Kerala
തിരു. മെഡിക്കല്‍ കോളജില്‍ കൂട്ടിരിപ്പുകാരന് മര്‍ദനം; രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍
സംഭവം വാര്‍ത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വിഷയത്തില്‍ ഇടപെട്ടു

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍. മര്‍ദനമേറ്റ അരുണ്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. അമ്മൂമ്മക്ക് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ ദേവ്. വാര്‍ഡില്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ അരുണിനെ മര്‍ദിച്ചു. മര്‍ദനമേറ്റ അരുണ്‍ ദേവ് പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് അത്യഹിതവിഭാഗത്തില്‍ ചികിത്സക്ക് എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് അരുണിനെ വീണ്ടും മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണിന് സാരമായി പരുക്കേറ്റിട്ടുണ്ട്. അതേ സമയം സംഭവം വാര്‍ത്തയായതിനു പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വിഷയത്തില്‍ ഇടപെട്ടു. കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി