Connect with us

siraj editorial

മുന്‍ സി എ ജിയുടെ ക്ഷമാപണം

നിരപരാധികളെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് വേട്ടയാടാന്‍ സഹായകമായ ഒരു പരാമര്‍ശം അദ്ദേഹത്തില്‍ നിന്നുണ്ടാകരുത്. അഥവാ തന്റെ പരാമര്‍ശങ്ങളില്‍ തെറ്റുവന്നത് അബദ്ധവശാലാണെങ്കില്‍, ഉടനെ തന്നെ അദ്ദേഹം തിരുത്തേണ്ടതുമാണ്. ആരോപണവിധേയര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കാത്തുനില്‍ക്കരുതായിരുന്നു

Published

|

Last Updated

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ സി എ ജി വിനോദ് റായി ക്ഷമാപണം നടത്തേണ്ടി വന്ന സംഭവം ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ തന്നെ വിശ്വാസ്യതക്ക് മങ്ങലേൽപ്പിക്കുന്നതാണ്. പി എ സി (പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) യോഗങ്ങളിലോ ജെ പി സിയുടെ (ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റി) യോഗങ്ങളിലോ 2ജി സ്‌പെക്ട്രം വിഹിതം സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിലോ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പേര് പുറത്തുവിടാതിരിക്കാന്‍ കോണ്‍ഗ്രസ്സ് നേതാവും എം പിയുമായ സഞ്ജയ് നിരുപം തന്നോടാവശ്യപ്പെട്ടെന്ന പരാമര്‍ശത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.
ടൈംസ് നൗ ചാനലിനും ഇന്ത്യന്‍ എക്‌സ്പ്രസ്സിനും നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. സഞ്ജയ് നിരുപമിന്റെ പേര് ഇന്റര്‍വ്യൂവില്‍ പരാമര്‍ശിച്ചത് തെറ്റായിപ്പോയെന്നും ഇക്കാര്യത്തില്‍ സഞ്ജയ് നിരുപമിനും കുടുംബത്തിനുമുണ്ടായ വേദന മനസ്സിലാക്കി നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിനോദ് റായ് പറയുന്നു. സഞ്ജയ് നിരുപം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ക്ഷമാപണത്തിനു സന്നദ്ധമായത്.

2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് 2ജി സ്പെക്ട്രം അഴിമതി കേസ് ഉടലെടുക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2ജി ലൈസന്‍സ് സ്പെക്ട്രം വിതരണം ചെയ്യുക വഴി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സര്‍ക്കാര്‍ പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് 2010 നവംബര്‍ പത്തിന് അന്നത്തെ സി എ ജി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്്ട്രീയ രംഗത്ത് ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഈ റിപ്പോര്‍ട്ടിനെ മുഖ്യആയുധമാക്കി ബി ജെ പിയും പ്രതിപക്ഷ കക്ഷികളും നടത്തിയ വന്‍പ്രചാരണമാണ് കേന്ദ്രത്തിലും ഡൽഹിയുള്‍പ്പെടെയുളള ചില സംസ്ഥാനങ്ങിലും കോണ്‍ഗ്രസ്സിനു ഭരണം നഷ്ടപ്പെടാനും 2014-ല്‍ കേന്ദ്രത്തില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറാനും ഇടവരുത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അമേരിക്കയിലെ വാട്ടര്‍ഗേറ്റ് അഴിമതിക്കു ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് ടൈംമാഗസിന്‍ 2ജി സ്‌പെക്ടര്‍ കേസിനെ വിശേഷിപ്പിച്ചത്.

എന്നാല്‍ നീണ്ട വിചാരണക്ക് ശേഷം കേസില്‍ വിധി പറഞ്ഞ ഡല്‍ഹിയിലെ സി ബി ഐ പ്രത്യേക കോടതി, എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു. മുന്‍ ടെലികോം മന്ത്രിയും ഡി എം കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനി, റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിംഗ് ഡയരക്ടര്‍ ഗൗതം ദോഷി തുടങ്ങിയവരെയാണ് കേസില്‍ സി ബി ഐ പ്രതിചേര്‍ത്തിരുന്നത്.
സാക്ഷിമൊഴികളിലെയും രേഖകളിലെയും പൊരുത്തക്കേടാണ് കോടതി കേസ് തള്ളാന്‍ കാരണം. കുറ്റപത്രം ഊതിപ്പെരുപ്പിച്ചും ഔദ്യോഗിക രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ വ്യാഖ്യാനിക്കാതിരിക്കുകയോ ചില ഭാഗങ്ങള്‍ മാത്രം വായിക്കുകയോ ചെയ്തുമാണ് സി ബി ഐ കുറ്റപത്രം തയാറാക്കിയതെന്നും വിധിപ്രസ്താവത്തില്‍ ജസ്റ്റിസ് ഒ പി സൈനി നിരീക്ഷിക്കുകയുണ്ടായി. ജസ്റ്റിസ് എ കെ ഗാംഗുലിയും ജി എസ് സിംഗ്‌വിയും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്റെ ഇടപെടലിനെ തുടർന്ന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു കേസിലെ സി ബി ഐ അന്വേഷണം.

