Kerala
ഉറച്ചുനിൽക്കാതെ അൻവർ; നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന്
മത്സരിക്കാന്‍ പണവുമായി സാധാരണക്കാര്‍ തന്നെ വന്നു കാണുന്നു

മലപ്പുറം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പി വി അന്‍വറിന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകളുടെ ആയുസ്സ് മാത്രം. നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യം ആലോചനയിലെന്നാണ് അന്‍വറിന്റെ ഏറ്റവുമൊടുവിലത്തെ പ്രതികരണം. രാവിലത്തെ പ്രതികരണമാണ് ഉച്ചയോടെ തിരുത്തിയത്.
പാര്‍ട്ടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും തന്നെ പിന്തുണക്കുന്നവരില്‍ നിന്ന് മത്സരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ മത്സരിക്കാന്‍ പണവുമായി സാധാരണക്കാര്‍ തന്നെ വന്നു കാണുന്നു. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കൈയില്‍ അതിനുള്ള പണമില്ലെന്നും അതിനാല്‍ മത്സരത്തിനില്ലെന്നുമായിരുന്നു അന്‍വര്‍ രാവിസെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണം. തന്റെ കൈയ്യില്‍ പണമില്ല. ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാല്‍ താന്‍ സാമ്പത്തികമായി തകര്‍ന്നു. യു ഡി എഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യു ഡി എഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.