇസ്റാഈൽ വംശഹത്യാ പരമ്പര ഫലസ്‌തീനിലെ 20 ലക്ഷത്തിലേറെ ജനങ്ങളിൽ ഭൂരിഭാഗത്തെയും പലായനം ചെയ്യാൻ നിർബന്ധിതമാക്കി. ഭക്ഷ്യ‐കുടിവെള്ള ക്ഷാമവും ആരോഗ്യ സേവനങ്ങളും സഹായങ്ങളും ലഭ്യമാകാത്തതും അവസ്ഥ കൂടുതൽ വഷളാവുന്ന മാനുഷിക പ്രതിസന്ധിയിലേക്ക് നയിച്ചു. ആ ശവപ്പറമ്പ് പുനർനിർമിക്കാൻ 7140 കോടി യു എസ് ഡോളർ ആവശ്യമാണ്. അധിനിവേശത്തിൽ തകർന്ന ജീവിതങ്ങൾക്ക് സന്തോഷവും പ്രത്യാശയും പുതിയ തുടക്കവും നൽകുന്നതിന് യു എ ഇ നേതൃത്വത്തിൽ 2026 ഏപ്രിൽ 24ന് ദേർ അൽ ബലായിൽ 300 ദമ്പതികളുടെ വിവാഹം നടത്തിയത് പ്രതീകാത്മകമായി. യുദ്ധവും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന കുടുംബങ്ങൾ ഐക്യവും പാരമ്പര്യവും ആഘോഷിച്ച സന്തോഷത്തിന്റെ അപൂർവ നിമിഷം സമ്മാനിച്ചു.
യു എ ഇ പ്രസിഡന്റ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ചാരിറ്റിയായ ഖലീഫ ഫൗണ്ടേഷനാണ് ഗസ്സ റിജോയ്‌സ് എന്ന് പേരിട്ട ചടങ്ങ് സ്പോൺസർ ചെയ്തത്. 2023 നവംബർ അഞ്ചിന് യു എ ഇ ആരംഭിച്ച പ്രധാന മാനുഷിക പ്രവർത്തനമായ ഗാലന്റ് നൈറ്റ് 3ന്റെ ഭാഗമായി 200 കിടക്കകളുള്ള ഫീൽഡ് ആശുപത്രി, ലക്ഷം ടണ്ണിലധികം ഭക്ഷണം, വസ്‌ത്രങ്ങൾ തുടങ്ങിയവ എത്തിച്ചിരുന്നു.
അൽ – അഖ്‌സ ആശുപത്രിക്ക് സമീപം ദെയ്ർ അൽ ബലാഹിൽ നടന്ന വിവാഹങ്ങളിൽ ഗസ്സയിൽ സ്ഥിരമായി താമസിക്കുന്നവരും വിവാഹനിശ്ചയം കഴിഞ്ഞവർക്കുമാണ് അവസരം ലഭിച്ചത്.
ഏപ്രിൽ ആദ്യം അപേക്ഷിച്ച 1991 പേരിൽ നിന്ന് 300 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. താബ്സ് എന്ന് അറിയപ്പെടുന്ന പിങ്ക്, നീല, മഞ്ഞ നിറങ്ങളിലുള്ള ടാറ്റീസ് എംബ്രോയ്ഡറി ചെയ്‌ത പരമ്പരാഗത ഫലസ്തീൻ ഗൗണുകൾ ഉടുത്താണ് മണവാട്ടികളും കെഫിയ ധരിച്ചാണ് വരന്മാരും പങ്കെടുത്തത്. സാംസ്കാരിക പ്രകടനങ്ങളും ലെവന്റിലെ വിവാഹങ്ങൾ പോലുള്ള അവസരങ്ങളിൽ സാധാരണമായ പരമ്പരാഗത ഡാബ്കെ നൃത്തങ്ങളും അവതരിപ്പിച്ചും ഡ്രം വായിച്ചും കൈകോർത്തു നടന്നു. ഗസ്സയിൽ സമീപ വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ വിവാഹ പരിപാടികളിൽ ഒന്നിന് സാക്ഷ്യം വഹിക്കാൻ കാൽ ലക്ഷത്തിനടുത്ത് ആളുകൾ ഒത്തുകൂടി.
