Kerala
വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപകിന്റെ മരണം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍
കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം എന്നാണ് ഹരജിയിലെ ആവശ്യം
കൊച്ചി | ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന് കേസെടുക്കണമെന്നും മെന്‍ഡ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണം. പ്രതിയായ യുവതിയെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.അഭിഭാഷകനായ എം ജി ശ്രീജിത്ത് മുഖേനയാണ് മെന്‍സ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.
അതേസമയം, വീഡിയോ പകര്‍ത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത സംസ്ഥാനം വിട്ടതായാണ് സൂചന. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇവര്‍ ശ്രമിക്കുന്നുമുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.കഴിഞ്ഞ ദിവസം അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാരും പറഞ്ഞിരുന്നു
ഷിംജിതയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.


