Kerala
പ്രണയനൈരാശ്യം; വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ 18കാരന്‍ അറസ്റ്റില്‍
കല്ലേറില്‍ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്.
കൊച്ചി|നെടുമ്പാശേരിയ്ക്ക് അടുത്ത് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനുനേരെ കല്ലെറിഞ്ഞ 18കാരന്‍ അറസ്റ്റില്‍. മാര്‍ച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് സംഭവമുണ്ടായത്. ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോള്‍ യുവാവ് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്.
പ്രണയബന്ധം തകര്‍ന്നതിന്റെ നിരാശയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാഗത്ത് നിന്ന് പ്രതിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തത്.
കാമുകിയുമായി വേര്‍പിരിഞ്ഞ വിഷമത്തില്‍ യുവാവ് ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിന്‍ വരുന്നത് കണ്ടത്. തുടര്‍ന്ന് മൂന്ന് തവണ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. ഒരെണ്ണമാണ് ട്രെയിനിന് കൊണ്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള കാമറയില്‍ നിന്ന് കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരന്‍ പിടിയിലായത്.



