Business
സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ആപ്പിള്‍ ഒന്നാമത്; ഹുവാവേ, സാംസങ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍
100 ദശലക്ഷത്തില്‍ അധികം ഉപയോക്താക്കളാണ് ആപ്പിള്‍ വാച്ചുകള്‍ക്കുള്ളത്.

ന്യൂഡല്‍ഹി| സ്മാര്‍ട്ട് വാച്ചുകള്‍ സ്മാര്‍ട്ട്‌ഫോണുകളെ പോലെ പ്രചാരം നേടിയിരിക്കുകയാണ്. നിരവധി ആളുകള്‍ ഇന്ന് സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നുണ്ട്. സമയം അറിയാന്‍ മാത്രമല്ല ഫിറ്റ്‌സ് ട്രാക്ക് ചെയ്യാനും ഫോണ്‍ നിയന്ത്രിക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്മാര്‍ട്ട് വാച്ചുകള്‍ ഏറെ ഉപകാരപ്രദമാണ്. കൗണ്ടര്‍പോയിന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഒന്നാം സ്ഥാനം ആപ്പിളിനാണ്.
സാംസങ് സ്മാര്‍ട്ട് വാച്ചുകള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയും ആഗോള വിപണി മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 2021ന്റെ രണ്ടാം പാദത്തില്‍ ഹുവാവേ രണ്ടാം സ്ഥാനത്തെത്തി. എങ്കിലും കയറ്റുമതി കുറഞ്ഞ ആദ്യത്തെ അഞ്ച് സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡുകളില്‍ ഒന്നാണിത്. ബ്രാന്‍ഡിന്റെ സ്മാര്‍ട്ട്ഫോണ്‍ ബിസിനസ്സ് കുറയുന്നതായാണ് കാണുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
28 ശതമാനം ആഗോള വിപണി വിഹിതവും സ്ഥിരമായ വളര്‍ച്ചയുമുള്ള ആപ്പിള്‍ വാച്ച് ലോക വിപണിയില്‍ ആധിപത്യം തുടരുകയാണ്. 100 ദശലക്ഷത്തില്‍ അധികം ഉപയോക്താക്കളാണ് ആപ്പിള്‍ വാച്ചുകള്‍ക്കുള്ളത്. യുഎസ് ആണ് ആപ്പിള്‍ വാച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയെന്ന് കൗണ്ടര്‍പോയിന്റിലെ സീനിയര്‍ അനലിസ്റ്റ് വ്യക്തമാക്കി. 43 ശതമാനം കയറ്റുമതിയാണ് സാംസങിന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗാലക്സി വാച്ച് 3, ഗാലക്സി വാച്ച് ആക്റ്റീവ് 2 എന്നിവയുടെ വില്‍പ്പന മെച്ചപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു.