Connect with us

International

നാസയോട് വിടപറഞ്ഞ് സുനിതാ വില്യംസ്; 27 വർഷത്തെ ഐതിഹാസിക കരിയറിന് സമാപനം

2006-ൽ 'ഡിസ്കവറി' ഷട്ടിലിലാണ് സുനിത തന്റെ ആദ്യ യാത്ര നടത്തിയത്.

Published

|

Last Updated

വാഷിംഗ്ടൺ | 27 വർഷം നീണ്ട ഐതിഹാസിക സേവനത്തിന് ശേഷം ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് നാസയിൽ (NASA) നിന്നും വിരമിച്ചു. കഴിഞ്ഞ മാസം 27-ന് വിരമിക്കൽ പ്രാബല്യത്തിൽ വന്നതായി നാസ ഇന്ന് ഔദ്യോഗികമായി അറിയിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ ബഹിരാകാശത്ത് ചിലവഴിച്ച സുനിത, ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ നാസ സഞ്ചാരിയാണ്. 62 മണിക്കൂറിലധികം നീണ്ട ഒൻപത് സ്പേസ് വാക്കുകളിലൂടെ ഏറ്റവും കൂടുതൽ സ്പേസ് വാക്ക് നടത്തിയ വനിത എന്ന ലോക റെക്കോർഡും അവർ സ്വന്തമാക്കി. ബഹിരാകാശത്ത് വെച്ച് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തി കൂടിയാണിവർ.

2006-ൽ ‘ഡിസ്കവറി’ ഷട്ടിലിലാണ് സുനിത തന്റെ ആദ്യ യാത്ര നടത്തിയത്. പിന്നീട് എക്സ്പെഡിഷൻ 33-ന്റെ കമാൻഡറായി സേവനമനുഷ്ഠിച്ചു. 2024-25 കാലയളവിൽ ബോയിംഗ് സ്റ്റാർലൈനർ, സ്പേസ് എക്സ് ക്രൂ-9 എന്നിവയുടെ ഭാഗമായി നടത്തിയ എക്സ്പെഡിഷൻ 72-ന്റെ കമാൻഡർ എന്ന ദൗത്യമാണ് സുനിത ഏറ്റവും ഒടുവിൽ പൂർത്തിയാക്കിയത്.

ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, റഷ്യയിലെ പ്രവർത്തനങ്ങൾ, ഭാവിയിലെ ചന്ദ്ര ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എന്നിങ്ങനെ നാസയുടെ നിർണ്ണായകമായ ഗ്രൗണ്ട് ഓപ്പറേഷൻസിലും അവർ വലിയ പങ്ക് വഹിച്ചു. യുഎസ് നേവിയിലെ റിട്ടയേർഡ് ക്യാപ്റ്റനായ ഇവർക്ക് 4,000 മണിക്കൂറിലധികം വിമാനം പറത്തിയ പരിചയമുണ്ട്. മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ വഴികാട്ടിയെന്നും വരുംതലമുറകൾക്ക് വലിയ ആവേശമെന്നും വിശേഷിപ്പിച്ചാണ് നാസ സുനിതാ വില്യംസിന് യാത്രയയപ്പ് നൽകിയത്.

---- facebook comment plugin here -----

Latest