Connect with us

Malappuram

രാജ്യത്ത് നടക്കുന്ന അപരവത്കരണ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം: എസ് എസ് എഫ്

Published

|

Last Updated

മലപ്പുറം | രാജ്യത്ത് ചില സമുദായങ്ങളെയും വിഭാഗങ്ങളെയും അപരവത്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ജനാധിപത്യ സമൂഹം ചെറുത്ത് തോല്‍പ്പിക്കണമെന്ന് എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി ഒഡീഷ. എസ് എസ് എഫ് ദേശീയ കമ്മിറ്റിക്കു കീഴില്‍ രണ്ടത്താണി നുസ്‌റത്ത് കാമ്പസില്‍ നടന്ന സീറത്തുന്നബി ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെയും വിദ്വേഷ പ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നത് വര്‍ധിച്ചു വരുന്നുവെന്നത് അത്യന്തം അപകടകരമാണ്. അത് ഇന്ത്യയുടെ അഖണ്ഡതയെയും സമാധാനാന്തരീക്ഷത്തെയുമാണ് തകര്‍ക്കുക. അടുത്തിടെ, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ നടത്തിയ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തെയും ഈ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. ഫെഡറലിസത്തിന്റെയും മതേതരത്വത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ അതിര്‍വരമ്പിന്റെയും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ചു കാണുന്നതും മാറ്റിനിര്‍ത്തുന്നതും അംഗീകരിക്കാവുന്നതല്ല. ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണതെന്നും അദ്ദേഹം പറഞ്ഞു.

സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ വി വി ഹാമിദലി സഖാഫി, സി ആര്‍ കെ മുഹമ്മദ്, ഫിര്‍ദൗസ് സഖാഫി കണ്ണൂര്‍, എം ജുബൈര്‍, പി ജാബിര്‍, എം മുഹമ്മദ് നിയാസ്, ശബീറലി മഞ്ചേരി, റാഫി തിരുവനന്തപുരം പ്രസംഗിച്ചു. ദേശീയ, അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളിലെ പഠിതാക്കളുടേയും പൂര്‍വ വിദ്യാര്‍ഥികളുടേതുമായി 44 അക്കാദമിക് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

 

Latest