National
മുൻ ചീഫ് ജസ്റ്റിസിന് നേരെ ചെരിപ്പെറിഞ്ഞ അഭിഭാഷകനെ ചെരിപ്പൂരിയടിച്ച് മറ്റൊരു അഭിഭാഷകൻ
സംഭവം കർക്കർഡൂമ കോടതി വളപ്പിൽ
ന്യൂഡൽഹി | സുപ്രീംകോടതിയിൽ വെച്ച് മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ചെരിപ്പെറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിന് നേരെ സമാനമായ ആക്രമണം. ചൊവ്വാഴ്ച കർക്കർഡൂമ കോടതിയിൽ വെച്ച് ഒരു സംഘം ആളുകൾ രാകേഷിനെ ചെരിപ്പു കൊണ്ട് അടിച്ചു. സംഭവത്തിൻ്റെ വീഡിയോ വൈറലായിട്ടുണ്ടെങ്കിലും അഭിഭാഷകനെ ആക്രമിച്ചതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.
35 ഓ 40 ഓ വയസ്സുള്ള ഒരു യുവ അഭിഭാഷകനാണ് ചെരിപ്പ് ഉപയോഗിച്ച് ആക്രമിച്ചതെന്ന് രാകേഷ് മാധ്യമങ്ങളോട് . അപ്പോൾ തന്നെ തങ്ങൾ അവിടെ നിന്ന് പോയെന്നും മുൻ സി ജെ ഐക്ക് നേരെ ചെരിപ്പെറിഞ്ഞതിനുള്ള ശിക്ഷയാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ചീഫ് ജസ്റ്റിസ് ദളിതനായതുകൊണ്ടാണ് അദ്ദേഹത്തെ ചെരിപ്പ് എറിഞ്ഞതെന്നും അവർ പറഞ്ഞു. അതിന് ശേഷം ഞങ്ങൾ ‘സനാതന’ മുദ്രാവാക്യങ്ങളും വിളിച്ചുവെന്നും രാകേഷ് വ്യക്തമാക്കി.
പോലീസിൽ പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് “ഇതെല്ലാം കുടുംബകാര്യമാണ്” എന്നായിരുന്നു രാകേഷിന്റെ മറുപടി. ഞങ്ങൾ പരാതി നൽകിയിട്ടില്ല. അഭിഭാഷകർക്കെതിരെ പരാതി നൽകിയിട്ട് എന്ത് കാര്യം? അവരെല്ലാം നമ്മുടെ സഹോദരങ്ങളാണ്. ഇത് കുടുംബത്തിലെ ചെറിയൊരു വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബർ 6 ന് മെൻഷനിംഗ് സമയത്താണ് മുൻ ചീഫ് ജസ്റ്റിസിന് നേരെ രാകേഷ് ചെരിപ്പെറിഞ്ഞത്. അന്ന് സി ജെ ഐ ജസ്റ്റിസ് ചന്ദ്രനൊപ്പം ഇരിക്കുകയായിരുന്നു. 71 വയസ്സുള്ള കിഷോറിനെ സംഭവ ശേഷം തടഞ്ഞുവെച്ചെങ്കിലും അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സി ജെ ഐ കോടതിയുടെ രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകിയതിനെ തുടർന്ന് അന്ന് വൈകിട്ട് തന്നെ വിട്ടയക്കുകയായിരുന്നു.