ഔപചാരിക വിവാഹ ചടങ്ങിന് മുമ്പ് വരന്മാർ അലങ്കരിച്ച വാഹനങ്ങളിൽ അവിടം ചുറ്റി. ദമ്പതികളുടെ ഘോഷയാത്രയോടെയാണ് ആരംഭം. തുടർന്ന് സമ്മാനങ്ങൾ സമർപ്പിക്കൽ, ഖുർആൻ പാരായണം, ഫലസ്തീൻ‐ എമിറാത്തി ദേശീയ ഗാനാലാപനം തുടങ്ങിയവ ഉണ്ടായി. ഗസ്സയുടെ ഭൂരിഭാഗവും നാശവും ക്ഷാമവും അനിശ്ചിതത്വവും നേരിടുന്ന സമയത്ത് കൂടിച്ചേരൽ സാധാരണ ജീവിതത്തിന് ചെറിയ സാന്ത്വനം നൽകി. മുറിവേൽക്കപ്പെട്ട സമൂഹങ്ങളെ പിന്തുണക്കുന്നതിനും സാമൂഹിക സ്ഥിരത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിശാല മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് പരിപാടിയെന്നാണ് ചുമതല വഹിച്ച ഉന്നതോദ്യോഗസ്ഥർ പറഞ്ഞത്. കൂട്ട വിവാഹച്ചടങ്ങ് മധ്യ ഗസ്സയിൽ ഉത്സവാന്തരീക്ഷം തീർക്കുന്നതായി. കഠിന സാഹചര്യങ്ങൾക്കിടയിലും നവദമ്പതികളും കുടുംബങ്ങളും തദ്ദേശീയ സമൂഹവും ആഹ്ലാദപ്പൂക്കളർപ്പിച്ചു. ശക്തമായ മഴയുടെ കൊടിയ തണുപ്പിലും ആരും മടിച്ചുനിന്നില്ല.
അന്ധരായ ഹംസയും അസ്മയും
കൈകാലുകൾ നഷ്ടപ്പെട്ടവർ ക്രച്ചസിലോ വീൽചെയറിലോ ആണ് ചടങ്ങിൽ പങ്കെടുത്തത്. ഏറെക്കാലമായി ഒന്നിച്ചുള്ള ജീവിതം സ്വപ്നം കണ്ട അന്ധരായ ഹംസയും അസ്മയും പ്രതിജ്ഞയെടുത്തത് ഏവരെയും ആഴത്തിൽ സ്‌പർശിച്ചു. വിവാഹത്തിലൂടെ രണ്ട് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നവർ ഭാഗ്യവാന്മാരാണെന്നാണ് എക്‌സിൽ ഹംസ കുറിച്ചത്. സന്തോഷകരമായ ദിനം ഒരുമിച്ചുള്ള ജീവിതത്തിന്റെ തുടക്കം കുറിക്കുന്നുവെന്നായിരുന്നു അസ്മയുടെ വാക്കുകൾ. ഇസ്്റാഈലി മാരകാക്രമണത്തിൽ ഇരു കാലും നഷ്ടപ്പെട്ട ഫയസ് അൽ നമർ തനിക്കും പ്രതിശ്രുത വധുവിനും പ്രത്യേക സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. മാനുഷിക സംരംഭത്തിന്റെ പിന്തുണയോടെ നടന്ന പരിപാടി രണ്ടര വർഷത്തിലേറെ നീണ്ട യുദ്ധത്തിൽ തകർന്ന കുടുംബങ്ങൾക്ക് സഹിഷ്ണുതയുടെ പ്രതീകങ്ങൾ പരിചയപ്പെടുത്തി.