മന്‍മോഹന്‍ സിംഗിന്റെ പ്രതിഛായ തകര്‍ത്തു യു പി എ സര്‍ക്കാറിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് 2ജി അഴിമതിയാരോപണമെന്ന് നേരത്തേ തന്നെ ആരോപിക്കപ്പെട്ടിരുന്നു. കേസ് കോടതിയില്‍ പരാജയപ്പെട്ടതിനൊപ്പം വിനോദ് റായിക്ക് മോദി സര്‍ക്കാര്‍ കേന്ദ്രമന്ത്രി പദവിക്കു തുല്യമായ ബാങ്കിംഗ് റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ പദവി നല്‍കിയതും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്ഷമാപണവും കൂടിയായതോടെ ഈ ആരോപണം ബലപ്പെട്ടിരിക്കയാണ്. ബി ജെ പിയുടെ രാഷട്രീയ താത്പര്യം സംരക്ഷിക്കാന്‍ വിനോദ്‌റായി വ്യാജ റിപ്പോര്‍ട്ട് തയാറാക്കുകയായിരുന്നുവെന്ന ആരോപണവുമായി ക്ഷമാപണത്തിനു പിന്നാലെ കോണ്‍ഗ്രസ്സ് രംഗത്തു വന്നിട്ടുണ്ട്.2ജി സ്പെക്ട്രം അഴിമതിക്കേസില്‍ അന്വേഷണം നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിംഗ് താമസിയാതെ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്.

കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കുന്നതിനും ഇക്കാര്യത്തില്‍ ആവശ്യമായ നിർദേശങ്ങള്‍ നല്‍കുന്നതിനുമായി ഭരണഘടന 148 മുതല്‍ 151 വരെയുള്ള വകുപ്പുകള്‍ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇംപീച്ച്‌മെന്റ് നടപടിയിലൂടെ മാത്രമേ സ്വയംഭരണവും സ്വതന്ത്രാധികാരങ്ങളുമുള്ള സി എ ജിയെ പുറത്താക്കാന്‍ കഴിയൂ. ഇത്രയും ഉന്നതമായ ഒരു ഭരണഘനാ സ്ഥാപനത്തിന്റെ മേധാവി, പ്രധാനമന്ത്രിയെ സംശയത്തിന്റെ കരിനിഴലിലാക്കുന്ന ഒരു അഴിമതിക്കേസിനെക്കുറിച്ചു മാധ്യമങ്ങളോട് സംസാരിക്കുന്നത് തികച്ചും ശ്രദ്ധാപൂര്‍വവും കരുതലോടെയുമായിരിക്കണം. നിരപരാധികളെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കു വേട്ടയാടാന്‍ സഹായകമായ ഒരു പരാമര്‍ശം അദ്ദേഹത്തില്‍ നിന്നുണ്ടാകരുത്. അഥവാ തന്റെ പരാമര്‍ശങ്ങളില്‍ തെറ്റുവന്നത് അബദ്ധവശാലാണെങ്കില്‍, ഉടനെ തന്നെ അദ്ദേഹം തിരുത്തേണ്ടതുമാണ്.
ആരോപണവിധേയര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കാത്തുനില്‍ക്കരുതായിരുന്നു.

സി എ ജി മാത്രമല്ല, മറ്റ് ഭരണഘടനാ സ്ഥാപനങ്ങളായ തിരഞ്ഞെടുപ്പ് കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ തുടങ്ങിവയും സര്‍ക്കാറിന്റെ ചട്ടുകങ്ങളായി മാറിയെന്ന ആരോപണം ശക്തമാണ്. അവരുടെ ചില നടപടികളാണ് കാരണം. ജനാധിപത്യത്തിന് കനത്ത ആഘാതമാണ് ഈ പ്രവണത.

---- facebook comment plugin here -----

Latest