Connect with us

National

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ്; അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി കേരള എംപിമാര്‍

കേസില്‍ പ്രതിയായ ജ്യോതി ശര്‍മ ഒളിവിലാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അടിയന്തപ്രമേയത്തിന് നോട്ടീസ് നല്‍കി കേരള എംപിമാര്‍. ഹൈബി ഈഡന്‍ എം പി, ബെന്നി ബഹനാന്‍ എന്നിവര്‍ നോട്ടീസ് നല്‍കി. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരന്‍ എംപിയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഛത്തീസ്ഗഡില്‍ മിഷനറി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം നിത്യ സംഭവമെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തായി. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശര്‍മ മിഷനറി പ്രവര്‍ത്തകരെ പോലീസിന്റെ മുന്നിലിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നു.

ജ്യോതി ശര്‍മ മലയാളി കന്യാസ്ത്രീകളെ പോലീസിന് മുന്നില്‍ ചോദ്യം ചെയ്യുന്നതും അടിക്കാനോങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജ്യോതി ശര്‍മയുടെ നേതൃത്വത്തിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യിപ്പിച്ചത് എന്ന് കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക ഇന്നലെ പറഞ്ഞിരുന്നു.

കേസില്‍ പ്രതിയായ ജ്യോതി ശര്‍മ ഒളിവിലാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദം കാരണമെന്നും ആരോപണമുണ്ട്. ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് ഇന്ന് ദുര്‍ഗിലെ കോടതിയില്‍ സഭാ നേതൃത്വം അപേക്ഷ നല്‍കും. ശനിയാഴ്ചയാണ് നിര്‍ബന്ധിത മത പരിവര്‍ത്തനം ആരോപിച്ചു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തത്.

അതേസമയം ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകള്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. ഛത്തീസ്ഗഡ് സ്വദേശികളായ യുവതികളെ ജോലിക്കായി കൊണ്ടുപോയതാണെന്നും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും കന്യാസ്ത്രീകള്‍ കോടതിയെ അറിയിക്കും. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആര്‍പിഎഫ് ഇന്നും ചോദ്യം ചെയ്യും. കോടതി റിമാന്‍ഡ് ചെയ്ത കന്യാസ്ത്രീകള്‍ നിലവില്‍ ദുര്‍ഗ് ജില്ലാ ജയിലില്‍ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവര്‍ത്തനവുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. ഛത്തീസ്ഗഡില്‍ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനിടെ കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി മൊഴി മാറ്റിയതായി വിവരമുണ്ട്. മറ്റൊരു കുട്ടി കൂടി മൊഴിമാറ്റിയാല്‍ കന്യാസ്ത്രീകളുടെ മോചനം വൈകും.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.

 

Latest