ജീവിതം ആഘോഷിക്കാൻ തിരഞ്ഞെടുക്കുന്നതിനിടയിലും ആഴത്തിലുള്ള നഷ്ടം സഹിക്കുന്നതിനെക്കുറിച്ചും പങ്കെടുത്തവർ സംസാരിച്ചു. സങ്കീർണ ജീവിത സാഹചര്യങ്ങൾ കാരണം വിവാഹച്ചെലവ് താങ്ങാനാകാത്ത യുവജനങ്ങളുടെ ഭാരം ലഘൂകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അറിയിച്ച സംഘാടകർ ദമ്പതികൾക്ക് പുതിയ ജീവിതം ആരംഭിക്കാൻ സാമ്പത്തികമായ താങ്ങും വാഗ്‌ദാനം ചെയ്‌തു. ആക്രമണത്തിൽ മരണമടഞ്ഞവരോ വീട് നഷ്ടപ്പെട്ടവരോ ആയ കുടുംബങ്ങളെയാണ് വിവാഹത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുത്തതെന്നും അവർ പറഞ്ഞു.
സംഘർഷം വരുത്തിവെച്ച സ്ഥാനചലനം, തൊഴിലില്ലായ്മ, സാമ്പത്തിക സമ്മർദം തുടങ്ങിയവ കാരണം പലരും വിവാഹം മാറ്റിവെക്കുകയാണ് പതിവ്. ഗസ്സയിലെ യുവാക്കൾ ഗണ്യമായി കഷ്ടപ്പെടുന്നു, കല്യാണച്ചെലവുകൾ താങ്ങാനാകില്ല. എല്ലാ സാധനങ്ങളും ഫർണിച്ചറും നശിപ്പിക്കപ്പെട്ടു, തന്റെ നിശ്ചയം കഴിഞ്ഞിട്ട് രണ്ട് വർഷമായി, എന്നാൽ കാശിന്റെ ബുദ്ധിമുട്ട് കാരണം ഇതുവരെ ചടങ്ങ് നടത്താൻ സാധിച്ചില്ല. നമ്മൾ ആഘോഷിക്കാൻ അർഹതയുള്ള ജനതയാണ്, പക്ഷേ സംഭവിച്ചതിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കാൻ ആഗ്രഹിക്കാത്തവരും. മിക്കവർക്കും കുടുംബമുണ്ട്, അതിൽ രക്തസാക്ഷിയും തടവുകാരനും പരുക്കേറ്റ ആളുമുണ്ട്.
എന്നാൽ രണ്ടര വർഷത്തെ ജീവിതത്തിന് ശേഷം ആഘോഷിക്കേണ്ടത് കടമയാണെന്നാണ് ഒരു വധു വിശദീകരിച്ചത്. ഇത്രയും ദുരിതത്തിനും സങ്കടത്തിനും ശേഷവും സന്തോഷം കാണാൻ പ്രതീക്ഷിക്കുന്നുവെന്ന അഭിപ്രായ പ്രകടനം പലരുടെയും മാനസികാവസ്ഥ യിൽ പ്രതിഫലിപ്പിച്ചു. ഗസ്സ സന്തോഷം അർഹിക്കുന്നുവെന്ന മുദ്രാവാക്യം ഉൾപ്പെടെ പ്രതീക്ഷയുടെ സന്ദേശങ്ങൾ വേദിയിലെ ബാനറുകളിലുണ്ടായി. അത് അവസരത്തിന്റെ വൈകാരിക പ്രാധാന്യം എടുത്തുകാട്ടി. എല്ലാം കൈമോശംവന്നുവെന്ന് തോന്നിപ്പിച്ച സമൂഹത്തിൽ പ്രതീക്ഷയുടെയും പ്രതിരോധശേഷിയുടെയും ചിഹ്നമായി ചാരിറ്റി സ്പോൺസർ ചെയ്ത പരിപാടി. പ്രതികൂല സാഹചര്യങ്ങളിലും ജീവിതത്തോടും സ്നേഹത്തോടുമുള്ള പ്രതിബദ്ധതയാണ് മനോഹരമായി ചിത്രീകരിക്കപ്പെട്ടത്.
വെല്ലുവിളികൾക്കിടയിലും ജനിച്ച നാടുമായുള്ള ബന്ധം അഭേദ്യമായി തുടരുന്നുവെന്നതിന്റെ ഊർജസ്വലമായ ഓർമപ്പെടുത്തലായി നിലകൊള്ളുകയായിരുന്നു നിസ്സഹായരായ മനുഷ്യർ. കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സഹിഷ്ണുതയും ഐക്യദാർഢ്യവും പ്രതിഫലിപ്പിച്ച ഒത്തുചേരൽ പാരമ്പര്യവും പ്രത്യാശയും വിളക്കിച്ചേർത്ത കൂട്ടായ ശക്തി പ്രദർശിപ്പിച്ചു. തങ്ങളുടെ പൈതൃകത്തോടും മാതൃരാജ്യത്തോടുമുള്ള ആഴത്തിലുള്ള അടുപ്പത്തിന്റെ പ്രതീകവുമായി. ദമ്പതികൾക്ക് പുതിയ തുടക്കങ്ങളുടെ വാഗ്ദാനം മാത്രമല്ല ബുദ്ധിമുട്ടുകൾക്കിടയിൽ നിലനിൽക്കുന്ന സ്നേഹവും ജീവിതവും സമാധാനപരമായ ഭാവിക്കായുള്ള അഭിലാഷത്തെയും പരിപാടി ഉയർത്തിപ്പിടിച്ചു. പരസ്പരമുള്ള പ്രതിബദ്ധതയെയും സാമൂഹികപരതയെയും ബഹുമാനിച്ച് ഫലസ്തീൻ ജനത അവരുടെ അന്തസ്സും സ്വപ്നങ്ങളും ഉറപ്പിച്ചു. തങ്ങളുടെ സ്വത്വം, അഭിലാഷങ്ങൾ, ഭൂമിയോടുള്ള അചഞ്ചലമായ അടുപ്പം എന്നിവ നിലനിർത്തി അഭിവൃദ്ധി പ്രാപിക്കുന്നത് തുടരുമെന്ന് അവർ വീണ്ടും ഉറപ്പിക്കുകയും ചെയ്‌തു.
സ്വപ്‌നങ്ങൾ ചിതറിപ്പോയ ഹാല സേലം ഡാർവിഷ്
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്്റാഈൽ എണ്ണൂറിലധികം പലസ്തീനികളെ കൊന്നിട്ടുണ്ട്, സഹായ ട്രക്കുകളുടെ പ്രവേശനം തടയുക, വീടുകൾ തകർക്കുക തുടങ്ങിയ മറ്റ് വഴികളിലൂടെ ലംഘനം തുടരുന്നു. ചടങ്ങ് നടന്നപ്പോഴും ഗസ്സയിലുടനീളം ആക്രമണങ്ങൾ ആവർത്തിച്ചു. വിവാഹ വേദിയിൽ എത്തേണ്ടിയിരുന്ന ഹാല സേലം ഡാർവിഷ് വെടിയേറ്റ് മരിച്ചത് അതീവ സങ്കടകരമായി. മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്്റാഈലി സ്നൈപ്പറുടെ വെടിയേറ്റ് ഗസ്സയിലെ ദെയ്ർ എൽ-ബലായിലെ അൽ-അഖ്‌സ രക്തസാക്ഷി ആശുപത്രിയിലായിരുന്നു അന്ത്യം. കുടുംബത്തിലെ ഇളയ മകളായ അവൾ മൈലാഞ്ചി തയ്യാറാക്കുകയും ആഘോഷത്തിനുള്ള പരമ്പരാഗത ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നുവെന്ന് പ്രതിശ്രുത വരന്റെ ബന്ധുവും പത്രപ്രവർത്തകനുമായ മുഹമ്മദ് അബു ജബർ പറഞ്ഞു.
