Connect with us

National

മണിപ്പൂരിലെ ബിഷ്ണുപുരില്‍ ആയുധങ്ങള്‍ പിടിച്ചെടുത്ത് സൈന്യം; തടഞ്ഞുവച്ച് മെയ്തി വനിതാ സംഘം

മെയ്തി വനിതാ വിഭാഗത്തിന്റെ സിവിലിയന്‍ ഗ്രൂപ്പായ മെയ്‌റ പൈബിസ് അംഗങ്ങള്‍ പ്രദേശത്ത് കേന്ദ്രീകരിക്കുകയും ആയുധങ്ങള്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Published

|

Last Updated

ബിഷ്ണുപുര്‍ | മണിപ്പൂരിലെ ബിഷ്ണുപുരില്‍ സൈന്യത്തെ തടഞ്ഞ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരക്കാര്‍. പ്രദേശത്തു നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വന്‍ പ്രക്ഷോഭക സംഘം സൈന്യത്തെ തടഞ്ഞുവച്ചത്.

രണ്ട് വാഹനങ്ങള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കുംബി മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. സൈനികരെ കണ്ട് വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതില്‍ നിന്നാണ് ആയുധങ്ങളും സ്‌ഫോടവസ്തുക്കളും കണ്ടെടുത്തത്.

ഇതിനു പിന്നാലെ മെയ്തി വനിതാ വിഭാഗത്തിന്റെ സിവിലിയന്‍ ഗ്രൂപ്പായ മെയ്‌റ പൈബിസ് അംഗങ്ങള്‍ പ്രദേശത്ത് കേന്ദ്രീകരിക്കുകയും ആയുധങ്ങള്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അവസാനിക്കുന്നതു വരെ ആയുധങ്ങള്‍ പിടിച്ചെടുക്കരുതെന്നും സംഘം ആവശ്യപ്പെട്ടു. റോഡ് ഉപരോധിച്ച നൂറുകണക്കിന് വരുന്ന വനിതാ സംഘം സൈനിക വാഹനത്തെ പോകാനയക്കാതെ തടഞ്ഞുവെക്കുകയായിരുന്നു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ആയുധങ്ങള്‍ പിന്നീട് പോലീസിനു കൈമാറാമെന്ന് സമരക്കാരുമായി ധാരണയിലെത്തുകയും സൈന്യം സ്ഥലത്തു നിന്ന് പിന്‍വാങ്ങുകയും ചെയ്തു. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.