Connect with us

National

എഐഎഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി; മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചു

ഇവര്‍ ഉടന്‍ തന്നെ  ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തില്‍ ഔദ്യോഗികമായി ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

ചെന്നൈ |  തമിഴ്‌നാട്ടില്‍ പ്രതിപക്ഷ കക്ഷിയായ എഐഎഡിഎം.കെക്കുള്ളില്‍ വീണ്ടും അട്ടിമറി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ സി വി ഷണ്‍മുഖം, എസ്പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിലെ പ്രമുഖരായ മൂന്ന് എഐഎഡിഎംകെ എംഎല്‍എമാര്‍ തിങ്കളാഴ്ച തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകറിനെ നേരിട്ട് കണ്ട് തങ്ങളുടെ രാജി സമര്‍പ്പിച്ചു. ഇവര്‍ക്ക് പിന്നാലെ വിമത ക്യാമ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് എംഎല്‍എമാര്‍ തങ്ങളുടെ മുന്‍ നിലപാടുകള്‍ തിരുത്തി പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി കെ  പളനിസ്വാമിക്ക് വീണ്ടും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങിയെത്തി.

മധുരാന്തകം മണ്ഡലത്തില്‍ നിന്നുള്ള മരഗതം കുമാരവേല്‍, ധാരാപുരത്ത് നിന്നുള്ള പി സത്യഭാമ, പെരുന്തുറൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എസ് ജയകുമാര്‍ എന്നീ എഐഎഡിഎംകെ എംഎല്‍എമാരാണ് ചെന്നൈ സെക്രട്ടേറിയറ്റിലെത്തി സ്പീക്കര്‍ക്ക് രാജി കൈമാറിയത്.

രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ മൂന്ന് എംഎല്‍എമാരും മന്ത്രിയായ ആദവ് അര്‍ജുനയുമായി അദ്ദേഹത്തിന്റെ ചേമ്പറില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി. ഇവര്‍ ഉടന്‍ തന്നെ  ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തില്‍ ഔദ്യോഗികമായി ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ കര്‍ശന വിപ്പ് ലംഘിച്ച് വിജയ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 വിമത എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നവരാണ് രാജി വെച്ച ഈ മൂന്ന് പേരും.

അതേസമയം, വിമത പക്ഷത്തായിരുന്ന അഞ്ച് എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വം അംഗീകരിച്ച് ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങിയെത്തി. ആര്‍ക്കോട്ട് മണ്ഡലത്തില്‍ നിന്നുള്ള എസ്എം സുകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളാണ് വേലുമണി ക്യാമ്പ് വിട്ട് എടപ്പാടിയുടെ പക്ഷത്തേക്ക് തിരിച്ചെത്തിയത്. ഈ അഞ്ച് പേരുടെ മടങ്ങിവരവോടെ തമിഴ്നാട് നിയമസഭയില്‍ എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്ന ഔദ്യോഗിക എഐഎഡിഎംകെ എംഎല്‍എമാരുടെ എണ്ണം 27 ആയി ഉയര്‍ന്നു.

Latest