13 വയസ്സുള്ള മുഹമ്മദ് സബേർ അൽ-ഷെയ്ഖ് റാമല്ലയിലെ ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്. തലച്ചോറിന്റെ ഒരു ഭാഗത്തിനും ക്ഷതമേറ്റു. ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി നടത്തുന്ന ക്ലിനിക്കിന് സമീപം വീടിനുള്ളിൽ അത്താഴം തയ്യാറാക്കുന്നതിനിടെ ക്യാമ്പിന് കിഴക്ക് നിലയുറപ്പിച്ച അക്രമിയാണ് ഹാലയുടെ സ്വപ്‌നങ്ങൾ തകർത്തത്. മുഹമ്മദാകട്ടെ ഫുട്ബോൾ കളിക്കുകയും. പിതാവ് സാബർ അവനെ പരിപാലിക്കുന്നു. ഇരുവരുടെയും ദുര്യോഗം പലസ്തീൻ പ്രദേശത്തുടനീളം ചെറുപ്പക്കാർ നേരിടുന്ന നിരന്തരവും മാരകവുമായ അക്രമത്തെ എടുത്തുകാണിക്കുന്നതാണ്.
ഗസ്സയിലെ സമൂഹ വിവാഹ ചടങ്ങിന്റെ സന്തോഷത്തിന് മുകളിൽ ആ ദുരന്തം കരിനിഴൽ വീഴ്ത്തി. ഹൃദയഭേദകമായ സംഭവം നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെയും നിഷ്കളങ്ക ജീവിതങ്ങളിൽ പ്രത്യേകിച്ച് യുവാക്കളിൽ അത് ചെലുത്തുന്ന സ്വാധീനത്തിന്റെയും വ്യക്തമായ ഓർമപ്പെടുത്തലായി മാറുകയും ചെയ്‌തു. ഹാലയുടെ കഥ സമൂഹത്തിൽ ആഴത്തിൽ പ്രതിധ്വനിച്ചു. ജീവിതത്തിന്റെ ദുർബലതയും സന്തോഷം നിറഞ്ഞ നിമിഷങ്ങൾക്കിടയിലും വ്യാപകമായ നഷ്ടബോധവും എടുത്തുകാണിക്കുകയുമുണ്ടായി. സമൂഹ വിവാഹത്തിൽ സ്നേഹവും ഐക്യവും ആഘോഷിക്കാൻ കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ പ്രതികൂല സാഹചര്യങ്ങളിൽ സന്തോഷവും ദുഃഖവും എങ്ങനെ ഒരുമിച്ച് നിലനിൽക്കുന്നു എന്നതിന്റെ പ്രതീകമാവുകയായിരുന്നു ആ പതിനെട്ടുകാരി.
ആ ദുഃഖത്തിന്റെയും ഓർമയുടെയും ഭാരം താങ്ങാവുന്നതിനപ്പുറമാണ്. എല്ലാ വ്യക്തികൾക്കും പ്രത്യേകിച്ച് ഏറ്റവും ദുർബലരായവർക്ക് സമാധാനവും സംരക്ഷണവും അടിയന്തരമായി ആവശ്യമാണെന്ന് ആ അകാല വിയോഗം അടിവരയിട്ടു. ഫലസ്തീൻ ജനത സഹിക്കുന്ന കഠിന യാഥാർഥ്യങ്ങളെ അത് പ്രതിഫലിപ്പിക്കുകയും അഗാധ വേദനയും നഷ്ടവും നേരിടുമ്പോഴും ജീവിതം, സ്നേഹം, ഒരുമ എന്നിവ ആഘോഷിക്കാനുള്ള ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഹാലയുടെ സ്മരണയെ ആദരിച്ച് അക്രമത്തിനും അനീതിക്കുമെതിരെ കൂട്ടായി നിൽക്കുന്നതിനും പ്രത്യാശക്കും പ്രതിരോധശേഷിക്കും വേണ്ടിയുള്ള പ്രതിബദ്ധത പുലർത്താനും പ്രദേശവാസികൾ പ്രതിജ്ഞയെടുത്തു.
ആ 54 ദമ്പതികളുടെ വിവാഹം
ദേശീയ ദിനത്തിൽ ഖാൻ യൂനിസിലെ ഹമദ് സിറ്റിയിൽ ഇസ്്റാഈൽ നിലംപരിശാക്കിയ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ 2025 ഡിസംബർ രണ്ടിന് നടന്ന 54 ദമ്പതികളുടെ വിവാഹത്തിന് സമാനമായ യു എ ഇ സംരംഭത്തിന്റെ അനുബന്ധമാണ് ഇപ്പോഴത്തേത്. നാശനഷ്ടങ്ങൾക്കും മരണത്തിനും സംഘർഷത്തിനും ശേഷം പ്രതീക്ഷയുടെ അപൂർവ നിമിഷമായിരുന്നു തകർന്ന കെട്ടിടങ്ങൾക്ക് മുകളിലൂടെ ദമ്പതിമാർ കൈകോർത്ത് നടന്നത്.
പലസ്തീൻ സംസ്കാരത്തിന്റെ പ്രധാന ഭാഗമായ വിവാഹങ്ങൾ യുദ്ധവേളയിൽ ഗസ്സയിൽ അപൂർവമായി മാറി. ദുർബലമായ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ആ പാരമ്പര്യം പുനരാരംഭിക്കാൻ തുടങ്ങിയിരിക്കുന്നു. ഖാൻ യൂനിസിൽ ജനക്കൂട്ടം ഫലസ്തീൻ പതാകകൾ വീശി. അകന്ന ബന്ധുക്കളായ യുവദമ്പതികൾ സമീപ നഗരമായ ദേർ അൽ-ബലാഹിലേക്ക് പലായനം ചെയ്തു, അവിടെ ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വന്നു.
ഫലസ്തീനികളെ സംബന്ധിച്ച് വിവാഹങ്ങൾ പലപ്പോഴും ദിവസങ്ങൾ നീളുന്ന വിപുലമായ ആഘോഷങ്ങളാണ്. പല കുടുംബങ്ങളുടെയും ഭാവി വ്യക്തമാക്കുന്നവ. സാമൂഹികവും സാമ്പത്തികവുമായ പ്രധാന തിരഞ്ഞെടുപ്പായി അതിനെ കണക്കാക്കുന്നു. ഫലസ്തീൻ വിവാഹങ്ങളെക്കുറിച്ച് പഠിച്ച ബർണാർഡ് കോളജിലെ സോഷ്യോളജി പ്രൊഫസർ റാൻഡ സെർഹാൻ ഫലസ്തീൻ പാരമ്പര്യങ്ങൾ പിന്തുടരുന്ന പുതിയ തലമുറയിലെ കുടുംബങ്ങളുടെ ആഘോഷവും പ്രതിരോധശേഷിയുടെ പ്രതീകവുമാകാൻ വിവാഹങ്ങൾക്ക് കഴിയുമെന്ന് നിരീക്ഷിച്ചു. ഓരോ പുതു വിവാഹത്തിലും കുട്ടികൾ ജനിക്കും, അതിനർഥം ഓർമകളും വംശപരമ്പരകളും മരിക്കില്ലെന്നാണ്; ദമ്പതികൾ അസാധ്യമായ സാഹചര്യത്തിൽ ജീവിതം തുടരുമെന്നും വിശദീകരിക്കുകയുണ്ടായി.
.







